നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ; മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വിട്ടയച്ചു

    കോഴിക്കോട് കൊയിലാണ്ടിയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ; മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വിട്ടയച്ചു

    സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് പൊലീസിന്റെ സംശയം

    • Share this:
    കോഴിക്കോട് കൊയിലാണ്ടിയില്‍ ഒരു സംഘം ആളുകള്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച ശേഷം വിട്ടയച്ചു. കൊയിലാണ്ടി മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഇന്നലെ രാത്രി ടൗണില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. അഞ്ച് പേരുടെ നേത്യത്വത്തിലുള്ള സംഘമാണ് തട്ടികൊണ്ട് പോയതിന് പിന്നില്ലെന്ന് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

    സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നാണ് പൊലീസിന്റെ സംശയം. തട്ടിക്കൊണ്ട് പോയ ശേഷം രാവിലെയാണ് മര്‍ദ്ദിച്ച് അവശനാക്കി വീട്ടില്‍ തിരിച്ച് എത്തിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ഹനീഫയെ കോഴിക്കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    സ്വര്‍ണം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സൂചന ലഭിച്ചതിനാല്‍, ഹനീഫ ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിനുള്ള ക്യാരിയറായി പ്രവര്‍ത്തിച്ചിരുന്നോ എന്ന അറിയാന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

    നേരത്തേ കൊയിലാണ്ടി ഊരള്ളൂര്‍ സ്വദേശിയായിരുന്ന അഷ്‌റഫ് എന്നയാളെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് തട്ടിക്കൊണ്ട് പോയിരുന്നു. ഇത് കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് ഹനീഫയെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകുന്നത്. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇത് വരെ മൂന്ന് പേരെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടുള്ളൂ. പ്രധാന പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

    കൊടുവള്ളി സ്വദേശി പൂമുള്ളന്‍കണ്ടിയില്‍ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കല്‍ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയില്‍ സൈഫുദ്ദീന്‍ എന്നിവരെയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊയിലാണ്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കൊടുവള്ളി സംഘമാണ് കൊയിലാണ്ടിയിലെ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

    ജൂലായ് 13-ന് രാവിലെയാണ് കൊയിലാണ്ടിയിലെ വീട്ടില്‍ നിന്ന് അഷ്‌റഫിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ട് പോയത്. അഷ്‌റഫ് മുമ്പും സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ട് കിലോ സ്വര്‍ണം മെയ് മാസത്തില്‍ നാട്ടിലെത്തിയപ്പോള്‍ റിയാദില്‍ നിന്ന് അഷ്‌റഫ് കൊണ്ട് വന്നിരുന്നു. ഈ സ്വര്‍ണം മറിച്ചുവിറ്റ് സ്വര്‍ണക്കടത്തിനിടെ തട്ടിക്കൊണ്ട് പോയെന്ന് അഷ്‌റഫ് പറഞ്ഞെന്നാരോപിച്ചാണ് കൊടുവള്ളി സംഘം ഇയാളെ തട്ടിക്കൊണ്ട് പോകുന്നത്. തട്ടിക്കൊണ്ട് പോയ ശേഷം പിറ്റേന്ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ അഷ്‌റഫിനെ കണ്ടെത്തുകയായിരുന്നു.

    അഷ്‌റഫിനെ ഒരു തടിമില്ലില്‍ ഇറക്കി ദേഹമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയില്‍ മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകലിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഉറപ്പായ സാഹചര്യത്തില്‍ കസ്റ്റംസ് സംഘം പൊലീസില്‍ നിന്ന് വിവരം ശേഖരിച്ചിരുന്നു. ഈ പുതിയ കേസിലും കസ്റ്റംസ് ഇടപെടാനാണ് സാധ്യത.
    Published by:Karthika M
    First published:
    )}