നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഈ മസ്ജിദ് തുറന്നിരുന്നു, പോസ്റ്റ്മോർട്ടം നടത്താനായി; കവളപ്പാറയിലെ ദുരന്തമുഖത്തു നിന്നും ഒരു മാതൃക

  ഈ മസ്ജിദ് തുറന്നിരുന്നു, പോസ്റ്റ്മോർട്ടം നടത്താനായി; കവളപ്പാറയിലെ ദുരന്തമുഖത്തു നിന്നും ഒരു മാതൃക

  പോത്തുകല്ല് അങ്ങാടിയിലെ മസ്ജിദുൽ മുജാഹീദിനാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്.

  • Share this:
   മലപ്പുറം: മതത്തിന്റെ അതിർ വരമ്പുകൾ ഭേദിച്ച് മാനുഷിക മൂല്യങ്ങളിലൂന്നി വിവിധ മതത്തില്‍പ്പെട്ട ആരാധനാലയങ്ങള്‍ ദുരിത ബാധിതർക്ക്  അഭയം നൽകുന്ന കാഴ്ച ഇതിനു മുമ്പും കണ്ടിട്ടുണ്ട്. എന്നാൽ അതിനെക്കാളൊക്കെ അപ്പുറം പ്രളയക്കെടുതികൾക്കിടയിലും മതസൗഹാർദത്തിന് മാതൃകയാവുകയാണ് കവളപ്പാറയിലെ ഒരു മുസ്ലിംപള്ളി. മരിച്ചവർക്കായിട്ടാണ് ഈ പള്ളി തുറന്നു കൊടുത്തിരിക്കുന്നത്. പോത്തുകല്ല് അങ്ങാടിയിലെ മസ്ജിദുൽ മുജാഹീദിനാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തുറന്നു കൊടുത്തിരിക്കുന്നത്.

   also read: മുന്നിൽ നിന്ന് നയിച്ച് മേയർ; ദുരിതമേഖലയിലേക്ക് തിരുവനന്തപുരത്ത് നിന്ന് അയച്ചത് 44 ലോഡ്

   കവളപ്പാറയിൽ നിന്ന് കണ്ടെടുത്ത വിവിധ മതക്കാരായ രാഗിണി, പ്രിയദർശൻ, ചക്കി, അനഘ, നാരായണൻ തുടങ്ങി 30 പേരുടെ പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റും നടന്നത് ഈ മസ്ജിദിനകത്തായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടത്തിനും ഇൻക്വസ്റ്റിനുമായി പള്ളി തുറന്നു കൊടുത്തത്.

   പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കായി മറ്റിടങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ സി. എ മുജീബ് താത്കാലിക സംവിധാനം ലഭിക്കുമോ എന്ന് അന്വേഷിച്ചു. പള്ളിക്കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹ്മാനും സെക്രട്ടറി അബ്ദുൾ കരീമും മറ്റൊന്നും ആലോചിക്കാതെ പള്ളി തുറന്നു നൽകുകയായിരുന്നു.

   മദ്രസയിലെ മേശകൾ നിരത്തി പോസ്റ്റ്മോർട്ടത്തിന് സൗകര്യമൊരുക്കുകയായിരുന്നു. ആദ്യ ദിവസം രണ്ട് മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം ചെയ്തത്. മൃതദേഹങ്ങളുടെ എണ്ണം വർധിച്ചതോടെ സ്ത്രീകളുടെ പ്രാര്‍ഥനാ ഹാൾ പൂർണമായി വിട്ടു നൽകി. പോസ്റ്റ്മോർട്ടത്തിനൊപ്പം പള്ളിയുടെ മറ്റൊരു ഭാഗത്ത് നമസ്കാരവും നടന്നു. തിങ്കളാഴ്ച ബലി പെരുനാൾ നമസ്കാരവും ഇവിടെ നടന്നിരുന്നു.

   മഞ്ചേരി മെഡിക്കൽ കോളജിലെ പൊലീസ് സർജന്മാരായ പാർഥസാരഥി, പി. എസ് സഞ്ജയ്, ലവിസ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. എല്ലാ സഹായത്തിനുമായി പള്ളിക്കമ്മറ്റിയുമുണ്ട്. ആവശ്യമെങ്കിൽ പള്ളി മുഴുവനായി വിട്ടുനൽകാനും തയ്യാറാണെന്നാണ് പള്ളികമ്മറ്റി പറയുന്നത്.
   First published:
   )}