HOME » NEWS » Kerala » MANMOHAN BUNGALOW TO ANTONY RAJU MINISTERS GET OFFICIAL HOUSES

Pinarayi 2.0| മന്ത്രിമാർക്ക് ഔദ്യോഗിക വസതികളായി; മൻമോഹൻ ബംഗ്ലാവ് ആന്റണി രാജുവിന്

മന്ത്രിമാർ വാഴില്ലെന്ന അന്ധവിശ്വാസമുള്ള മന്ത്രിഭവനമാണ് മൻമോഹൻ ബംഗ്ലാവ്. കഴിഞ്ഞ തവണ തോമസ് ഐസക് ആയിരുന്നു ഇവിടെ താമസമാക്കിയത്.

News18 Malayalam | news18-malayalam
Updated: May 21, 2021, 6:56 PM IST
Pinarayi 2.0| മന്ത്രിമാർക്ക് ഔദ്യോഗിക വസതികളായി; മൻമോഹൻ ബംഗ്ലാവ് ആന്റണി രാജുവിന്
മൻമോഹൻ ബംഗ്ലാവ്
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം പിണറായി വിജയൻ മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ മന്ത്രിയുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങി. ഇപ്പോൾ മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുകയാണ്.  മന്ത്രിമാർ വാഴില്ലെന്ന അന്ധവിശ്വാസമുള്ള മന്ത്രിഭവനമാണ് മൻമോഹൻ ബംഗ്ലാവ്. കഴിഞ്ഞ തവണ തോമസ് ഐസക് ആയിരുന്നു ഇവിടെ താമസമാക്കിയത്. ഇത്തവണ ഈ വസതി ആർക്ക് ലഭിക്കുമെന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. എന്നാൽ തലസ്ഥാനത്തെ ആന്റണി രാജുവിനാണ് മൻമോഹൻ ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്.

മന്ത്രി റോഷി അഗസ്റ്റിന് ലഭിച്ചതാകട്ടെ കെ എം മാണി മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ പ്രശാന്ത്. അവിടെയും തീർന്നില്ല. ധനമന്ത്രിയായിരുന്നപ്പോൾ കെ എം മാണി ഉപയോഗിച്ചിരുന്നു 3ാം നമ്പർ കാർ തന്നെയാണ് റോഷി അഗസ്റ്റിന് ലഭിച്ചത്.

മന്ത്രിമാർക്ക് അനുവദിച്ച ഔദ്യോഗിക വസതികൾ-  

1. മുഖ്യമന്ത്രി പിണറായി വിജയൻ- ക്ലിഫ് ഹൗസ്, നന്തൻകോട്
2 കെ രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം
3. റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തൻകോട്
4. കെ കൃഷ്ണൻകുട്ടി- പെരിയാർ, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തൻകോട്
5. എ കെ ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം
6. അഹമ്മദ് ദേവർകോവിൽ- തൈക്കാട് ഹൗസ്, വഴുതക്കാട്
7. ആന്റണി രാജു- മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം
8. ജി ആർ അനിൽ- അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം
9. കെ എൻ ബാലഗോപാൽ- പൗർണമി, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തൻകോട്
10. പ്രൊഫ. ആർ ബിന്ദു- സാനഡു, വഴുതക്കാട്
11. ജെ ചിഞ്ചുറാണി- അശോക, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തൻകോട്
12. എം വി ഗോവിന്ദൻ- നെസ്റ്റ്, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തൻകോട്
13. അ‍ഡ്വ. പി എ മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തൻകോട്
14. പി പ്രസാദ്- ലിന്ററസ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്തൻകോട്
15. കെ രാധാകൃഷ്ണൻ- എസെൻഡൻസ്, ക്ലിഫ് ഹൗസ് കോംപൗണ്ട്, നന്തൻകോട്
16. പി രാജീവ്- ഉഷസ്, നന്തൻകോട്
17. സജി ചെറിയാൻ- കവടിയാർ ഹൗസ്, വെള്ളയമ്പലം
18. വി ശിവൻകുട്ടി- റോസ് ഹൗസ്, വഴുതക്കാട്
19. വി എൻ വാസവൻ - ഗംഗ, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം
20. വീണ ജോർജ് - നിള, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം

മൻമോഹൻ ബംഗ്ലാവും അന്ധവിശ്വാസവും

മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ അധികനാൾ വാഴില്ലെന്ന വിശ്വാസം തകർത്താണ് ഡോ. തോമസ് ഐസക് കാലാവധി പൂർത്തിയാക്കിയത്. എന്നാൽ മൻമോഹനിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്നാണ് മറ്റൊരു കൂട്ടർ പരത്തുന്ന അന്ധവിശ്വാസം. അങ്ങനെ നോക്കുകയാണെങ്കിൽ ഐസക്കിന് ഇത്തവണ സീറ്റു പോലും ലഭിച്ചില്ലല്ലോയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ശ്രീമൂലം തിരുനാൾ നിർമിച്ച ഈ മന്ദിരം കവടിയാറിൽ രാജ്‌ഭവനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ മന്ത്രിസഭയുടെകാലത്ത് ആദ്യമായി ഈ ബംഗ്ലാവ് അനുവദിച്ചുകിട്ടിയതു മന്ത്രി പി.എസ്. നടരാജപിള്ളയ്‌ക്കായിരുന്നു. താമസത്തിനു രാജപ്രതാപം വേണ്ടെന്നു വിശ്വസിച്ച അദ്ദേഹം, ഒരു ചെറിയ വീട്ടിൽ താമസിച്ചുകൊണ്ടു മൻമോഹൻ ബംഗ്ലാവ് ഓഫീസാക്കി. പിന്നീട് എ.ജെ.ജോൺ, കെ.കരുണാകരൻ, ആർ.ബാലകൃഷ്‌ണപിള്ള തുടങ്ങി ഇവിടെ താമസിച്ച് അറംപറ്റിയവരുടെ നിര ഏറെയാണ്. തിരു-കൊച്ചി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ എ.ജെ. ജോണിനു ബംഗ്ലാവും സ്ഥാനവും അതിവേഗം ഒഴിയേണ്ടിവന്നു.

Also Read- Pinarayi 2.0| ഇത്തവണ 13ാം നമ്പർ ആർക്കും വേണ്ട; കഴിഞ്ഞ തവണ ചോദിച്ച് വാങ്ങിയത് തോമസ് ഐസക്ക്

ആഭ്യന്തര മന്ത്രിയായി കാലാവധി തികച്ചെങ്കിലും പിന്നീടു മുഖ്യമന്ത്രിയായി ഒരു മാസത്തിനുള്ളിൽ കരുണാകരനും മൻമോഹന്റെ പടിയിറങ്ങി. പിന്നീട് മൻമോഹനിലെത്തിയ മന്ത്രി ആർ.ബാലകൃഷ്‌ണപിള്ള പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ കാലാവധി തികയ്‌ക്കാതെ സ്ഥാനമൊഴിഞ്ഞു. 2006ൽ വിഎസ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഈ ബംഗ്ലാവ് മന്ത്രിവാഴാത്ത മന്ദിരമായി വീണ്ടും മുദ്രകുത്തപ്പെട്ടത്. കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് ഈ വസതി ലഭിച്ചത്. വാസ്തു ശാസ്ത്ര പ്രകാരം വീടിനും ഗേറ്റിനും മാറ്റങ്ങൾ വരുത്താൻ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണമുയർ‌ന്നു. ഇതേത്തുടർന്ന് വെറും രണ്ടരമാസത്തെ താമസത്തിനു ശേഷം 2006 ഒക്ടോബറിൽ മന്ത്രി കോടിയേരി ബാലകൃഷ്ണൻ മൻമോഹൻ ബംഗ്ലാവിനോടു വിടപറഞ്ഞ് എകെജി സെന്ററിനു സമീപത്തെ ഫ്ലാറ്റിലേക്കു താമസം മാറ്റി.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിർദേശിച്ചതിനെ തുടർന്നായിരുന്നു നിർമാണ പ്രവർത്തനങ്ങളെന്നു പിന്നീടു നടന്ന വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായെങ്കിലും പറഞ്ഞതിൽ കൂടുതൽ പണി ചെയ്തതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് സസ്പെൻഷനിലായത്. പിന്നീട് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിനായി ഈ കെട്ടിടം പരിഗണിച്ചെങ്കിലും ബെഞ്ച് സ്ഥാപിക്കൽ നടന്നില്ല. പിന്നാലെ നവംബറിൽ പൊതുമരാമത്ത് മന്ത്രി ടി.യു.കുരുവിള മൻമോഹൻ ബംഗ്ലാവിൽ താമസം തുടങ്ങി.

ഭൂമിയിടപാടിന്റെ പേരിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെ 2007 സെപ്റ്റംബർ രണ്ടിനു കുരുവിള രാജിവച്ചതോടെ മൻമോഹൻ ബംഗ്ലാവ് വീണ്ടും മന്ത്രിയില്ലാ മന്ദിരമായി. പകരം വന്ന മോൻസ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചു. എന്നാൽ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തപ്പെട്ടിരുന്ന പി ജെ ജോസഫ് കുറ്റമുക്തനായി തിരിച്ചു വന്നതോടെ മോൻസ് ജോസഫ് തന്റെ പദവിയും ബംഗ്ലാവും ജോസഫിനായി ഒഴിഞ്ഞു. മൻമോഹൻ ബംഗ്ലാവ് ഏറ്റെടുക്കരുതെന്നു പലരും ഉപദേശിച്ചെങ്കിലും ജോസഫ് അവിടെത്തന്നെ താമസം തുടങ്ങി. 2010ൽ എൽഡിഎഫിൽ നിന്നു യുഡിഎഫിലേയ്ക്കു ചേക്കേറിയതോടെ മന്ത്രിപദം രാജിവച്ച് ജോസഫ് ബംഗ്ലാവ് ഒഴിഞ്ഞു. പകരം മന്ത്രിയായെത്തിയ വി.സുരേന്ദ്രൻ പിള്ളയ്ക്ക് മൻമോഹൻ ബംഗ്ലാവ് അനുവദിച്ചെങ്കിലും അദ്ദേഹം അവിടെ താമസിക്കാൻ കൂട്ടാക്കാതെ കവടിയാറിലെ സ്വന്തം വീട്ടിൽ താമസിക്കുകയും ബംഗ്ലാവിനെ ക്യാംപ് ഓഫിസാക്കി മാറ്റുകയും ചെയ്തു.

പിന്നീടു 2011ൽ യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ ഷിബു ബേബി ജോണും ആര്യാടൻ മുഹമ്മദും താൽപര്യം പ്രകടിപ്പിച്ചു. ഒടുവിൽ ആര്യാടന് അനുവദിച്ചു. സോളർ കേസുമായി ബന്ധപ്പെട്ട് ആര്യാടനെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും മന്ത്രിക്കസേരയ്ക്ക് ഇളക്കം തട്ടിയില്ല. ആര്യാടനും ഐസക്കിനും പുറമെ മൻമോഹനിൽ താമസിച്ചു കാലാവധി പൂർത്തിയാക്കിയ കൂട്ടത്തിൽ യുഡിഎഫ് സർക്കാരിൽ മന്ത്രിയായിരുന്ന എം വി രാഘവനുമുണ്ട്.
Published by: Rajesh V
First published: May 21, 2021, 6:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories