പാലക്കാട്: വനം വകുപ്പ് ഡ്രൈവറെ മണ്ണാർക്കാട് ഡിഎഫ്ഒ മർദ്ദിച്ചതായി പരാതി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ വി എ സുനിലാണ് മണ്ണാർക്കാട് ഡി എഫ് ഒ ജയപ്രകാശിനെതിരെ മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിൽ സന്ദർശനം നടത്തിയ ഡി എഫ് ഒ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ ക്യാബിനിൽ വെച്ച് മർദ്ദിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം പാലക്കയത്തിന് സമീപം വെറ്റിലച്ചോല ആദിവാസി കോളനി നിവാസിൽ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ടാണ് തർക്കം. കോളനിനിവാസികൾക്ക് സുനിൽ വിവരങ്ങൾ നൽകുന്നുവെന്നാരോപിച്ച് ഡി എഫ് ഒ മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സുനിലിനെ മർദ്ദിച്ചുവെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും മണ്ണാർക്കാട് ഡിഎഫ്ഒ ജയപ്രകാശ് പ്രതികരിച്ചു. സംഭവത്തിൽ കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
ഇതിനിടെ പ്രശ്നം ഒത്തുതീർപ്പാക്കാനും ഉദ്യോഗസ്ഥതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വെറ്റിലച്ചോല കോളനി നിവാസികൾ വനം വകുപ്പിനെതിരെ വാർത്താ സമ്മേളനം നടത്തിയത്. കോളനി നിവാസികൾക്ക് വനം വകുപ്പിൻ്റെ ജോലികൾ കിട്ടുന്നില്ലെന്നായിരുന്നു പ്രധാന പരാതി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലുള്ള ജോലികൾക്ക് പുറമെ നിന്നും ആളുകളെ കൊണ്ടുവരുന്നതായും കോളനി നിവാസികളെ മാറ്റി നിർത്തുന്നതായും ഇവർ ആരോപിച്ചു.
പ്രദേശത്തെ ആശാവർക്കറായ ഒരാൾക്ക് നിലവിലുള്ള ജോലിയ്ക്ക് പുറമെ വനം വകുപ്പിൽ പാർട് ടൈം സ്വീപ്പറായി നിയമിച്ചതായും ഇവർ ആരോപിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ സുനിൽ നൽകിയ വിവരമാണെന്നാണ് ആരോപണമുയർന്നത്. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് നിലവിലെ വിവാദത്തിൽ കലാശിച്ചതെന്ന് ജീവനക്കാർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Forest department, Palakkad