• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛൻ മരിച്ച് ഒരുമാസം കഴിഞ്ഞ് അർജുനും; ഭർത്താവിന്റെ വേർപാടിന്റെ വേദനയടങ്ങും മുൻപേ മകന്റെ മരണത്തിന് സാക്ഷിയായി ജിഷ

അച്ഛൻ മരിച്ച് ഒരുമാസം കഴിഞ്ഞ് അർജുനും; ഭർത്താവിന്റെ വേർപാടിന്റെ വേദനയടങ്ങും മുൻപേ മകന്റെ മരണത്തിന് സാക്ഷിയായി ജിഷ

ഇക്കഴിഞ്ഞ ജനുവരി 29നാണ് അർജുന്റെ പിതാവ് ഷിബു (42) മരിച്ചത്

  • Share this:

    കൊച്ചി: ഇടുക്കി മാങ്കുളത്ത് സ്കൂളിൽ നിന്ന് വിനോദയാത്ര പോയ  വിദ്യാർത്ഥികൾ മുങ്ങി മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. വിനോദയാത്രയ്ക്കായി പുറപ്പെട്ട അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മകന്റെയും മരണം താങ്ങാനാകാത്ത അവസ്ഥയിലാണ് അർജുൻ ഷിബുവിന്റെ കുടുംബം.

    പിതാവിന്റെ അകാലമരണത്തിന്റെ നീറുന്ന ഹൃദയവുമായി പരീക്ഷ എഴുതിയ അർജുൻ, പരീക്ഷ കഴിഞ്ഞയുടൻ പിതാവിന്റെ അടുത്തേക്കു യാത്രയായി. ജോലിസ്ഥലത്തുണ്ടായ അപകടത്തെ തുടർന്നു ഇക്കഴിഞ്ഞ ജനുവരി 29നാണ് അർജുന്റെ പിതാവ് ഷിബു (42) മരിച്ചത്. തൊട്ടു പിന്നാലെ അർജുൻ അവസാന വർഷ പരീക്ഷയും എത്തി.

    പഠനത്തിൽ മിടുക്കനായ അർജുൻ പിതാവിന്റെ വേർപാടിന്റെ നൊമ്പരത്തിൽ ഇടറി വീണില്ല. പരീക്ഷകൾ പൂർത്തീകരിച്ചു. എന്നാൽ പരീക്ഷയ്ക്കു ശേഷം സഹപാഠികൾക്കൊപ്പം നടത്തിയ വിനോദ യാത്ര അർജുന്റെ അവസാന യാത്രയായി.

    ഇടുക്കി സ്വദേശികളാണ് ഷിബുവും കുടുംബവും ശ്രീമൂലനഗരത്തെ അരിമില്ലിൽ തൊഴിലാളിയായി എത്തിയ ഇടുക്കി മടുക്കങ്കൽ ഷിബു 15 വർഷം മുൻപാണ് തന്റെ കുടുംബത്തെ ജോലിസ്ഥലത്തിന് അടുത്തേക്കു കൊണ്ടുവന്നത്. ഷിബു അരിമില്ലിലെ ജോലിയിൽ നിന്നുള്ള വരുമാനം കൂട്ടിവച്ചു 2 വർഷം മുൻപ് മാണിക്യമംഗലത്ത് 5 സെന്റ് സ്ഥലവും വീടും വാങ്ങി താമസമാക്കി. കഴിഞ്ഞ ജനുവരി 21ന് അരിമില്ലിലെ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റുന്നതിനിടെ ഷിബു താഴെ വീണു. ചികിത്സയിൽ കഴിയുന്നതിനിടെ 29നു മരിച്ചു.

    Also Read- മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ ഇടുക്കിയിൽ പുഴയിൽ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രാസംഘം

    ഷിബുവിന്റെ ഭാര്യ ജിഷ കുടുംബം പുലർത്താൻ കാലടിയിലെ പലചരക്കു കടയിൽ ജോലിക്കു പോകുന്നു. ഭർത്താവിന്റെ മരണത്തിന്റെ വേദന അടങ്ങുന്നതിനു മുന്‍പേ മകനും പോയി. കൂടെയുള്ളതു യുകെജി വിദ്യാർത്ഥിനിയായ മകൾ അപർണ മാത്രം.

    സ്കൂളിൽ നിന്നും സ്റ്റഡി ടൂറിനെത്തിയ സംഘത്തിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. അഞ്ചു കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരടക്കം ഓടിയെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിന്നിടയില്‍ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി. മൂന്നു കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    നീന്തല്‍ അറിയാവുന്ന കുട്ടികളാണ് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. പക്ഷെ ഇവിടുത്തെ അടിയൊഴുക്കാണ് കുട്ടികളെ ചതിച്ചത്. വലിയ ആഴമില്ലാത്ത സ്ഥലമായതിനാല്‍ അപകട ശങ്കയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയത്. വെള്ളം കണ്ടപ്പോള്‍ ആര്‍ക്കും തടയാന്‍ കഴിയും മുന്‍പ് തന്നെ കുട്ടികള്‍ പുഴയിലേക്ക് ചാടുകയായിരുന്നു. പക്ഷെ അടിയൊഴുക്ക് വിനയായി. അഞ്ചു കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. പക്ഷെ രണ്ടു കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞു.

    Also Read- തൃശൂര്‍ പാലയൂര്‍ പള്ളി തളിയകുളത്തിൽ പന്ത്രണ്ടുകാരൻ മുങ്ങി മരിച്ചു

    മുങ്ങിപ്പോയ കുട്ടികളെ കണ്ടെടുത്ത ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. തൊട്ടടുത്തുള്ള ആശുപത്രി അടിമാലിയാണ്. രണ്ടു മണിക്ക് അപകടത്തില്‍പ്പെട്ട കുട്ടികളെ നാല് മണിക്കാണ് അടിമാലി ആശുപത്രിയില്‍ എത്തിച്ചത്.

    സഞ്ചാരികളെ ഒറ്റനോട്ടത്തില്‍ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ആനക്കുളം. പക്ഷെ വല്യപാറ കൂട്ടിയിൽ പുഴ അപകടകാരിയാണ്. പുഴയില്‍ ഇറങ്ങിയാല്‍ അപകടം ഉറപ്പ്. കഴിഞ്ഞ ആഴ്ചയും ഒരു കോളേജ് വിദ്യാർത്ഥിയും വിനോദയാത്രയ്ക്ക് വന്നു ഇവിടെ മുങ്ങിമരിച്ചിരുന്നു.

    Published by:Rajesh V
    First published: