• HOME
  • »
  • NEWS
  • »
  • kerala
  • »
  • MAN FOUND DEAD IN ETTUMANOOR DUE TO FINANCIAL CRISIS NJ TV

കോവിഡിന് പിന്നാലെ വാഹനാപകടത്തിലെ കോടതിവിധിയും തിരിച്ചടിയായി; ഏറ്റുമാനൂരിൽ വ്യാപാരി മരിച്ച നിലയിൽ

കടയുടെ ഷട്ടർ  താഴ്ന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാർ ഉള്ളിൽ കയറി പരിശോധിച്ചത്.

കെടി തോമസ്

കെടി തോമസ്

  • Share this:
കോട്ടയം: കോവിഡ് പ്രതിസന്ധി വ്യാപാരികളുടെ സാമ്പത്തിക നിലയെ ആകെ തകർത്ത സാഹചര്യമാണ് ഉള്ളത്. ഇതിനകം നിരവധി വ്യാപാരികളാണ് സംസ്ഥാനത്തൊട്ടാകെ ആത്മഹത്യ ചെയ്തത്. അതിനു പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂരിൽ നിന്ന് ദാരുണ സംഭവം പുറത്തു വരുന്നത്. പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കടയുടെ ഷട്ടർ  താഴ്ന്ന് കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് നാട്ടുകാർ ഉള്ളിൽ കയറി പരിശോധിച്ചത്. അപ്പോഴാണ് തോമസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്.

കോവിഡ് പ്രതിസന്ധി മാത്രമല്ല തോമസിനെ അലട്ടിയത്. 2019 ൽ ഉണ്ടായ വാഹനാപകടം തോമസിന് ഏറെ മനോവിഷമത്തിൽ ആക്കിയിരുന്നു. തോമസ് ഓടിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് തോമസ് തന്നെ ഇടപെട്ട് കേസ് പണം നൽകി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. അന്ന് 15,000 രൂപ നൽകി കേസ് ഒത്തുതീർപ്പാക്കാൻ ആണ് തോമസ് ശ്രമിച്ചത്.

Also Read- ഓടുന്ന ഓട്ടോറിക്ഷയിൽ യുവതി പ്രസവിച്ചു; രക്ഷകനായി കോട്ടയം നഗരത്തിൽ ആംബുലൻസ് ഡ്രൈവർ

എന്നാൽ പരിക്കേറ്റ സ്ത്രീ  കേസുമായി മുന്നോട്ട് പോകുകയായിരുന്നു.  കോടതിയിൽ നടന്ന വാദങ്ങൾക്ക് ഒടുവിൽ 7 ലക്ഷം രൂപ തോമസിന് പിഴയായി കോടതി വിധിച്ചിരുന്നു. ഇതാണ് ജീവിതത്തിൽ ആകെ പ്രതിസന്ധിയായി മാറിയത്. ആത്മഹത്യയിലേക്ക് തോമസിനെ നയിച്ചത് സാമ്പത്തികമായി വന്ന ഈ തിരിച്ചടി ആണെന്ന്  ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.  സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read- 'മദ്യം വാങ്ങാൻ വേണ്ടാത്ത വാക്‌സിൻ അരി വാങ്ങാൻ വേണം; യുവാക്കൾ വീട്ടിലും പ്രായമായവർ വഴിയിലും'; സർക്കാരിനെതിരെ പ്രതിപക്ഷം

കോടതിവിധിയിൽ ഉണ്ടായ തിരിച്ചടി വലിയ മനോവിഷമത്തിന് കാരണമായതായി ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ചായക്കട നടത്തിയിരുന്ന തോമസ് നേരത്തെ ബേക്കറി നടത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ലോക്ക്ഡൗണിൽ ഇടയ്ക്കിടെ കട അടച്ചിട്ടതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

കോവിഡ് കാലത്ത് കച്ചവടം തീരെ കുറഞ്ഞു പോയത് സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറുന്നതിന്  തടസ്സമായി മാറിയിരുന്നു. ഇതെല്ലാം കൂടി ഒരുമിച്ച് വന്നപ്പോഴാണ് ജീവിതം തന്നെ അവസാനിപ്പിക്കാൻ തോമസ് തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഏതായാലും സംഭവത്തിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്.

പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത ഉണ്ടാകു എന്നും പോലീസ് പറയുന്നു. റീനിയാണ് മരിച്ച തോമസിന്റെ ഭാര്യ. ജെറി, ജിനു എന്നീ രണ്ട് മക്കളാണ് തോമസിന് ഉള്ളത്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Naseeba TC
First published:
)}