കൊച്ചി: അട്ടപ്പാടിയിൽ തണ്ടർബോൾട്ട് കൊലപ്പെടുത്തിയ മാവേയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. അടുത്ത ഉത്തരവ് ഉണ്ടാകും വരെ മൃതദേഹം സംസ്കരിക്കരുതെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ അഞ്ചു ദിവസമായി സൂക്ഷിക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നില്ലാലോയെന്നായിരുന്നു കോടതിയുടെ പ്രതികരണം. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ പുകമറയുണ്ട്. അത് മാറ്റണ്ടേയെന്നും കോടതി ആരാഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കണം. അടുത്ത ഉത്തരവ് ഉണ്ടാകും വരെ
മൃതദേഹങ്ങള്‍ നശിക്കാതെ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മൃതദേഹങ്ങൾ സംസ്കരിക്കാൻ പാലക്കാട് ജില്ലാ കോടതി പൊലീസിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് ചോദ്യ ചെയ്ത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.