ഇന്റർഫേസ് /വാർത്ത /Kerala / മാണി സി കാപ്പന്റെ പാർട്ടിയുടെ പേര് മാറും; പുതിയ രണ്ടു പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സമർപ്പിച്ചു

മാണി സി കാപ്പന്റെ പാർട്ടിയുടെ പേര് മാറും; പുതിയ രണ്ടു പേരുകൾ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സമർപ്പിച്ചു

മാണി സി. കാപ്പൻ

മാണി സി. കാപ്പൻ

പഴയ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ മാണി സി കാപ്പൻ പാർട്ടി ചുമതലകളിൽ നിന്ന് മാറി.

  • Share this:

കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കേരളത്തിൽ ആകെ ചർച്ചയായ രാഷ്ട്രീയ നീക്കവുമായി ഇടത് എംഎൽഎ ആയിരുന്ന മാണി സി കാപ്പൻ രംഗത്ത് വന്നത്. 2019 പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ജോസ് കെ മാണിയുടെ അടുപ്പക്കാരനായ ജോസ് ടോമിനെ അട്ടിമറിച്ച് മാണി സി കാപ്പൻ ശ്രദ്ധ നേടിയത്. എന്നാൽ ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ എത്തിയതോടെ മാണി സി കാപ്പനെ ഇടതുമുന്നണി തഴയുകയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മാണി സി കാപ്പൻ യുഡിഎഫിൽ എത്തുകയായിരുന്നു. പ്രതിപക്ഷനേതാവ് എന്ന് രമേശ് ചെന്നിത്തല ഐശ്വര്യ കേരളയാത്ര നടത്തി പാലായിൽ എത്തിയപ്പോഴായിരുന്നു മാണി സി കാപ്പൻ വേദിയിലെത്തി സ്വീകരിച്ച് ഔദ്യോഗികമായി  യുഡിഎഫ് പ്രവേശനം നടത്തിയത്.  എൻസിപി വിട്ടുവന്ന മാണി സി കാപ്പനും ഒരു വിഭാഗവും എൻ സി കെ എന്ന പേരിൽ തുടർന്ന് പാർട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലായിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി ആണ് മാണി സി കാപ്പൻ നാമനിർദ്ദേശ പത്രിക നൽകിയത്. എന്നാൽ അന്ന് നൽകിയ പാർട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കാതെ വന്നതോടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്.

എൻസിപിയുടെ പൂർണ്ണ രൂപമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകൃത പാർട്ടികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേര് മാണി സി കാപ്പന്റെ പാർട്ടിക്ക് അംഗീകരിക്കാനാവില്ല എന്നതാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചത്. ഇതോടെയാണ് പുതിയ പേര് തേടി മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

രണ്ടു പേരുകൾ സമർപ്പിച്ചു

എൻ സി കെ എന്ന പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ പുതിയതായി രണ്ടു പേരുകൾ നിർദേശിച്ചതായി മാണി സി കാപ്പൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഡി സി കെ എന്നതാണ് ഒരു പേര്. ഡെമോക്രാറ്റിക് കോൺഗ്രസ് കേരള എന്നതാണ് ഇതിന്റെ പൂർണ്ണരൂപം എന്ന് മാണി സി കാപ്പൻ പറഞ്ഞു. രണ്ടാമത്തെ പേര് ഡി സി പി. ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി എന്നാണ് ഇതിന്റെ വിപുലമായ രൂപം. ഇതിൽ ഏതെങ്കിലും ഒരു പേര് അംഗീകരിക്കുമെന്ന് പ്രതീക്ഷയിലാണ് മാണി സി കാപ്പൻ ഇപ്പോൾ ഉള്ളത്. പഴയ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതോടെ മാണി സി കാപ്പൻ പാർട്ടി ചുമതലകളിൽ നിന്ന് മാറി. സ്വതന്ത്ര എംഎൽഎ എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മറ്റു പാർട്ടികളിൽ ചുമതലയേൽക്കുന്നത് യോഗ്യതയ്ക്ക് അടക്കം കാരണമാകുമെന്ന് വിലയിരുത്തലാണ് മാണി സി കാപ്പന് ഉള്ളത്.

പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മാണി സി കാപ്പൻ പറഞ്ഞു.  എല്ലാ ജില്ലകളിലും കൺവീനർമാരെ നിയോഗിച്ചു.

എൻസിപി വളരുന്നതിൽ സന്തോഷം, ശരത് പവാർ പ്രധാനമന്ത്രിയാകണം

എൻസിപി സംസ്ഥാനത്ത് വളരുന്നതിൽ സന്തോഷമുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. ശരത്പവാർ പ്രധാനമന്ത്രി ആകണം എന്ന് ആഗ്രഹം ആണ് തനിക്ക് ഉള്ളത്. പി സി ചാക്കോയുടെ നേതൃത്വത്തിൽ ആ പാർട്ടി കൂടുതൽ ഉന്നതങ്ങളിൽ എത്തുമെന്നും മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു. എന്നാൽ എൻസിപി വിട്ടത് തെറ്റാണെന്ന് തനിക്ക്  തോന്നിയിട്ടില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു. എംഎൽഎ മാരുടെ ഫണ്ട് വെട്ടികുറച്ച സംസ്ഥാന സർക്കാർ നടപടിയെ മണി സി കാപ്പൻ വിമർശിച്ചു. കേന്ദ്രസർക്കാർ എംപി ഫണ്ട് വെട്ടി കുറച്ചപ്പോൾ അതിനെ വിമർശിച്ച ഇടതുമുന്നണി എംഎൽഎ ഫണ്ട് വെട്ടിക്കുറച്ചത് നീതീകരിക്കാനാവില്ല എന്നും മാണി സി കാപ്പൻ പറഞ്ഞു. വികസനത്തെ ഇത് വലിയ രീതിയിൽ ബാധിക്കുമെന്നും കാപ്പൻ വ്യക്തമാക്കി.

First published:

Tags: Election Commission, Mani c kappan, Mani C Kappan Party, Pala