തിരുവനന്തപുരം : മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ വൻ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ. അട്ടിമറി സംശയത്തെ തുടർന്ന് അഗ്നിസുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫാക്ടറിയിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സാധാരണയുള്ള ഫയർ എക്സ്റ്റിഗുഷറുകൾ മാത്രമാണ് കമ്പനിയിലുണ്ടായിരുന്നത്. ഇത്തരം കമ്പനികൾക്ക് വേണ്ട മറ്റു സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിയിരുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അഗ്നിശമന സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുവർഷം മുമ്പ് ഫാക്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. തുടർ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിൽ അധികൃതർക്കും വീഴ്ചയുണ്ടായെന്നും വിലയിരുത്തലുണ്ട്.
തീപിടിത്തത്തിൽ അഞ്ഞൂറ് കോടിയുടെ നഷ്ടം കണക്കാക്കുന്ന ഫാക്ടറിയിൽ ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഇത്തരം തീപിടുത്ത അന്വേഷണത്തിൽ വിദഗ്ധരായ കേരളത്തിന് പുറത്തുള്ള ഏജൻസികളുടെ സഹായത്തോടുകൂടി വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ അറിയിച്ചിട്ടുണ്ട്.
അതേസമയം അടുത്തടുത്ത ദിവസങ്ങളിൽ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത് ദുരൂഹമാണെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. സാധാരണഗതിയിൽ തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടാകാത്ത ഗോഡൗണിലാണ് അടുത്തടുത്ത ദിവസങ്ങളിൽ തീപിടിത്തം ഉണ്ടായത്. സമഗ്ര അന്വേഷണം തന്നെ വേണമെന്നും ഫാമിലി പ്ലാസ്റ്റിക് പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.