തിരുവനന്തപുരം: പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണ കമ്മീഷന്റെ കാലാവധി രണ്ടുമാസത്തേക്ക് നീട്ടി. മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്ത തോക്കുകളുടെ പരിശോധനയ്ക്ക് വിദഗ്ധനെ കിട്ടാത്തതിനാലാണ് അന്വേഷണം വൈകുന്നത്.
അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഞ്ചിക്കണ്ടി വനത്തിൽ കഴിഞ്ഞ വർഷമാണ് മഞ്ചിക്കണ്ടി വനമേഖലയിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ പൊലീസിനു നേരേ വെടിവയ്ക്കുകയായിരുന്നെന്നും ആത്മരക്ഷയ്ക്കു വേണ്ടി പൊലീസ് തിരിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം.
എന്നാൽ സ്ഥലം സന്ദർശിച്ച സിപിഐ പ്രതിനിധി സംഘം ഉൾപ്പെടെ സർക്കാരിനെതിരെ രംഗത്തുവന്നു. നിരായുധരായ മാവോയിസ്റ്റുകളെ പൊലീസുകാർ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്നും ഉന്നതതല അന്വേഷണം വേണമെന്നും സിപിഐ ഉൾപ്പെടെ ആവശ്യപ്പെട്ടു.
ഇതോടെയാണ് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് പാലക്കാട് ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തിയത്. മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തതെന്ന് സർക്കാർ അവകാശപ്പെടുന്ന തോക്കുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വെടിവയ്പിൽ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥന്റെ സേവനം ആവശ്യമാണെന്നും മൾട്ടിപ്പിൾ ഫയറിംഗ് നടത്താൻ കഴിയില്ലെന്നും ബാലിസ്റ്റിക് അസിസ്റ്റന്റ് ഡയറക്ടർ ജില്ലാ കളക്ടറെ അറിയിച്ചു.
പിടിച്ചെടുക്കപ്പെട്ട ആയുധങ്ങൾ ഉപയോഗിക്കാൻ അറിയാവുന്നയാളുടെ സഹായം ബാലിസ്റ്റിക് ഡയറക്ടർ തേടി. ഇതിനായി കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തു. ഇത് കോടതിയുടെ പരിഗണനയിലാണെന്നും ഫോറൻസിക് ഡയറക്ടർ സർക്കാരിനെ അറിയിച്ചു.
തുടർന്നാണ് തോക്ക് പരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്നും അന്വേഷണ കാലാവധി രണ്ടുമാസം ദീർഘിപ്പിക്കണമെന്നും പാലക്കാട് ജില്ലാ കളക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് മജിസ്ട്രേറ്റ്തല അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ രണ്ടുമാസത്തെ സാവകാശം നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maoist encounter attappady, Maoist encounter issue, Maoist killed