എക്സൈസുകാരെ കണ്ട് ഭയന്നോടിയ ആൾ ഡാമിൽ വീണു മരിച്ചു

ബെന്നിയുടെ ഉടസ്ഥതതയിലുള്ള കോഴിക്കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടുന്നതിനിടെ ഡാമിൽ വീണ് മരിച്ചതായാണ് വിവരം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഇടുക്കി: കുളമാവിൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്നോടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കുളമാവ് മുത്തിയുരുണ്ടയാർ സ്വദേശി മലയിൽ ബെന്നി (52 ) ആണ് ഡാമിൽ വീണ് മരിച്ചത്. ബെന്നിയുടെ ഉടസ്ഥതതയിലുള്ള കോഴിക്കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഓടുന്നതിനിടെ ഡാമിൽ വീണ് മരിച്ചതായാണ് വിവരം. കുളമാവ് പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

  കോഴിക്കടയിൽ അനധികൃത മദ്യ വിൽപന നടക്കുന്നതായുള്ള വിവരത്തെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ബെന്നി ഓടി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് സന്ധ്യയോടെയായിരുന്നു സംഭവം. ഓടുന്നതിനിടെ കാൽ വഴുതി ഡാമിലേക്ക് വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

  ആലുവാപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  ആലുവാ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കളമശേരി സ്വദേശി വൈശാഖിനെയാണ് കാണാതായത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി. മൂന്ന് കൂട്ടുകാരാടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

  വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരനാണ് വൈശാഖ്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

  പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; ഗൈഡുകളുടെ മാനസികപീഡനം മൂലമെന്ന് ആരോപണം

  പാലക്കാട് കൊല്ലങ്കോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് പയലൂർമുക്ക് സ്വദേശി കൃഷ്ണകുമാരിയെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണ കുമാരി ആത്മഹത്യ ചെയ്തത് ഗൈഡുമാരായ അധ്യാപകരുടെ പീഡനംമൂലമാണെന്ന് വീട്ടുകാർ ആരോപിച്ചു.

  Also Read- നായ കുറുകെ ചാടി; താഴ്ചയിലേക്ക് മറിഞ്ഞ കാർ റബർ മരത്തിൽ തട്ടിനിന്നു; യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

  കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽ 2016 മുതൽ ഗവേഷക വിദ്യാർത്ഥിയായ കൃഷ്ണകുമാരിയെ, ഗൈഡുമാരായ അധ്യാപകർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് സഹോദരി രാധിക ആരോപിച്ചത്. കൃഷ്ണകുമാരിയുടെ ഗവേഷണ പ്രബന്ധം അധ്യാപകർ നിരസിച്ചതായും 20 വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ഇവർ പറയുന്നു.

  അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച്, ഡീനിന് പരാതി നൽകിയിരുന്നതായും ഇവർ പറയുന്നു. കോളേജിലെ എന്‍ രാധികയാണ് കൃഷ്ണകുമാരിയുടെ നിലവിലെ ഗൈഡ്. കോളേജിലെ സിന്ധു തമ്പാട്ടിയായിരുന്നു മുൻഗൈഡ്. ഇരുവരും കൃഷ്ണകുമാരിയ്ക്ക് ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് വീട്ടുകാർ പറയുന്നു.

  ഇരുപത് വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് ഗൈഡുമാർ പറഞ്ഞത് വിദ്യാർത്ഥിനിയെ മാനസികമായി തളർത്തിയിരുന്നു. കൃഷ്ണ കുമാരിയെ ഹോസ്റ്റലിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.

  സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിഎച്ച്ഡി വൈകിയതിലുള്ള മനോവിഷമം മൂലമാണ് മരണമെന്നാണ് വീട്ടുകാർ നൽകിയ മൊഴിയെന്നും മറ്റ് ആരോപണങ്ങൾ അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ മാനസിക പീഡനം ഉണ്ടായിട്ടില്ലെന്നാണ് ഗൈഡ് രാധിക പറയുന്നത്. പ്രബന്ധത്തിൽ തിരുത്തൽ വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഇവർ വ്യക്തമാക്കി.
  Published by:Anuraj GR
  First published:
  )}