വളർത്തു പൂച്ചയെ (cat) കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ (arrest). ഐരാപുരം മഴുവന്നൂർ ചവറ്റുകുഴിയിൽ വീട്ടിൽ സിജോ ജോസഫിനെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് .
ഐരാപുരം മഴുവന്നൂർ സ്വദേശിനിയായ യുവതിക്ക് മൂന്ന് പൂച്ച കുട്ടികൾ ആണ് ഉണ്ടായിരുന്നത്. പ്രസവശേഷം അമ്മ പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് പതിവായി തൊട്ടടുത്ത വീടിന്റെ ടെറസിൽ പോകുമായിരുന്നു. നേരത്തെ കുഞ്ഞുങ്ങളെയും കൊണ്ട് അമ്മ പൂച്ച പോയിട്ട് എല്ലാ പൂച്ചകളും തിരികെ വന്നിരുന്നില്ല. സിജോ ജോസഫ് പൂച്ച കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ആണോ എന്ന് യുവതിക്ക് സംശയമുണ്ടായിരുന്നു.
കഴിഞ്ഞദിവസം സിജോയുടെ ടെറസിന് മുകളിലേക്ക് കുഞ്ഞുമായി പൂച്ച പോകുന്നത് കണ്ട് പരാതിക്കാരിയായ യുവതിയുടെ സഹോദരി ഇത് നിരീക്ഷിച്ചു. ടെറസിന് മുകളിൽ എത്തിയ പൂച്ചയെ പിടിച്ച് സിജോ കൊല്ലുകയായിരുന്നു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. തുടർന്ന് പോലീസിന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചു. ഈ ദൃശ്യങ്ങൾ കണ്ട എറണാകുളം റൂറൽ എസ്പി കെ കാർത്തിക് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പൂച്ചയെ കൊലപ്പെടുത്തിയ വിവരം സിജോ പോലീസിനോട് സമ്മതിച്ചു. തുടർന്ന് പോലീസ് സിജോയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ടെറസിൽ വരുന്ന പൂച്ച ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതാണ് കൊല്ലാൻ കാരണം. എസ്.എച്ച്. ഒ സജി മാർക്കോസ് എസ്.ഐമാരായ എം.പി.എബി, കെ.ടി.ഷൈജൻ, കെ.ആർ.ഹരിദാസ്, എ.എസ്. ഐ അനിൽകുമാർ എസ്.സി.പി.ഒ പി.എ അബ്ദുൾ മനാഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.