മലപ്പുറം: ചങ്ങരംകുളം ടൗണിലെ മാര്‍ക്കോണി എന്ന ഇലക്ട്രോണിക് കടയില്‍ ഒരു റേഡിയോ(Radio) നന്നാക്കാന്‍ എത്തിച്ചു. എന്നാല്‍ റേഡിയോ അഴിച്ചു പണി തുടങ്ങിയപ്പോഴോ ഉള്ളില്‍ 500 രൂപയുടെ നോട്ടുകെട്ട്. നന്നാക്കാന്‍ എത്തിച്ച റേഡിയോയില്‍ നിന്ന് ടെക്നീഷ്യന് ലഭിച്ചത് 15,000 രൂപയാണ്.
റേഡിയോ നന്നാക്കാന്‍ എത്തിച്ച കല്ലുര്‍മ്മ സ്വദേശികളെ റേഡിയോയില്‍ നിന്ന് പണം ലഭിച്ച വിവരം വിളിച്ചറിയിച്ചു. ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ട ഇവരുടെ പിതാവ് ഉപയോഗിച്ചിരുന്ന റേഡിയോ ആയിരുന്നു അത്. പെന്ഷന് പണം റേഡിയോയുടെ ബാറ്ററി ബോക്സിനുള്ളില്‍ സൂക്ഷിച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു.
റേഡിയോ ഉപയോഗശൂന്യമായതോടെയാണ് നന്നാക്കാനായി ടെക്നീഷ്യനെ ഏല്‍പ്പിച്ചത്. ഏതായാലും ടെക്നീഷ്യന്റെ നല്ല മനസുകൊണ്ട് റേഡിയോയിലെ സമ്പാദ്യം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം.
'പേര് രാമന്, സ്ഥലം അയോധ്യ'; സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി അടിച്ച് കേരള പൊലീസ്
സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്കി വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കൊല്ലം ചടയമംഗലത്താണ് സംഭവം. മൂന്നംഗ സംഘം ആയിരുന്നു വാഹനപരിശോധനയ്ക്കിടെ പൊലീസിന്റെ മുന്നില്‍പ്പെട്ടത്. അഞ്ഞൂറ് രൂപ പെറ്റിയടയ്ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
ഇത് തര്‍ക്കത്തിനിടയാക്കി. പെറ്റിയടയ്ക്കാന്‍ അവസാനം യുവാക്കള്‍ തയ്യാറായി. എന്നാല്‍ നല്കിയ വിവരങ്ങളോ അയോധ്യയിലെ ദശരഥപുത്രന് രാമന്റെ മേല്‍വിലാസവും. തങ്ങളെ പറ്റിയ്ക്കുകയാണെന്ന് അറിഞ്ഞിട്ടും പൊലീസും വിട്ടുകൊടുത്തില്ല. പറഞ്ഞ വിവരങ്ങള്‍ വെച്ച് പെറ്റി വാങ്ങി രസീതും നല്കി.
'നിങ്ങള്‍ ഏതെങ്കിലും പേര് പറ, നിന്റെ പേര് തന്നെ വേണമെന്നില്ല' എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മരുപടി. യുവാക്കളിലൊരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
യുവാക്കള്‍ വിലാസം പറയാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞ വിലാസംവെച്ച് പെറ്റിയൊടുക്കുകയായിരുന്നു പൊലീസ്. എന്നാല്‍ എങ്ങനെയും പണം നേടാനുള്ള ശ്രമമാണ് പൊലീസിന്റെ ഈ പ്രവര്‍ത്തിയിലൂടെ വെളിവാകുന്നതെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.