പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ഥിനി മരിച്ചു. ഒന്നാംവര്‍ഷ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്പത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹപാഠികളായ അഭിരാമിയും വിമല്‍ വ്യാസും ചികിത്സയിലാണ്.ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.
കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ അഭിരാമി ജിപ്മര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമല്‍ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അരുണിമയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കാലാപ്പെട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരുണിമയുടെ മരണത്തില്‍ എസ്.എഫ്.ഐ. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് അനുശോചിച്ചു.
അരുണിമയുടെ അച്ഛന്‍ എം.കെ. പ്രേമരാജന്‍ ഫറോക്ക് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജീവനക്കാരനാണ്. സഹോദരന്‍: അവനിഷ് പ്രേം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍.
കണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ
കണ്ണൂർ: തലശ്ശേരിയിലെ പാർക്കിലെ ഒളിക്യാമറ (hidden camera)സംഘം നിരവധിപേരുടെ ദൃശ്യങ്ങൾ പകർത്തിയതായി പോലീസ് കണ്ടെത്തി. കമിതാക്കളുടെ ദൃശ്യങ്ങളാണ് സംഘം പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. പന്ന്യന്നൂരിലെ വിജേഷ് (30), മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് മറ്റുള്ളവർക്ക് കൈമാറിയതെന്നും പോലീസ് കണ്ടെത്തി.
Also Read- 'എന്തും വിളിച്ചുപറയാവുന്ന നാടല്ല കേരളം, വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല'; മുഖ്യമന്ത്രിപാർക്കിന്റെ വിവിധ സ്ഥലങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കിയാണ് സംഘം ഒളിക്യാമറ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനുള്ള ശ്രമം നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവം വിവാദമായതോടെ പൊലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പലയിടങ്ങളിലും കമിതാക്കളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന സംഘങ്ങൾ ജില്ലയിൽ ഉണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ വേണ്ട ജാഗ്രത കൈക്കൊള്ളണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഒളിക്യാമറ സംഘങ്ങളെ പറ്റി കൂടുതൽ വിവരം ലഭിച്ചതോടെ പോലീസ് സൈബർസെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ദൃശ്യങ്ങൾ വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നവരെ കണ്ടു പിടിക്കാനുള്ള ശ്രമവും ഊർജിതമാക്കിയിട്ടുണ്ട്. ഇൻറർനെറ്റ് സൈറ്റുകളിൽ ഇത്തരം ദൃശ്യങ്ങൾ അപ്ലോഡ് ചെയ്യുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
ദൃശ്യങ്ങൾ പകർത്തുന്നതും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനും എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കുന്നു.
തലശ്ശേരിയിൽ കടലിനോടു ചേർന്നുള്ള ഓവർബറീസ് ഫോളി പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതറിഞ്ഞ് പോലീസ് തന്നെയാണ് സ്വമേധയാ കേസെടുത്ത് ആദ്യഘട്ടത്തിൽ അന്വേഷണം ആരംഭിച്ചത്. തുടർന്ന് കമിതാക്കളും പരാതിയുമായി രംഗത്ത് എത്തി. സീവ്യൂ പാര്‍ക്കിലെത്തിയ കമിതാക്കളുടെ ചിത്രങ്ങൾ പകർത്തിയതിനെ സംബന്ധിച്ചാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്.
ഓവർബറീസ് ഫോളിയിലെ ഒഴിഞ്ഞ സ്ഥലങ്ങളുണ്ട്. പുറത്തു നിന്ന് നോക്കിയാൽ ഇവിടെ ഇരിക്കുന്നത് കാണാനാകില്ല. ഇത്തരത്തിൽ കമിതാക്കൾ ഓവർബറീസ് ഫോളിയിൽ എത്തുന്നുണ്ടെന്ന് മനസ്സിലാക്കി ചിലരാണ് മതിലിൽ ദ്വാരങ്ങൾ ഉണ്ടാക്കി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമം നടത്തിയത്.
ഒളിക്യാമറ സംഘങ്ങളെ സംബന്ധിച്ച പരാതി ലഭിച്ച സാഹചര്യത്തിൽ പോലീസ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പിങ്ക് പോലീസിനെ സഹായത്തോടെ ഇത്തരം കേന്ദ്രങ്ങളിൽ ഇടവിട്ട് പരിശോധനകൾ നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ എത്തുന്നവർ ആവശ്യമായ ജാഗ്രത പാലിക്കാത്ത സാഹചര്യത്തിൽ ഒളിക്യാമറ സംഘങ്ങൾക്ക് ഇരയാകാൻ ഉള്ള സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.