തിരുവനന്തപുരം: മാർക്ക് ലിസ്റ്റ് തിരുത്തൽ വിവാദം പുകയുന്നതിനിടെ അവധി ദിനത്തിൽ കേരള സർവകലാശാല ആസ്ഥാനത്തെ കമ്പ്യൂട്ടർ സെന്റർ തുറന്നത് വിവാദത്തിൽ. കമ്പ്യൂട്ടർ സെന്റർ ഡയറക്ടറുടെ നേതൃത്വത്തിലാണ് ഞായറാഴ്ച കമ്പ്യൂട്ടർ സെന്റർ, രജിസ്ട്രാറുടെ മുൻകൂർ അനുമതിയില്ലാതെ തുറന്നത്. മാർക്ക് ലിസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പ്യൂട്ടർ സെന്റർ തുറന്നതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
പ്രോഗ്രാമർമാരുമായെത്തിയാണ് ഡയറക്ടർ കമ്പ്യൂട്ടർ സെന്റർ തുറന്നത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി വിഭാഗത്തിലെ ഉദ്യോഗസ്ഥർ വൈസ് ചാൻസിലറെയും രജിസ്ട്രാറെയും വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് വൈസ് ചാൻസിലറും രജിസ്ട്രാറും സ്ഥലത്തെത്തി കമ്പ്യൂട്ടർ സെന്റർ പൂട്ടിച്ചു.
അവധി ദിവസങ്ങളിൽ ജീവക്കാർക്ക് സർവകലാശാല ഓഫീസിൽ എത്തണമെങ്കിൽ രജിസ്ട്രാറുടെ മുൻകൂർ അനുമതി വാങ്ങണം. ഈ അനുമതി സെക്യൂരിറ്റി ഓഫീസർക്ക് കൈമാറും. അവരാണ് ഓഫീസ് തുറന്നു കൊടുക്കേണ്ടത്. എന്നാൽ ഇത്തരമൊരു അനുമതി വാങ്ങാതെയാണ് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ ഞായറാഴ്ച സർവകലാശാലാ ആസ്ഥാനത്തെത്തി ഓഫീസ് തുറന്നത്. കള്ളത്താക്കോൽ ഉപയോഗിച്ചാണ് ഓഫീസ് തുറന്നതെന്നും സെക്യൂരിറ്റി ജീവനക്കാർ ആരോപിക്കുന്നു.
സർവകലാശാലയിൽ ഓഫീസുകൾപൂട്ടുന്നതും താക്കോൽ കൈവശം വയ്ക്കുന്നതും സെക്യൂരിറ്റി ജീവനക്കാരാണ്. ഈ സാഹചര്യത്തിൽ സെന്റർ ഡയറക്ടർ കള്ളതാക്കോൽ കൈവശം വച്ചതിനെതിരെയും ആക്ഷേപമുയർന്നിട്ടുണ്ട്. മാർക്ക് ലിസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പാക്കാൻ ശ്രമമുണ്ടായെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.