കോട്ടയം: മുൻ എം.എൽ.എ പി.സി ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നടയ്ക്കല്‍ സ്വദേശി അറഫ നഗര്‍ അമീന് യൂസഫാണ് സ്റ്റേഷനില്‍ ഹാജരായത്. ഇയാളെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലുമെന്നായിരുന്നു ആദ്യ വീഡിയോയില്‍ ഇയാളുടെ ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ജോര്‍ജ് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.
താന്‍ ജിഹാദിയോ എസ്.ഡി.പി.ഐയോ അല്ലെന്നും ഓര്‍മവച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും വീശദീകരിച്ചു കൊണ്ടായിരുന്നു രണ്ടാമത്തെ വീഡിയോ. ഈ വീഡിയോയില്‍ ജോര്‍ജിനോട് മാപ്പ് പറയണമെങ്കില്‍ തന്റെ ശ്വാസം നിലയ്ക്കണമെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ, അവര്‍ തന്നെ എന്തു ചെയ്താലും നേരിടാന്‍ തയ്യാറാണെന്നും, ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ടെന്നും ജോര്‍ജ് പ്രതികരിച്ചിരുന്നു.
"വെല്ലുവിളി മുഴക്കിയവർക്കെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ?.ഇവനെയൊക്കെ തല്ലി മര്യാദ പഠിപ്പിക്കാൻ അറിയാം. ദേഹത്ത് തൊട്ടാൽ ഒന്നിനെയും ബാക്കിവെച്ചേക്കില്ല. ഈ പട്ടികളെ ഭയമില്ല. തട്ടിക്കളയും, കൊന്നുകളയുമെന്നൊക്കെ നിരവധി ഭീഷണികൾ വരുന്നുണ്ട്. നെറ്റ് കോളാണ് എല്ലാം. അവന് ധൈര്യമുണ്ടേൽ എന്നെ വിളിക്കട്ടെ. വിളിക്കുന്നിടത്ത് ചെല്ലാൻ തയ്യാറാണ്. തല്ലുന്നതൊന്ന് കാണട്ടെ"- ഇതായിരുന്നു പി.സി ജോർജിന്റെ പ്രതികരണം.
ഈരാറ്റുപേട്ടയിലൂടെ നടന്നു പോകുന്നുണ്ട്. എനിക്ക് പേടിയില്ല. എന്താ ഇവർ ചെയ്യുന്നത് എന്നൊന്ന് കാണട്ടെ. വെറുതെ വീഡിയോയിൽ പറയാനല്ലാതെ ഇവന് എന്തിനു പറ്റുമെന്നും പി.സി ജോർജ് പറഞ്ഞിരുന്നു.സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ മൃതദേഹം മാന്യമായി സ്വീകരിക്കാൻ പോലും സംസ്ഥാന സർക്കാർ തയാറായില്ലെന്ന് പി സി ജോർജ്. തീവ്രവാദ സംഘടനകളെ പോലും എതിർത്ത് പറയാൻ ഭരണാധികാരികൾ തയാറാകുന്നില്ല. പ്രവാസികളുടെ പണം കൊണ്ടാണ് സംസ്ഥാനം പട്ടിണി കൂടാതെ മുന്നോട്ട് പോകുന്നത്. അല്ലാതെ പിണറായി സർക്കാർ നൽകുന്ന കിറ്റ് കൊണ്ടല്ലെന്ന് വിമര്‍ശിച്ച പി സി ജോർജ്ജ്, കുടുംബത്തിന് സഹായം സർക്കാർ നൽകാത്തതിൽ കടുത്ത പ്രതിഷേധമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കീരിത്തോട്ടിലെ വീട്ടിലെത്തി പി സി ജോർജ് സൗമ്യക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. നേരത്തെ നഴ്സസ് ദിനത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി സി ജോർജ് വിമർശനം ഉയർത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. സൗമ്യയുടെ മൃതദേഹം ഇന്നലെ രാത്രിയോടെയാണ് ഇടുക്കിയിലെത്തിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിൽ നടക്കും.
സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് സൗമ്യയുടെ വീട് സന്ദര്‍ശിച്ച ഇസ്രായേൽ കോൺസൽ ജനറൽ പറഞ്ഞു, സൗമ്യ തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ്. സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേൽ സർക്കാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജും അദ്ദേഹം കൈമാറി. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നത്. രണ്ടുവർഷം മുൻപാണ് സൗമ്യ അവസാനമായി നാട്ടിലെത്തി മടങ്ങിയത്.
നഴ്സസ് ദിനത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള പി സി ജോർജിന്റെ കുറിപ്പ് ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം .കേരളത്തെ സംബന്ധിച്ചു നിങ്ങൾ ചെയ്ത സേവനം നിങ്ങളുടെ കർമ്മ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ല .
കേരളത്തിന്റെ വികസനത്തിന നിങ്ങൾ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയർന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങൾ ഓരോരുത്തരുമാണ് ആണ് കാരണക്കാർ .
മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ് .
ഇസ്രായേലിൽ , പലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തിൽ ഹോം നഴ്സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു .
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്
പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു .
ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെൺകുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കൻ മുഖ്യമന്ത്രി .
നിങ്ങൾ ഒരു കപടനാണ് മിസ്റ്റർ പിണറായി വിജയൻ . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് .
നിങ്ങൾ ആരെയാണ് ഭയക്കുന്നത് ?
പലസ്തീനിലെ ഹമാസിനെയോ ?
അതോ കേരളത്തിലെ ഹമാസിനെയോ ?
കുട്ടി സഖാക്കൾക്ക് നിങ്ങൾ ഇരട്ട ചങ്കൻ ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം .
എ.കെ.ജി സെന്ററിൽ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്കാരിക നായകരും ഉറക്കത്തിലാണ് .
കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികൾ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ് .
അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ.....