കോഴിക്കോട്: സി പി ഐ മാവോയിസ്റ്റ് അർബൻ ചുമതലയുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശി സി പി ഉസ്മാൻ(35) പട്ടിക്കാട് വച്ച് അറസ്റ്റിൽ. ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഇന്നലെ രാത്രിയാണ് ഉസ്മാനെ പിടികൂടിയത്. 2019 നവംബർ ഒന്നിന് പന്തീരങ്കാവ് വെച്ച് അലനും താഹയും അറസ്റ്റിലായപ്പോൾ ഉസ്മാനും കൂടെ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനും താഹ ഫസലിനുമൊപ്പമുണ്ടായിരുന്ന മൂന്നാമൻ സി.പി.ഉസ്മാൻ മുൻപ് പലതവണ പൊലീസിനെ വെട്ടിച്ചു കടന്നതാണെന്ന് അന്വേഷണ സംഘം പറയുന്നു. 2019 ജനുവരിയിൽ കോഴിക്കോട് ബീച്ചിൽ നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ വെച്ചും പൊലീസ് വളഞ്ഞെങ്കിലും വിദഗ്ധമായി രക്ഷപ്പെട്ടു. സംസ്ഥാനത്ത് അഞ്ച് യുഎപിഎ കേസുകളിൽ പ്രതിയാണ് സി പി ഉസ്മാൻ.
2010ൽ ഒല്ലൂർ പൊലീസ് സ്റ്റേഷനിലാണ് ആദ്യത്തെ യുഎപിഎ കേസ് രജിസ്റ്റർ ചെയ്തത്. മാനന്തവാടിയിൽ 2013 ലും കരുവാരകുണ്ടിൽ 2016ലും യുഎപിഎ പ്രകാരം അറസ്റ്റിലായി. 2016ൽ തന്നെ സുൽത്താൻ ബത്തേരിയിലും കേസുകളിൽ ഇതേ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. ഇതേവർഷം മഞ്ചേരി സബ്ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി ആറ്മാസം കിടന്ന ശേഷം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിലിറങ്ങുകയായിരുന്നു. മറ്റ് എട്ട് കേസുകൾ കൂടി ഇയാൾക്കെതിരെ ഉണ്ടെങ്കിലും അഞ്ച് വർഷമായി പൊലീസിന് കണ്ടെത്താനായിരുന്നില്ല.
സി പി ഐ മാവോയിസ്റ്റ് കേരള അർബൻ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഉസ്മാന് വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്ന് പൊലീസ് പറയുന്നു. അരീക്കോട് എ ടി എസ് ക്യാമ്പിൽ സി പി ഉസ്മാനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. പന്തീരങ്കാവ് യു എ പി എ കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതി വിജിത് വിജയനും പിടിയിലായിരുന്നു.
പന്തീരങ്കാവ് യുഎപിഎ കേസിൽ സുപ്രീംകോടതിയിൽ അനുബന്ധ കുറ്റപത്രം എൻഐഎ സമർപ്പിച്ചിരുന്നു. കുറ്റപത്രം നാലാംപ്രതി വിജിത് വിജയനെതിരെയാണ്. വിജിത് വിജയൻ മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു എന്നാണ് എൻഐഎ കുറ്റപത്രത്തിൽ പറയുന്നത്. അലൻ ഷുഹൈബിനെയടക്കം റിക്രൂട്ട് ചെയ്യുന്നതിൽ വിജിത് വിജയൻ പ്രധാന പങ്ക് വഹിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഗൂഡാലോചന, നിയമ വിരുദ്ധ പ്രവർത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുക, അന്യായമായി സംഘം ചേരുക തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍. കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്.
സി പി ഉസ്മാന്റെ സഹോദരനും മാവോയിസ്റ്റു പ്രവർത്തകനുമായ സി പി ജലീൽ 2019 മാർച്ചിൽ വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സഹോദരനായ സി പി ഇസ്മായിൽ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പളിക്കൊപ്പം പൂനെയിൽ വച്ച് പിടിയിലായിരുന്നു. ഇനിയൊരു സഹോദരനായ സി പി മൊയ്തീൻ സി പി ഐ മാവോയിസ്റ്റ് റൂറൽ ചുമതലയുള്ള പിടികിട്ടാപ്പുള്ളിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alan shuhaib, Kozhikode maoist case, Pantheerancauv UAPA Case