നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊതിച്ചോറ് വിതരണത്തിന്റെ പേരിൽ കഞ്ചാവ് കടത്ത് വ്യാജവാർത്ത; അറസ്റ്റിലായ ആൾക്ക് സംഘടനയുമായി ബന്ധമില്ല: ഡിവൈഎഫ്ഐ

  പൊതിച്ചോറ് വിതരണത്തിന്റെ പേരിൽ കഞ്ചാവ് കടത്ത് വ്യാജവാർത്ത; അറസ്റ്റിലായ ആൾക്ക് സംഘടനയുമായി ബന്ധമില്ല: ഡിവൈഎഫ്ഐ

  പൊതിച്ചോറിന്‍റെ വിതരണമെന്ന പേരിൽ കഞ്ചാവ് കടത്തിയെന്ന വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നവർക്കെതിരെ പരാതി നൽകുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു.

  Dyfi

  Dyfi

  • Share this:
   കണ്ണൂർ: പൊതിച്ചോറ് വിതരണത്തിന്‍റെ പേരിൽ കഞ്ചാവ് കടത്തിയെന്ന വാർത്ത വ്യാജമാണെന്ന് ഡിവൈഎഫ്ഐ തലശേരി ബ്ലോക്ക് കമ്മിറ്റി. കഴിഞ്ഞ ദിവസം കണ്ണൂർ ചൊക്ലിയിലെ ഒരു വീട്ടിൽ നിന്നും കഞ്ചാവുമായി പിടിയിലായ അഷ്മിറുമായി ബന്ധപ്പെടുത്തി ഡി വൈ എഫ് ഐ നേതാവ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സത്യ വിരുദ്ധമാണ്. അഷ്മീർ ഡി വൈ എഫ് ഐയുടെ പ്രവർത്തകനോ, സംഘടനയുടെ തെരെഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും ഒരു ഘടകത്തിലോ അംഗമല്ല. കോവിഡ് കാലത്ത് ഡി വൈ എഫ് ഐ നടത്തുന്ന വിവിധങ്ങളായിട്ടുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ മാറ്റ് കുറയ്ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചു വാർത്തകൾ വളച്ചൊടിച്ച് സംഘടനയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എതിരാളികൾ നടത്തുന്നതെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.

   തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഡി വൈ എഫ് ഐ പൊതിച്ചോർ നല്കി വരുന്നുണ്ട്. ന്യൂമാഹി മേഖലാ കമ്മിറ്റി കഴിഞ്ഞ ജനുവരി മാസം 24 ന് ആണ് പൊതിച്ചോർ അവസാനമായി നൽകിയത്. സത്യം ഇങ്ങനെയാണെന്നിരിക്കെ പൊതിച്ചോറിന്‍റെ വിതരണമെന്ന പേരിൽ കഞ്ചാവ് കടത്തിയെന്ന വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നവർക്കെതിരെ ഡി വൈ എഫ് ഐ പരാതി നൽകും. ഇന്നലെ നടന്ന സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെടുന്നതായും ഡി വൈ എഫ് ഐ തലശേരി ബ്ലോക്ക് നേതൃത്വം ആവശ്യപ്പെട്ടു.

   ചൊക്ലിയിൽ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് യുവാവ് പിടിയിലായത്. പെരിങ്ങാടി സ്വദേശി എൻ. കെ. അശ്മീർ (29) ആണ് പിടിയിലായത്. ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലി കാത്തിരത്തിൻ കീഴിൽ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി എക്സൈസ് കണ്ടെത്തി. പരിശോധനയിൽ  7 കിലോ 950ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
    സംസ്ഥാനത്തിനു പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിടക്കാർക്ക് എത്തിച്ചു വിൽപ്പന ചെയ്യുന്നാളാണ് പ്രതി എന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിരീക്ഷണം കർശനമായതിനാൽ വൻ തുകയ്ക്കാണ് മയക്കുമരുന്നുകൾ കച്ചവടം ചെയ്തിരുന്നത്.
   Also read: കണ്ണൂരിൽ പച്ചക്കറി തോട്ടത്തിനിടയിൽ കഞ്ചാവ് കൃഷിചെയ്തയാൾ പിടിയിൽ

   എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും, കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും, എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായിയാണ്  പ്രതിയെ കുടുക്കാൻ വലവിരിച്ചത്.

   അശ്മീറിനെ ചോദ്യം ചെയ്തതിൽ നിന്ന് കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

   പ്രിവൻ്റീവ് ഓഫീസർ കെ. ശശി കുമാർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ് നരിക്കോടൻ,  യു. സ്മിനീഷ്, ഡെപ്യൂട്ടി എക്സൈസ് ഷാഡോ ടീമംഗങ്ങളായ കെ. ബിനീഷ് , സി.കെ. സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

   കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ മദ്യ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു.

   Published by:Anuraj GR
   First published:
   )}