• HOME
  • »
  • NEWS
  • »
  • kerala
  • »
  • Manju Warrier | വനം വകുപ്പിന് വേണ്ടി മഞ്ജു പറഞ്ഞു; സ്വാഭാവിക വനം 'തിരിച്ചുപിടിച്ച്' ഹൈറേഞ്ചിലെ കുട്ടികള്‍

Manju Warrier | വനം വകുപ്പിന് വേണ്ടി മഞ്ജു പറഞ്ഞു; സ്വാഭാവിക വനം 'തിരിച്ചുപിടിച്ച്' ഹൈറേഞ്ചിലെ കുട്ടികള്‍

സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന മഞ്ജുവിന്‍റെ ആഹ്വാനത്തോട് സ്വാഭാവിക വനം എന്ന് എഴുതിയ കടലാസ് തലകീഴായി 'തിരിച്ചുപിടിച്ച്' ആണ് കുട്ടികള്‍ പ്രതികരിച്ചത്.

  • Share this:
    കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ സാഹചര്യത്തില്‍ നമ്മുടെ സ്വാഭാവിക വനം തിരിച്ചുപിടിക്കാന്‍ കേരള വനംവകുപ്പ് നടത്തിയ പ്രചാരണ വീഡിയോക്ക് വ്യത്യസ്തമായ മറുപടി നല്‍കി മലയോര കര്‍ഷക സംഘടനയായ കിഫ. നമ്മുടെ മഴയും കാലാവസ്ഥയും മാറിയതിന്റെ പശ്ചാത്തലത്തില്‍, സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന് ആഹ്വാനം ചെയ്ത് ചലച്ചിത്ര താരം മഞ്ജു വാര്യര്‍ വനം വകുപ്പ് വീഡിയോക്കെതിരെയാണ് ട്രോളുമായി കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (കിഫ) എന്ന സംഘടന രംഗത്തെത്തിയത്.

    സ്വാഭാവിക വനം തിരിച്ചുപിടിക്കണമെന്ന മഞ്ജുവിന്‍റെ ആഹ്വാനം ഹൈറേഞ്ചിലെ കുട്ടികള്‍ അക്ഷരം പ്രതി അനുസരിച്ചു. സ്വാഭാവിക വനം എന്ന് എഴുതിയ കടലാസ് തലകീഴായി 'തിരിച്ചുപിടിച്ച്' ആണ് ഹൈറേഞ്ച് പിള്ളേര് വെറെ റേഞ്ചില്‍ തന്നെ പ്രതികരിച്ചത്. സംഘടനയുടെ ആഹ്വാന പ്രകാരമായിരുന്നു കുട്ടികളുടെ ഈ സ്വഭാവിക വനം തിരിച്ചുപിടിച്ചുള്ള പ്രതിഷേധം.



    വനദിനമായ മാര്‍ച്ച് 19നാണ് വനം വകുപ്പിന്‍റെ യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. 1 മിനിറ്റ് 9 സെക്കന്‍റ്  ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ പറയുന്ന കാര്യങ്ങളോട് തങ്ങള്‍ യോജിക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരിക്കാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

    ഞങ്ങളൊക്കെ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നത് പെരുമഴയിലേക്കായിരിക്കും''എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വീഡിയോ ആരംഭിക്കുന്നത്. ഇപ്പോള്‍ മഴയുടെയും മറ്റു ഋതുക്കളുടെയും കാലം തെറ്റി. അതിനു കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ഈ ഭൂമി മനുഷ്യരുടേത് മാത്രമല്ല, എല്ലാ ജീവികളുടേതുമാണ്. കാലാവസ്ഥാ വ്യതിയാനം വിതയ്ക്കുന്ന ദുരന്തത്തില്‍നിന്നും ഭൂമിയെയും അവിടെയുള്ള ജീവജാലങ്ങളെയും രക്ഷിക്കേണ്ട ബാധ്യത നമുക്കാണെന്നും വീഡിയോയില്‍ പറയുന്നു.



    കാലാവസ്ഥാ വ്യതിയാനത്തെ ഒരു പരിധി വരെ ചെറുക്കാൻ വനങ്ങൾക്കു കഴിയും, സ്വാഭാവിക വനം തിരിച്ചു പിടിക്കണം എന്നിങ്ങനെ പൊതുസമൂഹത്തോട് മഞ്ജു പറയുന്ന കാര്യങ്ങളിലാണ് കർഷകരില്‍ നിന്ന് എതിർപ്പുണ്ടായത്.

    കേരളം മുഴുവൻ വനം ആക്കിയാൽ കാലാവസ്ഥാ വ്യതിയാനം പൂർണ്ണമായി ചെറുക്കാൻ കഴിയുമോ? എന്നു മുതൽ നഷ്ടപ്പെട്ട സ്വാഭാവിക വനമാണ് തിരിച്ചു പിടിക്കേണ്ടത്? എവിടെയുള്ള സ്വാഭാവിക വനമാണ് തിരിച്ചു പിടിക്കേണ്ടത്? കർഷകർ ചോദിക്കുന്നു. 1980 മുതൽ കേരളത്തിലെ സ്വാഭാവിക വനം 29 ശതമാനമായി നിലനിൽക്കുന്നു, മാത്രമല്ല അത് കൂടിവരുന്നുമുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിൽ എവിടെയാണ് സ്വാഭാവിക വനം നശിപ്പിക്കപ്പെടുന്നത് എന്നും ആരാണ് നശിപ്പിക്കുന്നത് എന്ന് അറിയാനും തങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെന്നും കർഷകർ പറയുന്നു.

    അതോടൊപ്പം നിലവിലുള്ള 29 ശതമാനം വനം ശരിയായ രീതിയിൽ സംരക്ഷിക്കപ്പെടുന്നില്ലെന്നും സംരക്ഷണത്തിന്റെ പേരിൽ അഴിമതികൾ നടക്കുന്നുണ്ടെന്നും കിഫ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നുണ്ട്. കൂടാതെ ആനയെ പ്രതിരോധിക്കുന്നതിനായി കിലോമീറ്ററിന് കോടികൾ മുടക്കി നടത്തിയ ചില നിർമ്മാണ പ്രവർത്തനങ്ങളുടെ പാളിച്ചകൾ മെക്കാനിക്കൽ, സിവിൽ എൻജിനീയറിങ് വിദഗ്ധരുടെ പഠനങ്ങൾ  ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തങ്ങൾ പുറത്തുവിടുമെന്നും കിഫ പ്രതികരിച്ചു.
    Published by:Arun krishna
    First published: