• HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രെയിനിൽ സെബാസ്റ്റ്യൻപോളിനുനേരെ യുവാവിന്‍റെ കൈയ്യേറ്റ ശ്രമം; പൊലീസ് ചോദ്യം ചെയ്തപ്പോൾ കിട്ടിയത് 16 കിലോ കഞ്ചാവ്

ട്രെയിനിൽ സെബാസ്റ്റ്യൻപോളിനുനേരെ യുവാവിന്‍റെ കൈയ്യേറ്റ ശ്രമം; പൊലീസ് ചോദ്യം ചെയ്തപ്പോൾ കിട്ടിയത് 16 കിലോ കഞ്ചാവ്

സെബാസ്റ്റ്യൻ പോളിനെ ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവാവിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്..

sebastian paul

sebastian paul

  • Share this:
    തിരുവനന്തപുരം: എറണാകുളം മുൻ എം.പി സെബാസ്റ്റ്യൻ പോളിനുനേരെ ട്രെയിനിൽ കൈയ്യേറ്റശ്രമം നടത്തിയ യുവാവിൽനിന്ന് പൊലീസ് പിടിച്ചെടുത്തത് 16 കിലോ കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പാച്ചല്ലൂർ സ്വദേശി അഭിരാജിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദിബ്രുഗഢ്-കന്യാകുമാരി വിവേക് എക്സ്പ്രസിലായിരുന്നു സംഭവം. കന്യാകുമാരിയിലേക്ക് വന്ന ട്രെയിനിൽ തിരുവനന്തപുരത്ത് പോകാൻ വേണ്ടിയാണ് എറണാകുളത്തുനിന്ന് സെബാസ്റ്റ്യൻ പോൾ കയറിയത്. എന്നാൽ എ.സി കോച്ചിൽ സമീപത്തിരുന്ന യുവാവ് അസ്വാഭാവികമായി പെരുമാറുകയായിരുന്നു. ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സെബാസ്റ്റ്യൻ പോൾ ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് എത്തി അഭിരാജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് കഞ്ചാവ് കൈവശമുണ്ടെന്ന് ഇയാൾ സമ്മതിച്ചത്.

    വിവേക് എക്സ്പ്രസ് കഴിഞ്ഞ ദിവസം പുലർച്ചെ 2.45ന് എറണാകുളത്ത് എത്തിയപ്പോഴാണ് സെബാസ്റ്റ്യൻ പോൾ എ വൺ കോച്ചിൽ കയറിയത്. കയറിയതുമുതൽ യുവാവ് അസ്വാഭാവികമായി പെരുമാറുകയായിരുന്നു. തുറിച്ചുനോക്കുകയും, ഇടിക്കുമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. ഈ സമയം ഇവർ മാത്രമാണ് കോച്ചിൽ ഉണ്ടായിരുന്നത്. മുകളിലെ ബെർത്തിൽ സെബാസ്റ്റ്യൻ പോൾ കിടക്കാൻ തുടങ്ങിയപ്പോൾ കർട്ടൺ വലിച്ചുമാറ്റി ഇടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് സെബാസ്റ്റ്യൻ പോൾ പരാതി നൽകിയത്. ഉടൻ തന്നെ ട്രെയിനിലുണ്ടായിരുന്ന ഡെപ്യൂട്ടി ചീഫ് ടിക്കറ്റിങ് ഇൻസ്പെക്ടർ അനിൽ ജി നായർ എത്തി അഭിരാജിനോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെങ്കിൽ കൈവശമില്ലെന്നായിരുന്നു മറുപടി.

    ചോദ്യങ്ങൾക്ക് പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് റെയിൽവേ പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ചോദ്യം ചെയ്യലിൽ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും കൈവശമുണ്ടെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി മൂന്നു പൊതികളിൽ കഞ്ചാവ് കണ്ടെടുത്തത്. ലഹരി വസ്തുക്കൾ മണത്ത് കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട ജാക്ക് എന്ന നായയാണ് ട്രെയിനിൽ വിവിധ സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന ബാഗുകൾ കണ്ടെത്തിയത്.

    ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിൽനിന്നാണ് അഭിരാജ് കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പൊതി ഒന്നിന് രണ്ടായിരം രൂപ വീതം നൽകിയാൽ രാജമുണ്ട്രിയിൽനിന്ന് കഞ്ചാവ് പൊതിഞ്ഞുനൽകും. നെടുമങ്ങാട്, വലിയതുറ, നെയ്യാറ്റിൻകര പ്രദേശങ്ങളിൽ വിതരണം ചെയ്യാനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Anuraj GR
    First published: