രണ്ട് പേരുടെ മരണത്തിനിടയാക്കിയ മലയാറ്റൂർ പാറമട സ്ഫോടനം; ഉടമ അറസ്റ്റിൽ
രണ്ട് പേരുടെ മരണത്തിനിടയാക്കിയ മലയാറ്റൂർ പാറമട സ്ഫോടനം; ഉടമ അറസ്റ്റിൽ
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2.20 ആണ് മലയാറ്റൂർ ഇല്ലിത്തോടുള്ള പാറമടയിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചത്. പാറമടയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ ആണ് പൊട്ടിത്തെറിച്ചത്
എറണാകുളം: മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് 2 പേർ മരിച്ച സംഭവത്തിൽ പാറമട ഉടമ അറസ്റ്റിൽ. വിജയ പാറമട ഉടമ ബെന്നി പുത്തേൻ ആണ് അറസ്റ്റിൽ ആയത്. പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഒരാഴ്ച്ച നീണ്ടു നിന്ന തിരച്ചിലിനൊടുവിലാണ് ബെന്നിയെ പോലീസ് പിടികൂടിയത്. ബംഗ്ലൂരിൽ നിന്നും ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇന്നലെ പാറമടയുടെ മാനേജർ കാലടി സ്വദേശി രഞ്ജിത്ത് രവിയെയും ജീവനക്കാരനായ മലയാറ്റൂർ സ്വദേശി അജേഷ് ശ്രീധറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പോലീസ് എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു.
പാറമട അപകടം നടന്ന തിങ്കളാഴ്ച തന്നെ ഉടമയായ ബെന്നി മലയാറ്റൂർ നിന്നും കടന്നിരുന്നു. ബാംഗ്ലൂരിലേക്ക് ആണ് പോയതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് ബംഗലൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതും പ്രതിയെ പിടി കൂടിയതും. പാറമട ഉടകളിൽ ഒരാളായ റോബിൻസിനെ കൂടി പിടികൂടാൻ ഉണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2.20 ആണ് മലയാറ്റൂർ ഇല്ലിത്തോടുള്ള പാറമടയിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചത്. പാറമടയോട് ചേർന്നുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ തമിഴ്നാട് സ്വദേശി പെരിയണ്ണൻ, കർണാടക സ്വദേശി നാഗാ ഡി എന്നിവർ മരിച്ചിരുന്നു.
പാറമടയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നെങ്കിലും ഇത് സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് അനുമതി ഉണ്ടായിരുന്നില്ല. മാത്രമല്ല അനുവദനീയമായതിലും കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം ജില്ല കളക്ടർ പ്രഖ്യാപിച്ചിരുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.