• HOME
 • »
 • NEWS
 • »
 • kerala
 • »
 • Chitra Pournami | ചിത്രാപൗർണമി; വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ള അതിർത്തിയിലെ ക്ഷേത്രത്തിലേക്ക്

Chitra Pournami | ചിത്രാപൗർണമി; വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനമുള്ള അതിർത്തിയിലെ ക്ഷേത്രത്തിലേക്ക്

കൊടുംകാടിന് നടുവിലൂടെ കാടിനെ അറിഞ്ഞ് കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യമറിഞ്ഞ് കണ്ണകിയെ കാണാനുള്ള യാത്ര അനുഭവിച്ചറിയേണ്ടതാണ്

 • Share this:
  കേരള - തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് കൊടുംകാടിന് നടുവില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം മനുഷ്യര്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഇടം .. അവിടെ ചരിത്രവും ഐതിഹ്യവും കൂടിച്ചേര്‍ന്ന പോയ കാലത്തിന്‍റെ അവശേഷിപ്പുകളിലൊന്നായ ഒരു ക്ഷേത്രം. പശ്ചിമഘട്ട മലനിരകള്‍ക്കിടയില്‍ പെരിയാര്‍ കടുവ സങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മംഗളാദേവീക്ഷേത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണമി ദിവസത്തില്‍ മാത്രമാണ് ഇവിടേക്ക് ഭക്തരെ പ്രവേശിപ്പിക്കുക. സംഘകാല തമിഴ് കൃതിയായ ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയാണ് മംഗളാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠ.

  ചിത്രാപൗർണമിയുടെ പ്രാധാന്യം

  ചൈത്ര മാസത്തിലെ ചിത്തിര നക്ഷത്രലെ പൗർണമി നാളിലാണ് ചിത്രാപൗർണമി ഉത്സവാഘോഷം നടക്കുന്നത്. ഹൈന്ദവ സങ്കല്‍പ്പ പ്രകാരം മരണത്തിന്‍റെ ദേവനായ യമന്‍റെ സഹായിയായ ചിത്രഗുപ്തന് വേണ്ടിയാണ് ഈ ദിവസം സമര്‍പ്പിക്കുന്നത്.

  ഈ ദിവസം ഭക്തർ തങ്ങളുടെ പാപങ്ങൾ പൊറുക്കണമെന്ന് ചിത്രഗുപ്തനോട് പ്രാര്‍ത്ഥിക്കുന്നു. ഉത്സവ ദിനത്തിൽ, നിരവധി ഭക്തർ തങ്ങളുടെ പാപങ്ങൾ കഴുകി കളയുന്നതിന്‍റെ പ്രതീകമായി നദികളിലോ മറ്റ് ജലാശയങ്ങളിലോ സ്നാനം ചെയ്യുന്നു.  തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ചിത്ര നദിയിൽ ഈ ആചാരം നടക്കാറുണ്ട്.

  കാടിന് നടുവിലെ കണ്ണകി കോവില്‍..

  ഭാരതീയ സ്ത്രീ സങ്കല്‍പ്പങ്ങളില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന പേരാണ് കണ്ണകിയുടെത്. പാതിവ്രത്യവും സാമര്‍ത്ഥ്യവും പ്രതികാരവും ഇഴചേരുന്ന ദൈവീക സങ്കല്‍പ്പം കൂടിയാണ് കണ്ണകി. തന്‍റെ അഭിമാനവും സ്ത്രീത്വവും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ തന്‍റെ കണ്ണീര് കൊണ്ട് മധുരാ നഗരം ചുട്ടെരിച്ച കണ്ണകിയാണ് സംഘകാല കൃതിയായ ചിലപ്പതികാരത്തിലെ നായിക. തന്‍റെ ഭര്‍ത്താവായ കോവലനെ കൊലപ്പെടുത്തിയ പാണ്ഡ്യരാജാവായ നെടുഞ്ചെഴിയന്‍റെ ജീവനെടുത്ത് പ്രതികാരം ചെയ്ത കണ്ണകി മധുര നഗരം ചുട്ടെരിച്ച ശേഷം ഇവിടെ എത്തി എന്നാണ് ഐതിഹ്യം.

  ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്ന് 13 കിലോമീറ്റർ അകലെയാണ് മംഗളാദേവീ ക്ഷേത്രം. കുമളിയിൽ നിന്ന് ജീപ്പിലാണ് കാനനപാതിയിലൂടെയുള്ള യാത്ര. മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്ന് മാത്രമേ സന്ദർശകർക്ക് അവിടേക്ക് പ്രവേശന മുള്ളൂ എന്നതിനാൽ  ഈ ദിവസം നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. ഉത്സവ ദിവസം രാവിലെ ആറു മണി മുതൽ വൈകിട്ട് നാലു വരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. കുമളിയിൽ നിന്ന് ധാരാളം ജീപ്പുകൾ മംഗളാദേവി ക്ഷേത്രത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. കാല്‍നടയായും ക്ഷേത്രത്തിലെത്താം.

  കൊടുംകാടിന് നടുവിലൂടെ കാടിനെ അറിഞ്ഞ് കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യമറിഞ്ഞ് കണ്ണകിയെ കാണാനുള്ള യാത്ര അനുഭവിച്ചറിയേണ്ടതാണ്. ഉത്സവത്തിന് മുന്നോടിയായി കുമളിയില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള പാത വനം വകുപ്പ് വെട്ടിത്തെളിക്കും. ഇടയ്ക്ക് ചെക്ക്പോസ്റ്റില്‍ വനം വകുപ്പും പോലീസും പരിശോധന നടത്തിയ ശേഷമാണ് വനത്തിന് ഉള്ളിലേക്ക് കടത്തിവിടുക. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒന്നും തന്നെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല. കുടിവെള്ളവും അടിയന്തര വൈദ്യ സഹായവുമടക്കം വിവിധ സ്ഥലങ്ങളില്‍ കേരള -തമിഴ്നാട് വനം വകുപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

  വളഞ്ഞുപുളഞ്ഞ് കിടക്കുന്ന കാട്ടുവഴികളിലൂടെയുള്ള അതിസാഹസികമായ ജീപ്പ് യാത്രക്കൊടുവില്‍ മംഗളദേവി കുന്നിന് കുറച്ചകലെയായി ജീപ്പ് നിര്‍ത്തും. ബാക്കി ദൂരം കാല്‍നടയായി വേണം സഞ്ചരിച്ച് വേണം ക്ഷേത്രത്തിലെത്താന്‍. കുന്ന് കയറി ചെന്നാല്‍ മംഗളാദേവി ക്ഷേത്രം കാണാം. കുന്നിന്‍ മുകളില്‍ നിന്ന് നോക്കിയാല്‍ അകലെയായി പെരിയാറും തേക്കടി തടാകവും കാണാന്‍ കഴിയും.  ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന മനോഹരകാഴ്ചയാണ് മംഗളാദേവി ക്ഷേത്രം കാത്തുവയ്ക്കുന്നത്. കരിങ്കല്ല് ചതുര കഷ്ണങ്ങളായി അടുക്കിയടുക്കി വച്ച പുരാതന വാസ്തുശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം.  കരിങ്കല്ലിനാൽ നിർമിച്ച നാല് ക്ഷേത്രസമുച്ചയങ്ങളാണുള്ളത്. കിഴക്കുഭാഗം പൂർണമായും കാടാണ്.  ചിലപ്പതികാരത്തില്‍ മധുരാ നഗരം ചുട്ടുചാമ്പലാക്കിയ കണ്ണകി പലായനം ചെയ്ത് ഇന്നത്തെ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന വണ്ണാത്തിപ്പാറയിൽ വന്നിരുന്ന് വിശ്രമിച്ചതായും പറയുന്നു.

  പിന്നീട് കണ്ണകിയുടെ കഥയറിഞ്ഞ ചേരരാജാവ് ചേരൻ ചെങ്കുട്ടവൻ വണ്ണാത്തിപ്പാറയിൽ ക്ഷേത്രം നിർമ്മിച്ചു എന്നാണ് വിശ്വാസം. കൂറ്റൻ കരിങ്കൽ കഷ്ണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ക്ഷേത്രം ഇന്ന് ഭാഗീകമായി തകർന്ന നിലയിലാണെങ്കിലും പഴയ നിർമ്മിതികൾക്കുള്ളിലാണ് പൂജയും മറ്റും നടക്കുന്നത്. ക്ഷേത്രത്തിന്റെ അടിയിൽ നിന്നും മധുരയിലേക്ക് ഒരു ഭൂഗർഭപാത ഉണ്ടെന്നും പറയപ്പെടുന്നു.

  നാല് ശ്രീകോവിലുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പൂജ നടക്കുന്നത് ഒന്നില്‍ തമിഴ് പൂജാവിധി പ്രകാരം മംഗളാദേവിയെ അഥവാ കണ്ണകിയെ പൂജിക്കുന്നു. വെള്ളിയില്‍ തീര്‍ത്ത വിഗ്രഹം  ഉത്സവത്തിനായി കമ്പത്ത് നിന്ന് കൊണ്ടുവരുന്നതാണ്. രണ്ടാമത്തെ ശ്രീകോവിലിലെ ശിവപ്രതിഷ്ഠയുടെ പൂജ കേരളീയ പൂജ രീതികള്‍ അനുസരിച്ചാണ് നടത്തുന്നത്. കോട്ടയം നട്ടാശേരിയിലുള്ള സൂര്യകാലടി മനയിലെ തന്ത്രിയുടെ നേതൃത്വത്തിലാണ് ഇവിടെ പൂജ.

  ക്ഷേത്രത്തിന്‍റെ അവകാശികള്‍ ആര് .. തര്‍ക്കം തുടരുന്നു

   ക്ഷേത്രത്തിന്‍റെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മദ്രാസ് പ്രസിഡന്‍സി ക്ഷേത്രത്തിന് മേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പെരിയാര്‍ ഭൂപ്രദേശം സ്വന്തമാക്കുകയുംജലസമ്പത്ത് കൈകാര്യം ചെയ്യാനുള്ള പൂര്‍ണാവകാശം നേടുകയുമായിരുന്നു അവരുടെ ലക്ഷ്യം.  തിരുവിതാംകൂര്‍ എതിര്‍ത്തതോടെ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. 1817ല്‍ നടന്ന സര്‍വേ അനുസരിച്ച് ക്ഷേത്രവും പരിസരവും പൂര്‍ണ്ണമായും തിരുവിതാകൂറിന്റേതാണെന്ന് വന്നു. പിന്നീടാണ് അവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്  സമ്മര്‍ദ്ദത്തിലൂടെ നടപ്പാക്കിയെടുക്കുന്നത്.

  അന്ന് അവസാനിച്ച തര്‍ക്കം  1979ല്‍ വീണ്ടും സജീവമായി. തമിഴ്‌നാട് ക്ഷേത്രത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചു. അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. ജി. ആറിന് ക്ഷേത്ര ദര്‍ശനം നടത്താന്‍ മംഗളാദേവിയില്‍ ഹെിലിപ്പാട് നിര്‍മ്മിക്കാന്‍ തമിഴ്‌നാടിന്റെ നീക്കമാണ് വിവാദമയത്. അതോടെ കേരള  തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഘര്‍ഷമായി. 1981ല്‍ വീണ്ടും സര്‍വ്വേ നടത്തി. ക്ഷേത്രവും അവശിഷ്ടങ്ങളും കാണപ്പെടുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ 62 സെന്റ് ഭൂമി പൂര്‍ണ്ണമായും കേരളത്തിന്റേതാണെന്നു സര്‍വ്വേ റിപ്പോര്‍ട്ട് വന്നു.

  ഇതിന് ശേഷം 1991ല്‍ തര്‍ക്കം വീണ്ടും തലപൊക്കി. ഇക്കുറി കരുണാനിധിയാണ് ക്ഷേത്രത്തിനുവേണ്ടി രംഗത്തുവന്നത്. ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയും തമിഴ്‌നാട് അനുവദിച്ചു. 101 പടവുകളുള്ള ശിലാക്ഷേത്രവും ഗൂഡല്ലൂരില്‍ നിന്ന് മംഗളാദേവി വരെ റോഡും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കാട്ടുപാതയിലൂടെ വ്യാപകമായി മംഗളാദേവിയിലേക്ക് എത്തിത്തുടങ്ങി. മലമുകളില്‍ കേരളാ പോലീസും വനംവകുപ്പും വന്‍സന്നാഹമൊരുക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞു. ഒടുവില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാതകള്‍ അടച്ചു. പ്രവേശനം നിരോധിച്ചു. ആ നില ഇപ്പോഴും തുടരുകയാണ്.

  ക്ഷേത്രത്തെ ചൊല്ലിയുള്ള ഇരു സംസ്ഥാനങ്ങളുടെയും തര്‍ക്കം നിലവില്‍ കോടതിയിലാണ്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചിത്രാപൗർണമി ഉത്സവം സമീപ വര്‍ഷങ്ങളില്‍ നടത്തുന്നത്.കേരളത്തില്‍ തിരുവനന്തപുരം കോവളത്ത് പാച്ചല്ലൂരില്‍ വലിയതോട്ടം ദേവീക്ഷേത്രത്തിലും ചിത്രാപൗർണമി ഉത്സവം ആഘോഷിക്കുന്നു .
  Published by:Arun krishna
  First published: