മലപ്പുറം: പഠിക്കാൻ ഫോൺ ഇല്ലെന്ന സങ്കടം അറിയിച്ച വിദ്യാര്‍ഥിനിക്ക് സഹായവുമായി നടനും എംപിയുമായ സുരേഷ് ഗോപി വീട്ടിലെത്തി. സ്മാർട് ഫോണും പലഹാരവുമായാണ് സുരേഷ് ഗോപി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സാമ്പത്തിക പരാധീനത കാരണം പെൺകുട്ടിയുടെ വീട് നിർമ്മാണം പാതി മുടങ്ങിയ അവസ്ഥയിലായിരുന്നു. വീടുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായവും വാഗ്ദാനം ചെയ്താണ് സുരേഷ് ഗോപി മടങ്ങിയത്.
എസ് എസ് എൽ സി വിദ്യാർഥിനിയാണ് ഓൺലൈൻ പഠന സൌകര്യത്തിന് സ്മാർട് ഫോൺ ഇല്ലെന്ന വിവരം സുരേഷ് ഗോപി എം.പിയെ വിളിച്ച് അറിയിച്ചത്. വിഷമിക്കേണ്ടെന്നും വഴിയുണ്ടാക്കാമെന്നുമായിരുന്നു താരത്തിന്‍റെ മറുപടി. വിദ്യാർഥിനിയുടെ പേരും മറ്റ് വിവരങ്ങളും സുരേഷ് ഗോപി ചോദിച്ച് മനസിലാക്കി. എന്നാൽ ഇത്ര പെട്ടെന്ന് സഹായഹസ്തവുമായി മലയാളത്തിന്‍റെ സൂപ്പർ താരം വീട്ടിലെത്തുമെന്ന് പെൺകുട്ടി കരുതിയില്ല. വീട്ടിലേക്കുള്ള വഴി കുണ്ടും കുഴിയും ചെളിയും നിറഞ്ഞതായിരുന്നു. ഈ വഴിയെ പ്രിയ നടൻ എത്തുമെന്നും പെൺകുട്ടി കരുതിയില്ല.
എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെയും വീട്ടുകാരെയും നാട്ടുകാരെയുമൊക്കെ അമ്പരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപി, ആ ഗ്രാമത്തിലേക്ക് നേരിട്ട് എത്തി. കൊച്ചിയിൽ നിന്നാണ് താരം മലപ്പുറത്തെ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കൊച്ചിയിൽനിന്ന് വാങ്ങിയ പലഹാരങ്ങളും താരം കരുതിയിരുന്നു. അപ്രതീക്ഷിതമായി സുരേഷ് ഗോപി വന്നപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തനിക്ക് ഉണ്ടായതെന്നും പെൺകുട്ടി പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം പെൺകുട്ടിയുടെ വീടു നിർമ്മാണം പാതി മുടങ്ങിയ നിലയിലായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സുരേഷ് ഗോപി, വീട് നിർമ്മാണം പൂർത്തിയാക്കാൻ തന്‍റെ ട്രസ്റ്റ് സഹായിക്കുമെന്ന വാഗ്ദാനവും നൽകിയാണ് മടങ്ങിയത്. ഇതിന്‍റെ വിവരങ്ങൾ വൈകാതെ അറിയിക്കാമെന്നും സുരേഷ് ഗോപി പെൺകുട്ടിയോടും കുടുംബത്തിനോടും പറഞ്ഞു.
പഠനാവശ്യത്തിന് മരത്തിൽ കയറിയ വിദ്യാർത്ഥി വീണ് പരിക്കേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
നെറ്റ് വർക്ക് ലഭിക്കൻ മൊബൈൽ ഫോണുമായി ഉയരമുള്ള മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് കൊമ്പ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് വൺ അലോട്ട്മെന്റ് പരിശോധിക്കാനായാണ് റെയ്ഞ്ചിനായി അനന്തു വീട്ടിനടുത്തുള്ള കൂറ്റൻ മരത്തിന് മുകളിൽ കയറിയത്. അവിടെ നിന്ന് നില തെറ്റി പാറയിലേക്ക് വീഴുകയായിരുന്നു.
ആദ്യം ചികിത്സയ്ക്കായി കൂത്തുപറമ്പ് ആശുപത്രിയിലാണ് വിദ്യാർത്ഥിയെ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ നട്ടെല്ലിന് മൂന്ന് ചെറിയ പൊട്ടലുകൾ ഉള്ളതായാണ് പരിശോധനയിൽ വ്യക്തമായിട്ടുള്ളത്.
അനന്തു ബാബു അടക്കം 72 വിദ്യാർത്ഥികളാണ് കോളനിയിൽ ഉള്ളത്. പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തത് വലിയ വാർത്തയായിരുന്നു. മരത്തിന് മുകളിൽ ഇരുന്നു തന്നെയാണ് അനന്തു പത്താം ക്ലാസ് പഠനവും നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.