• HOME
  • »
  • NEWS
  • »
  • kerala
  • »
  • മത്തി കുറഞ്ഞു; അയല കൂടി; രാജ്യത്തെ മത്സ്യോല്പാദനം കുറഞ്ഞു; കേരളത്തിൽ നേരിയ വർധന

മത്തി കുറഞ്ഞു; അയല കൂടി; രാജ്യത്തെ മത്സ്യോല്പാദനം കുറഞ്ഞു; കേരളത്തിൽ നേരിയ വർധന

മത്തി കുറഞ്ഞപ്പോൾ സംസ്ഥാനത്ത് അയല ഗണ്യമായി കൂടി. മുൻ വർഷത്തേക്കാൾ 142 ശതമാനമാണ് വർധനവ്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്. കഴിഞ്ഞവർഷം ഇന്ത്യയിലാകെ മുൻവർഷത്തേക്കാൾ 54 ശതമാനം മത്തി കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനമാണ്. 2017ൽ ലഭിച്ചതിനേക്കാൾ ഏകദേശം അമ്പതിനായിരം ടൺ കുറഞ്ഞ് ആകെ 77,093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞവർഷം ലഭിച്ചത്. എന്നാൽ, മറ്റ് മീനുകൾ കൂടിയതിനാൽ കടലിൽ നിന്നുള്ള സംസ്ഥാനത്തെ ആകെ മത്സ്യലഭ്യതയിൽ 10 ശതമാനം വർധനവുണ്ടായി. പോയവർഷം 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് പിടിച്ചത്. മുൻവർഷം ഇത് 5.85 ലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞവർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മീനുകളുടെ കണക്ക് വെള്ളിയാഴ്ചയാണ് സിഎംഎഫ്ആർഐ പുറത്തുവിട്ടത്.

    മത്തി കുറഞ്ഞപ്പോൾ സംസ്ഥാനത്ത് അയല ഗണ്യമായി കൂടി. മുൻ വർഷത്തേക്കാൾ 142 ശതമാനമാണ് വർധനവ്. കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. അയലയ്ക്ക് പുറമേ, കൊഴുവ, കിളിമീൻ, ചെമ്മീൻ, കൂന്തൽ-കണവ എന്നിവയും കേരളത്തിൽ കൂടി. കഴിഞ്ഞ വർഷത്തെ ഇന്ത്യയിൽ ആകെയുള്ള മത്സ്യോൽപാദനം 34.9 ലക്ഷം ടൺ ആണ്. മുൻവർഷത്തേക്കാൾ ഒമ്പത് ശതമാനം കുറവുണ്ടായി. ഒന്നാം സ്ഥാനത്തായിരുന്ന മത്തി ദേശീയതലത്തിൽ ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പു കുത്തിയതും പശ്ചിമബംഗാൾ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതുമാണ് രാജ്യത്തെ മൊത്തം മത്സ്യലഭ്യതയിൽ ഇടിവ് വന്നത്. അസാധാരണമാം വിധം ക്ലാത്തി മത്സ്യം കൂടിയതാണ് മറ്റൊരു പ്രത്യേകത.

    എസ്എഫ്ഐക്കെതിരെ പരാതി പ്രവാഹം; സർക്കാര്‍ റിപ്പോർട്ട് തേടി

    ആകെ ഉൽപാദനത്തിൽ നേരിയ വർധനവുണ്ടായെങ്കിലും രാജ്യത്തെ സമുദ്ര മത്സ്യോൽപാദനത്തിൽ കേരളം കഴിഞ്ഞവർഷത്തെ പോലെ തന്നെ മൂന്നാമതാണ്. ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം.  ആകെ സമ്പത്തിന്‍റെ 25 ശതമാനം. ഏറ്റവും കൂടുതൽ മത്സ്യം ലഭിച്ച തുറമുഖം മുനമ്പം ആണ്.

    കഴിഞ്ഞ വർഷം രാജ്യത്തെ ലാൻഡിംഗ് സെന്‍ററുകളിൽ വിറ്റഴിക്കപ്പെട്ടത് 52,632 കോടി രൂപയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 0.4 ശതമാനമാണ് വർധനവ്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 80,320 കോടി രൂപയുടെ മീനാണ് വിൽപന നടത്തിയത്. ലാൻഡിംഗ് സെന്ററുകളിൽ ഒരു കിലോ മീനിന് 11.1 ശതമാനം വർധനവിൽ ശരാശരി വില 152 രൂപയും ചില്ലറ വ്യാപാരത്തിൽ 13.4 ശതമാനം കൂടി 232 രൂപയും ലഭിച്ചു.

    സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്‍റ് വിഭാഗമാണ് പുതുതായി നിലവിൽ വന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി കണക്കുകൾ തയ്യാറാക്കിയത്. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം (ഐസിഎആർ) അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ഡോ പി പ്രവീൺ, സിഎംഎഫ്ആർഐയിലെ വിവിധ വകുപ്പ് മേധാവികളാ ഡോ ടി വി സത്യാനന്ദൻ, ഡോ സുനിൽ മുഹമ്മദ്, ഡോ ജി മഹേശ്വരുഡു,  ഡോ പി യു സക്കറിയ, ഡോ പ്രതിഭ രോഹിത്, ഡോ സി രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

    First published: