തിരുവനന്തപുരം: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടു ഇരിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാടിന് അടുത്ത് മേപ്പാട്ട്മല പ്രമോദ് ഭവനില്‍ പ്രവീണ്‍ (34) ആണ് വീടിന് സമീപമുള്ള കിണറ്റിൽ വീണത്. 60 അടി താഴ്ചയുള്ള കിണറ്റിലാണ് യുവാവ് വീണത്. ഏറെ സമയം നീണ്ട പരിശ്രമത്തിനൊടുവിലാണ് പ്രവീണിനെ പുറത്തെത്തിക്കാനായത്.
വെള്ളിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീണ്‍ കിണറിന്റെ കൈവരിയിൽ ഇരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. അതിനിടെയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. പ്രവീൺ കിണറ്റിൽ വീഴുന്ന ശബ്ദംകേട്ട് എത്തിയ സഹോദരന് പ്രമോദ് കയര്‍ ഇട്ടുകൊടുത്തതിനെത്തുടര്‍ന്ന് പ്രവീണ്‍ അതില്‍ പിടിച്ച് വെള്ളത്തില്‍ താഴാതെ കിടന്നതാണ് രക്ഷയായത്.
സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ നെടുമങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങള്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ നസീറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ പ്രദീഷ് കിണറ്റില്‍ ഇറങ്ങി വഴുക്കലുള്ള തൊടിയില്‍ ചവിട്ടി നിന്നുകൊണ്ട് വളരെ പണിപ്പെട്ടാണ് പ്രവീണിനെ നെറ്റിനുള്ളില്‍ കയറ്റി കരയ്ക്കെത്തിച്ചത്.
നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടിച്ചു
തിരുവനന്തപുരം - നിസാമുദ്ദീന്‍ എക്സ്പ്രസില്‍ ബുധനാഴ്ച രാത്രി കണ്ടെത്തിയ പാമ്പിനെ പിടികൂടി. മുംബൈയ്ക്കടുത്ത് വസായ്റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടിടിഇ പാമ്പിനെ പിടികൂടിയത്. ട്രെയിൻ മലപ്പുറം തിരൂരിൽ എത്തിയപ്പോഴാണ് എസ്5 കോച്ചിൽ പാമ്പിനെ ആദ്യം കാണുന്നത്. കോഴിക്കോട്ട് എത്തിയപ്പോൾ ലഗേജും യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചെങ്കിലും പാമ്പിനെ പിന്നീട് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ലഗേജുകൾക്കിടയില്‍ ഒളിച്ചിരുന്ന പാമ്പ് വ്യാഴാഴ്ച വസായ് റോഡ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് വീണ്ടും ഇഴയുന്നതായി യാത്രക്കാർ കണ്ടത്. പാമ്പിനെ പിടികൂടാൻ അറിയാവുന്നവരുടെ സഹായം തേടി വസായിലെ സ്റ്റേഷൻ മാസ്റ്റർ അനൗൺസ്മെന്റ് നടത്തി. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ടിടിഇ സുകേഷ് കുമാർ പാമ്പിനെ പിടികൂടാൻ തയാറായി മുന്നോട്ട് വന്നു. ഇരുമ്പുദണ്ഡ് തലയിൽ അമർത്തി പാമ്പിനെ പിടികൂടി. ഗ്രാമത്തിൽ ചെറുപ്പത്തിൽ പാമ്പുകളെ പിടിച്ചുള്ള അനുഭവമാണ് ധൈര്യം പകർന്നതെന്ന് ബിഹാറിലെ നളന്ദ സ്വദേശിയായ സുകേഷ് കുമാർ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.