രാജു ഗുരുവായൂർ
തൃശൂർ: തളിക്കുളത്ത് ഇന്ന് ഉണ്ടായ വാഹനാപകടത്തിന്‍റെ രക്ഷാപ്രവർത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. മാല കവർന്ന കാഞ്ഞാണി സ്വദേശി ബാബുവിനെ നാട്ടുകാരാണ് പിടികൂടിയത്.
തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴു മണിയോടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് കാറിൽ പോവുകയായിരുന്ന കുടുംബത്തിലെ ദമ്പതികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ട യാത്രക്കാരിയുടെ മാലയാണ് ബാബു പൊട്ടിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പിടികൂടുകയായിരുന്നു.
കാർ യാത്രക്കാരായ പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. മകൻ ഷാജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11), ബസ് യാത്രക്കാരനായ കാക്കശ്ശേരി സ്വദേശി സത്യൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.