ഹരിപ്പാട്: സ്കൂട്ടറില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ആറ്റില്‍ച്ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ ആളുകളില്‍ നിന്ന് പണംതട്ടിയെന്ന് ആരോപിതനായ പിലാപ്പുഴ മയൂരം വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഹരിപ്പാട് സ്വദേശി സുബ്രഹ്മണ്യ(55)ന്റെ മൃതദേഹമാണ് ആയാപറമ്പ് കടവിനരികെനിന്നു കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ പായിപ്പാടു പാലത്തില്‍ നിന്നാണ് ആറ്റില്‍ ചാടിയതെന്നു പോലീസ് പറഞ്ഞു. സ്കൂട്ടറിലാണ് ഇയാള്‍ പായിപ്പാട്ടെത്തിയത്. ഒരാള്‍ ആറ്റില്‍ച്ചാടിയെന്നറിഞ്ഞാണ് പോലീസ് സ്കൂട്ടര്‍ പരിശോധിച്ചത്. വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പില്‍ ഉണ്ടായിരുന്നു. പോലീസും അഗ്നിരക്ഷാസേനയും ആറ്റില്‍ തിരഞ്ഞെങ്കിലും ബുധനാഴ്ച മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.
പൊതുമേഖലാസ്ഥാപനമായ കൊല്ലം പള്ളിമുക്ക് മീറ്റര്‍ കമ്പനിയില്‍ (യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ജോലി വാഗ്ദാനം ചെയ്ത് സുബ്രഹ്മണ്യന് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. അന്വേഷണം നടക്കവേയാണ് ആത്മഹത്യ ചെയ്ത വാര്‍ത്തയെത്തിയത്.
കമ്പനിയുടെ മുദ്രവെച്ച ലെറ്റര്‍ പാഡുണ്ടാക്കി വ്യാജ നിയമന ഉത്തരവു തയ്യാറാക്കുകയായിരുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ആറുപേരാണ് കമ്പനിയില്‍ വ്യാജ ഉത്തരവുമായെത്തിയത്. തട്ടിപ്പു ശ്രദ്ധയില്‍പ്പെട്ടയുടന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഇരവിപുരം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.ആര്. വിനയകുമാര്‍ പറഞ്ഞു.
ആലപ്പുഴ കൈചൂണ്ടി സ്വദേശിനിയില്‍ നിന്ന് ഓഫീസ് ജോലിക്കായി രണ്ടരലക്ഷം രൂപയും മുഹമ്മ സ്വദേശിയില്‍നിന്ന് പ്യൂണ്‍ ജോലിക്കായി രണ്ടരലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. യുവതിയുടെ ബന്ധുവില്‍നിന്ന് 30,000 രൂപയും മുഹമ്മ സ്വദേശിയില്‍നിന്ന് കാല്‍ലക്ഷവും കൈപ്പറ്റിയിരുന്നെന്നും പരാതിയില്‍ പറയുന്നു.
കായംകുളം താപനിലയത്തിലെ ഉന്നതോദ്യോഗസ്ഥനാണെന്നു പറഞ്ഞ് ആലപ്പുഴ ഗുരുപുരം സ്വദേശികളായ എന്‍ജിനിയറിങ് ബിരുദധാരികളില്‍നിന്ന് 65,000 രൂപവീതം വാങ്ങിയതായും പരാതിയുണ്ട്.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.