കൊല്ലം: സ്വന്തം നാട്ടിൽ പണികഴിപ്പിച്ച വീട്ടിൽ കുറച്ചുനാൾ താമസിക്കാനായി യാത്ര തിരിക്കുമ്പോൾ അത് തങ്ങളുടെ അന്ത്യയാത്രയാകുമെന്ന് ധനപാലനും ഭാര്യയും കരുതിയിട്ടുണ്ടാകില്ല. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്ത് ഉണ്ടായ വാഹനാപകടത്തിലാണ് കൊല്ലം വെളിയം ആരൂർക്കോണം 'അശ്വതി'യിൽ ധനപാലനും(59), ഭാര്യ ജലജ ധനപാലനും(51) മരിച്ചത്. നാട്ടിലെ എന്ത് ആവശ്യത്തിനും താങ്ങായും തണലായും ഉണ്ടായിരുന്ന ധനപാലൻ വിശാഖപട്ടണം മലയാളി അസോസിയേഷൻ പ്രസിഡന്റു കൂടിയായിരുന്നു.
വർഷങ്ങളായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു കുടുംബസമേതമായി താമസിച്ചുവന്ന ധനപാലൻ, നാട്ടിൽ പണികഴിപ്പിച്ച വീട്ടിൽ കുറച്ചുനാൾ നിൽക്കാനായാണ് കഴിഞ്ഞ ദിവസം വന്നത്. എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന കാർ, മധുരയ്ക്ക് അടുത്തുവെച്ച് നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. കാറിന്‍റെ മുന്നിലും പിന്നിലുമായി ഒരുവശത്ത് ഇരുന്ന ധനപാലനും ഭാര്യയും തൽക്ഷണം മരണപ്പെട്ടു. ഇവരുടെ മക്കളായ പ്ലസ് ടു വിദ്യാർഥിനി അശ്വതിയും പത്താം ക്ലാസ് വിദ്യാർഥി അനുഷും ഡ്രൈവറും അപകടത്തിൽ അത്ഭുതകരമായി രക്ഷപെട്ടു.
കഴിഞ്ഞ പ്രളയകാലത്തും, പിന്നീട് കോവിഡ് മഹാമാരി ആദ്യമായി പടർന്നു പിടിച്ചപ്പോഴും നാടിന് സഹായവുമായി ധനപാലൻ രംഗത്തുവന്നിരുന്നു. ഈപ്രതിസന്ധിഘട്ടങ്ങളിൽ വിശാഖപട്ടണത്തെ മലയാളി സമൂഹത്തിന്‍റെയാകെ സഹായം ജന്മനാടിനായി എത്തിക്കാൻ ധനപാലൻ നേതൃത്വം നൽകിയത് ഒരിക്കലും മറക്കാനാകില്ല. പ്രളയത്തിൽപെട്ട കൊല്ലം, ആലപ്പുഴ ജില്ലകളിലേക്ക് വിശാഖപട്ടണത്തിൽ നിന്നും ഒരു ട്രെയിൻ ബോഗി നിറയെ സാധനങ്ങളാണ് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ എത്തിച്ചത്.
You may also like: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പും ശേഷവും കഴിക്കേണ്ട ഭക്ഷണങ്ങൾ; വിദഗ്ധർ പറയുന്നതിങ്ങനെ
മകളുടെ പരീക്ഷ മാറ്റിവെച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം, ധനപാലനും കുടുംബവും നാട്ടിലേക്ക് തിരിച്ചത്. പുതിയതായി പണികഴിപ്പിച്ച വീട്ടിൽ കുറച്ചുദിവസം താമസിച്ചു മടങ്ങി പോകുകയായിരുന്നു ഉദ്ദേശം. വിശാഖപട്ടണത്തു സ്ഥിരതാമസമാക്കിയ മറ്റു രണ്ടു മലയാളി കുടുംബങ്ങൾക്കൊപ്പം രണ്ടു വാഹനങ്ങളിലായാണ് ഇവർ വന്നത്. ആദ്യ വാഹനത്തിലായിരുന്നു ധനപാലനും കുടുംബവും ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കു മുമ്പായി മധുരയ്ക്ക് സമീപത്തുവെച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. റോഡിന് നടുവിൽ നിർത്തിയിട്ടിരുന്ന ട്രക്ക് വളരെ അടുത്തെത്തുമ്പോഴാണ് ഡ്രൈവർ കണ്ടത്. വാഹനം വെട്ടിത്തിരിച്ചെങ്കിലും ധനപാലനും ഭാര്യയും ഇരുന്നവശം ട്രക്കിൽ ഇടിച്ചിരുന്നു. ഇരുവരും തൽക്ഷണം മരിച്ചു. ആന്ധ്രാ സർക്കാരിന്‍റെ കൂടി ഇടപെടലിനെ തുടർന്ന് വ്യാഴാഴ്ച തന്നെ പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി തന്നെ ഇരുവരുടെയും മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Kollam, Madurai, Malayalee couple died, Road accident, Visakhapattanam