തിരുവനന്തപുരം: കൃഷി ഉള്‍പ്പെടെയുള്ള ആവശ്യങ്ങൾക്ക് വെള്ളം കിട്ടാത്തതിനെ തുടർന്ന് എയർഗണ്ണുമായെത്തി വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷൻ ഒരു മണിക്കൂറോളം സ്തംഭിപ്പിച്ച ആൾ വെള്ളമെത്തിയ കനാൽ വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു. വെങ്ങാനൂർ നെടിഞ്ഞിൽ ചരുവുവിള വീട്ടിൽ മുരുകൻ(33)ആണ് ഒഴുക്കില്‍പ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 9.30ന് ആയിരുന്നു സംഭവം. 20 അടിയോളം താഴ്ചയുള്ള നെയ്യാർ ഇറിഗേഷൻ കനാലിലാണ് മുരുകൻ അപകടത്തിൽപ്പെട്ടത്. ഒടുവിൽ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. കനാലിന്റെ ഒരു വശത്തെ ചപ്പുചവറുകളും കെട്ടിക്കിടന്ന മാലിന്യം നീക്കിയതിനെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡിന് അടിയിലെ തുരങ്കത്തിൽപ്പെട്ടു പോവുകയായിരുന്നു.
ഇതിനിടെ വള്ളികളിൽ പിടിച്ചുനിന്ന മുരുകൻ നാട്ടുകാർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് കരയ്ക്കുകയറി. തളർന്ന് അവശനായ അദ്ദേഹത്തെ വിഴിഞ്ഞത്തുനിന്ന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
Also Read-തിരുവനന്തപുരത്ത് മണ്ണെടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
കഴിഞ്ഞമാസം 21നാണ് വെങ്ങാനൂരിൽ നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ബന്ദിയാക്കി ഗേറ്റ് മണിക്കൂറോളം സൈക്കിൾ പൂട്ടിട്ട് പൂട്ടിയത്. തുടർന്ന് ബാലരാമപുരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ഗേറ്റ് തുറന്നു നൽകുകയും ചെയ്തു. ഇയാളുടെ ആവശ്യത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥർ യോഗം ചേരുകയും നെയ്യാർ ഡാമിൽ നിന്ന് കനാലിലേക്ക് വെള്ളം തുറന്നു വിടുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.