ജയ്പൂർ: രണ്ടുവർഷം നീണ്ടുനിന്ന ക്ലേശമേറിയ പോരാട്ടത്തിനു ശേഷം ഇന്ത്യൻ റെയിൽവേയിൽ നിന്ന് സുജീത് സ്വാമിക്ക് 33 രൂപ തിരിച്ചു കിട്ടി. കോട്ട ആസ്ഥാനമായുള്ള എഞ്ചിനിയറാണ് സുജീത് സ്വാമി. 2017 ഏപ്രിലിലാണ് സുജീത് ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ജി എസ് ടി നിലവിൽ വരുന്നതിനു മുമ്പ്. എന്നാൽ, പിന്നീട് ടിക്കറ്റ് റദ്ദു ചെയ്തു. 2017 ജൂലൈ രണ്ടിലെ യാത്രയ്ക്ക് വേണ്ടിയായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ജി എസ് ടി നിലവിൽ വന്നതിനു ശേഷമുള്ള തൊട്ടടുത്ത ദിവസമായിരുന്നു ഇത്.
മുപ്പതുകാരനായ എഞ്ചിനിയറായ സുജീത് കോട്ടയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് ഗോൾഡൻ ടെമ്പിൾ മെയിലിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. 765 രൂപയായിരുന്നു വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റിന് മൊത്തം ചെലവായത്. ടിക്കറ്റ് റദ്ദു ചെയ്തപ്പോൾ 665 രൂപ മാത്രമാണ് തിരിച്ചു ലഭിച്ചത്. ടിക്കറ്റ് റദ്ദു ചെയ്യുന്നതിന് ഈടാക്കുന്ന 65 രൂപയ്ക്ക് പകരം സുജീതിൽ നിന്ന് റെയിൽവേ ഈടാക്കിയത് 100 രൂപ. അധികമായി ഈടാക്കിയ 35 രൂപ തിരിച്ചു കിട്ടുന്നതിനു വേണ്ടിയായിരുന്നു കഴിഞ്ഞ രണ്ടുവർഷം നിയമപോരാട്ടത്തിൽ സുജീത് ഏർപെട്ടത്.
സേവനനികുതി ആയിട്ടായിരുന്നു 35 രൂപ സുജീതിൽ നിന്ന് ഈടാക്കിയത്. എന്നാൽ, ജി എസ് ടി നിലവിൽ വരുന്നിനു മുമ്പ് തന്നെ സുജീത് ടിക്കറ്റ് റദ്ദു ചെയ്തിരുന്നു. അതേസമയം, വിവരാവകാശം മുഖേന സുജീത് ചോദിച്ചപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്തത് ജി എസ് ടി വരുന്നതിന് മുമ്പായിരുന്നെന്നും എന്നാൽ, ടിക്കറ്റ് റദ്ദു ചെയ്തത് ജി എസ് ടി പ്രാബല്യത്തിൽ വന്നതിനു ശേഷമാണെന്നും ആയിരുന്നു മറുപടി നൽകിയത്. ബുക്ക് ചെയ്യുന്ന സമയത്ത് ഈടാക്കുന്ന സർവീസ് ടാക്സ് റദ്ദു ചെയ്യുമ്പോൾ തിരികെ നൽകില്ലെന്നും മറുപടി നൽകി. ക്ലറിക്കൽ ചാർജും (65) സേവനനികുതിയും (35) ഉൾപ്പെടെ 100 രൂപ അങ്ങനെയാണ് ഈടാക്കിയതെന്നും മറുപടി നൽകി.
എന്നാൽ, പിന്നീട് ജൂലെ ഒന്നിനു മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ബുക്ക് ചെയ്ത സമയത്ത് ഈടാക്കിയ സേവന നികുതി തിരികെ നൽകാൻ തീരുമാനമായെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ 35 രൂപ തിരികെ ലഭിക്കുമെന്നും സുജീതിനെ അറിയിച്ചു. മെയ് ഒന്ന് 2019ന് രണ്ട് രൂപ കുറച്ച് 33 രൂപ സുജീതിന് ലഭിച്ചു. നിരന്തരമായ പോരാട്ടങ്ങൾക്ക് ഒടുവിലാണ് തനിക്ക് 33 രൂപ തിരികെ ലഭിച്ചത്. ശല്യപ്പെടുത്തിയതിന് രണ്ടു രൂപ കുറച്ച് ബാക്കി 33 രൂപ IRCTC നൽകുകയായിരുന്നു. അതേസമയം, 2018 ഏപ്രിലിൽ സുജീത് ലോക് അദാലതിനെ സമീപിച്ചെങ്കിലും പരാതി പരിഗണിക്കപ്പെട്ടില്ല.
അതേസമയം, തനിക്ക് മാത്രമല്ല ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതെന്ന് സുജീത് പറഞ്ഞു. വിവരാവകാശ രേഖ അനുസരിച്ച് ഒമ്പത് ലക്ഷം യാത്രക്കാർ ജി എസ് ടി പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുകയും ജി എസ് ടി പ്രാബല്യത്തിൽ വന്നതിനു ശേഷം ടിക്കറ്റ് റദ്ദു ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നെല്ലാം സേവനനികുതി കൂടി IRCTC ഈടാക്കി. ഈ യാത്രക്കാരിൽ നിന്ന് മാത്രം സേവന നികുതിയായി IRCTCക്ക് ലഭിച്ചത് 3.34 കോടി രൂപയായിരുന്നു. ഇതിൽ മിക്കവർക്കും ഇക്കാര്യത്തെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Train, Train service