കെ.വി ബൈജു
കാസർകോട്: മംഗളൂരുവിലെ ആശുപത്രിയിൽ മലയാളി യുവതി മരണപ്പെടാൻ ഇടയാക്കിയത് ഡോക്ടർമാരുടെ അശ്രദ്ധ കാരണമാണെന്ന് പരാതി. കാസർകോട് ചെറുവത്തൂർ പുതിയകണ്ടം സ്വദേശിനി ഇ. അംബികയാണ്(40) മരണപ്പെട്ടത്. ആശുപത്രിക്കെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ഫെബ്രുവരി 24നാണ് ഗർഭപാത്രം നീക്കം ചെയ്യാനായി അംബികയെ മംഗളൂരുവിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. താക്കോൽ ദ്വാര ശസ്ത്രക്രിയയാണ് ചെയ്തത്. പിന്നീട് ശ്വാസ തടസം ഉണ്ടാകുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തു.
സ്കാനിംഗ് വിധേയമാക്കിയതോടെ വീണ്ടും ശസ്ത്രക്രിയ ആവശ്യമാണെന്നും ഡയാലിസിസ് വേണമെന്നും അറിയിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ ഒന്നരയോടെ യുവതി മരണപ്പെട്ടു.
താക്കോൽ ദ്വാര ശസ്ത്രക്രിയക്കിടെ ചെറു കുടലിനേറ്റ മുറിവിലൂടെ അണുബാധ ഉണ്ടാകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
Also Read- വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ടാംക്ലാസ് വിദ്യാർഥിനി മരിച്ചു
ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ മംഗളൂരു പാണ്ടേശ്വര പോലീസിൽ പരാതി നൽകി. അംബിക ചെറുവത്തൂരിലെ ജ്വല്ലറിയിൽ സെയിൽസ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു. മയിച്ചയിലെ കെ. രവീന്ദ്രനാണ് ഭർത്താവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.