തൃശൂർ: കുണ്ടന്നൂരിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ മണികണ്ഠൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മണികണ്ഠൻ മരിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് വടക്കാഞ്ചേരി കുമ്പളങ്ങാട് കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. വെടിക്കെട്ട് പുര പൂർണമായും കത്തിനശിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കിലോമീറ്ററുകൾ അകലേക്ക് പ്രകമ്പനം ഉണ്ടായി. കു ഓട്ടുപാറയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ ശക്തമായ സമ്മർദത്തിൽ അടഞ്ഞു.
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ തൃശൂർ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്ക് ആണ് അന്വേഷണ ചുമതല. അപകട കാരണം പരിശോധിക്കാനാണ് നിർദേശം. അനുവദനീയമായ അളവിൽ കൂടുതൽ വെടിമരുന്നു സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കും.
വടക്കാഞ്ചേരി സ്വദേശി ശ്രീനിവാസന്‍ എന്നയാളുടെ ലൈസന്‍സിലുള്ള വെടിപ്പുരയിലാണ് ഇന്നലെ സ്ഫോടനമുണ്ടായത്. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിപ്പുര. അപകടത്തെത്തുടർന്ന് വെടിപ്പുരയുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.