നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചരിത്രം ഉറങ്ങുന്ന കലാലയം; നടന്നത് സമാനതകളില്ലാത്ത ക്രൂരത'; മാണി സി കാപ്പന്‍

  'ചരിത്രം ഉറങ്ങുന്ന കലാലയം; നടന്നത് സമാനതകളില്ലാത്ത ക്രൂരത'; മാണി സി കാപ്പന്‍

  കോളേജ് വിദ്യാര്‍ത്ഥികളായ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും, ഓര്‍ക്കുക നൈമിഷികമായ ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണെന്ന് അദ്ദേഹം പറഞ്ഞു.

  News18

  News18

  • Share this:
   കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. സഹപാഠികളില്‍ ഒരാള്‍ മറ്റൊരാളെ ക്രൂരമായി കൊലപ്പെടുത്തുന്നു. ആ കലാലയ മുറ്റത്ത് ചിതറി വീണത് ഒരു വിദ്യാര്‍ത്ഥിയുടെ ചുടു ചോരയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

   കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, ആതുരസേവന, ഭരണ നിര്‍വഹണ രംഗങ്ങളില്‍ കഴിവുറ്റ പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് സെന്റ് തോമസ് കോളേജെന്ന് അദ്ദേഹം പറഞ്ഞു.

   കോളേജ് വിദ്യാര്‍ത്ഥികളായ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും, ഓര്‍ക്കുക നൈമിഷികമായ ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണെന്ന് അദ്ദേഹം പറഞ്ഞു.

   മാണി സി കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിലെ അഭിമാന ഗോപുരമാണ് പാലാ സെന്റ് തോമസ് കോളേജ്. ചരിത്രം ഉറങ്ങുന്ന കലാലയം. അവിടെ ഇന്നു നടന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. സഹപാഠികളില്‍ ഒരാള്‍ മറ്റൊരാളെ ക്രൂരമായി കൊലപ്പെടുത്തുന്നു. ആ കലാലയ മുറ്റത്ത് ചിതറി വീണത് ഒരു വിദ്യാര്‍ത്ഥിയുടെ ചുടു ചോരയാണ്. പൊലിഞ്ഞു വീണത് ഒരു ജീവനാണ്. ഈ കുറിപ്പ് പങ്കുവയ്ക്കുമ്പോള്‍ എന്റെ ചിന്തകള്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യപെടുന്നു. അവരുടെ വേദനയില്‍, സഹപാഠികളുടെ വേദനയില്‍, അധ്യാപകരുടെ വേദനയില്‍ ഐക്യപ്പെട്ടു കൊണ്ട് ആ കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

   ഇത് പറയുമ്പോള്‍തന്നെ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥി സമൂഹം ഒരുമയോടെ ഓര്‍ത്തെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ കൂടി പങ്കു വയ്ക്കുകയാണ്. കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, ആതുരസേവന, ഭരണ നിര്‍വഹണ രംഗങ്ങളില്‍ കഴിവുറ്റ പ്രതിഭകളെ സംഭാവന ചെയ്ത കലാലയമാണ് സെന്റ് തോമസ്. വിദ്യാഭ്യാസ മികവില്‍ മാത്രമല്ല കലാ സാംസ്‌കാരിക, സ്‌പോര്‍ട്‌സ് രംഗങ്ങളിലും സുവര്‍ണ്ണലിപികളില്‍ രചിക്കപ്പെട്ടതാണ് ഈ കലാലയത്തിന്റെ നാമധേയം.

   ഒരു അഖിലേന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആദ്യമായി വിജയിച്ച കോളേജ് ടീമാണ് ഈ കലാലയത്തിലേത്. ഇവിടെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ആണ് രാജ്യത്ത് തന്നെ പരമോന്നതമായ സ്‌പോര്‍ട്‌സ് പുരസ്‌കാരങ്ങളില്‍ ഒന്നായ അര്‍ജുന അവാര്‍ഡ് ജേതാവ് ആകുവാന്‍ ജിമ്മി ജോര്‍ജിന് ഭാഗ്യം ലഭിച്ചത്. അന്താരാഷ്ട്ര രംഗത്ത് പ്രതിഭ തെളിയിച്ച വോളിബോള്‍ നീന്തല്‍ താരങ്ങള്‍ ഈ കോളേജ് രാജ്യത്തിന് നല്‍കിയ സമ്മാനമാണ്.

   എല്ലാ വിദ്യാലയങ്ങളിലും ഉള്ളതുപോലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള നിര്‍ദോഷകരമായ രാഷ്ട്രീയ അരാഷ്ട്രീയ തര്‍ക്കങ്ങള്‍, പിണക്കങ്ങളുമെല്ലാം ഈ കലാലയത്തിലും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിഭിന്നമായി ഒരു വിദ്യാര്‍ഥിയുടെ ജീവനാണ് ഇന്നിവിടെ പൊലിഞ്ഞത്.

   നമ്മുടെ കാഴ്ചപ്പാടുകള്‍, മനോവിചാരങ്ങള്‍, സഹിഷ്ണുത, പാരസ്പര്യ എല്ലാം ചോദ്യം ചെയ്യുന്നതാണ് ഇത്തരം ഞെട്ടിക്കുന്ന സംഭവങ്ങള്‍. കോളേജ് വിദ്യാര്‍ത്ഥികളായ എന്റെ എല്ലാ കുഞ്ഞു അനുജന്മാരും, അനുജത്തിമാരും, ഓര്‍ക്കുക നൈമിഷികമായ ഒരു വികാരവിക്ഷോഭം നഷ്ടപ്പെടുത്തിയത് ഒരു ജീവനാണ്. ഈ സംസ്‌കാരത്തിന്, ഇത്തരം തെറ്റായ പ്രവണതകള്‍ക്ക് നമുക്ക് ഒരുമിച്ച് നിന്ന് ഒരു പരിഹാരം കാണണം. ഇത്തരം ഭീകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പു വരുത്തണം, നല്ല മാതൃകകള്‍ മാത്രമാവണം ഇവിടെനിന്ന് ഉണ്ടാകുന്നത്. അതിനായി നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാവും എന്ന് വാക്ക് തരികയാണ്.

   ഈ കലാലയത്തില്‍ വിദ്യാര്‍ഥി ആകുവാന്‍ ഭാഗ്യം ലഭിച്ചില്ല എന്ന ഒരു സ്വകാര്യദുഃഖം ജീവിതത്തില്‍ കൊണ്ടുനടക്കുന്ന ഒരാളാണ് ഞാന്‍. നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാവും... ശാന്തിയും സമാധാനവും സഹവര്‍ത്തിത്വവും വിജയങ്ങളും, അഭിമാന നേട്ടങ്ങളും കൈവരിച്ച് ഈ ഞെട്ടലില്‍ നിന്നും, ഈ കലാലയത്തെ തിരികെ പിടിക്കാന്‍.
   Published by:Jayesh Krishnan
   First published:
   )}