• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലയാളി മാധ്യമപ്രവർത്തക ഹൈദരബാദിൽ വാഹനാപകടത്തിൽ മരിച്ചു

മലയാളി മാധ്യമപ്രവർത്തക ഹൈദരബാദിൽ വാഹനാപകടത്തിൽ മരിച്ചു

ശനിയാഴ്‌ച രാവിലെ ഹൈദരാബാദിന് സമീപം ഹയാത്ത് നഗര്‍ ഭാഗ്യലതയില്‍ ഉണ്ടായ കാറപകടത്തിലാണ് നിവേദിത മരിച്ചത്

  • Share this:
ഹൈദരാബാദ്: ഇടിവി ഭാരത് ചാനലിലെ മാധ്യമപ്രവർത്തക നിവേദിത സൂരജ് (26) വാഹനാപകടത്തിൽ അന്തരിച്ചു. ഇടിവി ഭാരത് കേരള ഡെസ്‌കിലെ കണ്ടന്‍റ് എഡിറ്ററായിരുന്നു നിവേദിത സൂരജ്. ശനിയാഴ്‌ച രാവിലെ ഹൈദരാബാദിന് സമീപം ഹയാത്ത് നഗര്‍ ഭാഗ്യലതയില്‍ ഉണ്ടായ കാറപകടത്തിലാണ് നിവേദിത മരിച്ചത്. രാവിലെ അഞ്ചിന് ഓഫീസിലേക്ക് പോകാനായി താമസ സ്ഥലത്തു നിന്നും റോഡ് മുറിച്ചു കടക്കുമ്പോഴാണ് എല്‍ബി നഗര്‍ ഭാഗത്തു നിന്നും ഹയാത്ത് നഗറിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ നിവേദിതയെയും സഹപ്രവർത്തകയെയും ഇടിച്ചു തെറിപ്പിച്ചത്.

നിവേദിത സൂരജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മഹാരാഷ്‌ട്ര സ്വദേശിനിയും ഇടിവി ഭാരത് ഉത്തര്‍പ്രദേശ് ഡെസ്‌കിലെ കണ്ടന്‍റ് എഡിറ്ററുമായ സോനാലി ചാവേരിയെ ഗുരുതര പരിക്കുകളോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോനാലി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

അപകടം ഉണ്ടായ ഉടൻ കാറിന്‍റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. നിവേദിതയെയും സോനാലിയെയും ഇടിച്ചുതെറിപ്പിച്ച കാർ നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് ഇടിച്ചുകയറി എതിർവശത്തേക്ക് എത്തി. സംഭവസ്ഥലത്തെത്തിയ പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. ഹയാത്ത് നഗര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നിവേദിതയുടെ മൃതദേഹം ജന്മനാടായ തൃശൂരിലേക്ക് കൊണ്ടുപോയി. തൃശൂര്‍ പടിയൂര്‍ വിരുത്തിപ്പറമ്പില്‍ വീട്ടില്‍ സൂരജിന്‍റെയും ബിന്ദുവിന്‍റെയും മകളാണ് നിവേദിത. അനുജൻ ശിവപ്രസാദ് ബിരുദ വിദ്യാര്‍ഥിയാണ്.

2021 മേയിലാണ് നിവേദിത ഇടിവി ഭാരതില്‍ കണ്ടന്‍റ് എഡിറ്ററായി ചേരുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോയിലും ജോലി ചെയ്‌തിരുന്നു. സംസ്‌കാരം ഞായറാഴ്‌ച രാവിലെ ഒൻപതരയോടെ വീട്ടുവളപ്പില്‍ നടക്കും.
Published by:Anuraj GR
First published: