നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാലാ റോഡില്‍ കുഴികള്‍; വെള്ളക്കെട്ട്; 'മൂന്നര വര്‍ഷം മുമ്പ് ചെയ്യേണ്ട ജോലി ചെയ്തില്ല; ആരെയും കുറ്റപ്പെടുത്താനില്ല': മാണി സി കാപ്പന്‍ MLA

    പാലാ റോഡില്‍ കുഴികള്‍; വെള്ളക്കെട്ട്; 'മൂന്നര വര്‍ഷം മുമ്പ് ചെയ്യേണ്ട ജോലി ചെയ്തില്ല; ആരെയും കുറ്റപ്പെടുത്താനില്ല': മാണി സി കാപ്പന്‍ MLA

    പാലാ റോഡിലെ കുഴികള്‍ക്കും വെള്ളക്കെട്ടുകള്‍ക്കും കാരണം മൂന്നു വര്‍ഷം മുന്‍പ് ചെയ്യേണ്ടിയിരുന്ന ബിഎംബിഎസി ഓവര്‍ ലേ ടാറിംഗ് ചെയ്യാത്താതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു

    Image Facebook

    Image Facebook

    • Share this:
      കോട്ടയം: സംസ്ഥാനത്തുടനീളമുള്ള കനത്ത മഴയില്‍ റോഡുകളില്‍ പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഗതാഗതത്തിന് ദുരിതം സൃഷ്ടിക്കുന്നുണ്ട്. പാലായിലെ വിവിധ റോഡിലും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ഇത് അടിയന്തരമായി പരിഹരിക്കാനും കുഴികള്‍ അടയ്ക്കാനും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞു.

      എന്നാല്‍ പാലാ റോഡിലെ കുഴികള്‍ക്കും വെള്ളക്കെട്ടുകള്‍ക്കും കാരണം മൂന്നു വര്‍ഷം മുന്‍പ് ചെയ്യേണ്ടിയിരുന്ന ബിഎംബിഎസി ഓവര്‍ ലേ ടാറിംഗ് ചെയ്യാത്താതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ എംഎല്‍എ ആയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ എന്നും ഇതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

      മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

      അപ്രതീക്ഷിതമായ മഴയെത്തുടര്‍ന്നു അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്തതിനാല്‍ കേരളത്തിലുടനീളം റോഡുകളില്‍ പലയിടങ്ങളിലും കുഴികള്‍ രൂപപ്പെട്ടതുമൂലം ആ പ്രദേശങ്ങളില്‍ റോഡുഗതാഗതം ദുരിതമായിട്ടുണ്ട്. പാലായിലെ വഴികളിലും ഇത്തരത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇവയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

      എന്നാല്‍ അപ്രതീക്ഷിതമായ മഴമൂലം കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ടെന്ന കാര്യം ഉദ്യോഗസ്ഥര്‍ അറിയിക്കുകയുണ്ടായി. മഴയുള്ള സമയത്ത് കുഴികളടച്ചാല്‍ കാര്യക്ഷമമാകുകയില്ലെന്ന കാര്യമാണ് ഉദ്യോഗസ്ഥര്‍ പങ്കുവച്ചത്. എങ്കില്‍ കൂടിയും അടിയന്തിരമായി കുഴികളടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബി എം ബി സി ഓവര്‍ലേ ടാറിംഗ് നടത്തുന്നതോടെ ഈ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരമാകും.

      ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേ ബി എം ബി സി ടാറിംഗാണ് നടത്തിയിട്ടുള്ളത്. ചേര്‍പ്പുങ്കല്‍ ഇന്ത്യാര്‍ ഫാക്ടറി മുതല്‍ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന്‍ വരെയുള്ള ഭാഗം ബി എം ബി സി ഓവര്‍ലേ ടാറിംഗ് നടത്താന്‍ സര്‍ക്കാര്‍ 6 കോടി 25 ലക്ഷം രൂപ അനുവദിക്കുകയും പയസ് ആന്റണി, രാജേഷ് മാത്യു എന്നീ കോണ്‍ട്രാക്ടര്‍മാര്‍ കരാര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മഴ മാറിയാലുടന്‍ പണി ആരംഭിക്കും.

      മൂന്നു വര്‍ഷത്തെ മെയിന്റന്‍സ് ഉള്‍പ്പെടെയാണ് കരാര്‍ നല്‍കിയിട്ടുള്ളത്. ഓവര്‍ ലേ ടാറിംഗിനു ശേഷം അറ്റകുറ്റപ്പണികള്‍ കരാറുകാരന്റെ ഉത്തരവാദിത്വത്തിലാണ് നടക്കുക.

      വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാന്‍ ചെത്തിമറ്റം - മൂന്നാനി ഭാഗത്ത് റോഡിന്റെ ഉയരം കൂട്ടുന്ന ജോലിയും ഇതോടൊപ്പം ചെയ്യും. കൊച്ചിടപ്പാടി പാലത്തിനു സമീപമുള്ള വെള്ളക്കെട്ടിനും പരിഹാരമായി ഇവിടെയും റോഡിനു ഉയരം വര്‍ദ്ധിപ്പിക്കും. ഇതിനായി റോഡ് സേഫ്റ്റി അതോററ്റി അനുവദിച്ച തുക ഉപയോഗിക്കും. റോഡില്‍ സൈന്‍ ബോര്‍ഡുകളും ആവശ്യമായ ഓടകളും നിര്‍മ്മിക്കും.

      റോഡിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യത്തിനായി തുക അനുവദിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസിന് ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്.

      നമ്മുടെ റോഡ് ബി എം ബി സി ടാറിംഗ് നടത്തിയിട്ടു എട്ടര വര്‍ഷത്തോളം കഴിഞ്ഞു എന്നുള്ള കാര്യം ഓര്‍മ്മിക്കുമല്ലോ. അഞ്ചു വര്‍ഷം കഴിമ്പോള്‍ ബി എം ബി സി ഓവര്‍ ലേ ടാറിംഗ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നര വര്‍ഷം മുമ്പ് ചെയ്യേണ്ടിയിരുന്ന ബി എം ബി സി ഓവര്‍ ലേ ടാറിംഗ് നാളിതുവരെ ചെയ്തിരുന്നില്ല. ഇത് റോഡില്‍ കുഴികള്‍ രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്. കൊല്ലപ്പള്ളി മേലുകാവ് തൊടുപുഴ റോഡിന്റെയും ബി എം ബി സി ഓവര്‍ ലേ ടാറിംഗ് നടത്തേണ്ട സമയം പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യവും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

      ഞാന്‍ എം എല്‍ എ ആയിട്ടു രണ്ടു വര്‍ഷത്തോളം മാത്രമേ ആയിട്ടുള്ളൂ എന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ? എങ്കിലും ഇതിന്റെയൊക്കെ പേരില്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

      ഏതായാലും പാലായില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ തയ്യാറായ രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകരെയും രാഷ്ട്രീയ കക്ഷികളെയും ഞാന്‍ അഭിനന്ദിക്കുകയാണ്. സര്‍ക്കാരില്‍ ഭരണകക്ഷിയായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ മുഖം നോക്കാതെ വിമര്‍ശിക്കാന്‍ തയ്യാറായവര്‍ പാലായോടുള്ള കരുതലാണ് കാണിച്ചു നല്‍കിയത്. ഇത് മാതൃകാപരമാണ്. പാലായുടെ സമഗ്രവികസനമാകണം നമ്മുടെ ലക്ഷ്യം. നാടിന്റെ വികസനത്തിനായി എല്ലാവരും പിന്തുണ നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. ഇനിയും എല്ലായ്‌പ്പോഴും എല്ലാവരുടെയും പിന്തുണ നിങ്ങളുടെ എളിയ പ്രതിനിധിയായ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

      രൂപപ്പെട്ട കുഴികള്‍ താത്കാലികമായി അടച്ചു തുടങ്ങിയിട്ടുണ്ട്. മഴ മാറിയാല്‍ ഉടന്‍ കരാറായ ബി എം ബി സി ഓവര്‍ലേ ജോലികള്‍ ആരംഭിക്കുമെന്നും നിങ്ങളെ വിനയപുരസരം അറിയിക്കട്ടെ.
      Published by:Jayesh Krishnan
      First published:
      )}