തിരുവനന്തപുരം: പുരയിടത്തിലെ ചപ്പുചവറുകൾക്കു തീയിടുമ്പോൾ പൊള്ളലേറ്റ വയോധികൻ മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വാച്ചർമുക്ക് രശ്മിഭവനിൽ ആർ.വിക്രമൻ നായർ (74) വ്യാഴാഴ്ച രാത്രിയോടെ മരിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ പുന്നമൂട് ഐ.ടി.ഐ.ക്ക് സമീപം പുരയിടത്തിൽ തീ പടർന്നാണ് ഇദ്ദേഹത്തിന് പൊള്ളലേറ്റത്.
തീ കത്തുന്നതു കണ്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തീയണയ്ക്കാൻ എത്തിയ അഗ്നിരക്ഷാസംഘത്തിൽ വിക്രമൻനായരുടെ മകൻ വിഷ്ണു ഉണ്ടായിരുന്നു. തീ കെടുത്തുന്നതിനിടെയാണ് പിതാവിനെ പൊള്ളലേറ്റ നിലയിൽ കണ്ടത്.
മുഖത്തും കാലിലും ഉൾപ്പെടെ പൊള്ളലേറ്റിരുന്നു. തുടർന്ന് വിഷ്ണുതന്നെയാണ് ആംബുലൻസിൽ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചത്. വീടിനു സമീപത്തുള്ള സ്വന്തം പുരയിടം വൃത്തിയാക്കാനായി എത്തിയ വേളയിൽ തീപടർന്നതോടെ വിക്രമൻ നായർക്കു പൊള്ളലേൽക്കുകയായിരുന്നു. ആന്തരികാവയവങ്ങൾക്കടക്കം പൊള്ളലേറ്റിരുന്നു.
Also Read-കോഴിക്കോട് ടിപ്പറും ബുള്ളറ്റും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു
മൃതദേഹം കരയോഗ മന്ദിരത്തിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ചന്ദ്രലേഖ. മക്കൾ: രശ്മി, വിഷ്ണു. മരുമക്കൾ: ആദർശ്, ലക്ഷ്മി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.