• HOME
  • »
  • NEWS
  • »
  • kerala
  • »
  • MASS EXODUS REPORTED IN KUTTANAD WATER RESOURCES MINISTER ASSURES THEIR RETURN 1 MM TV

കുട്ടനാട്ടിൽ കൂട്ടപ്പലായനമെന്ന് പ്രതിപക്ഷം; കുട്ടനാട് വിട്ടവരെ ഇരട്ടി വേഗത്തിൽ തിരികെ കൊണ്ടുവരും

കുട്ടനാടിനെ തിരിച്ചു പിടിക്കുമെന്നും സർക്കാർ സഭയിൽ

കുട്ടനാട്

കുട്ടനാട്

  • Share this:
തിരുവനന്തപുരം: കുട്ടനാടിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതികളൊക്കെ പാഴായെന്നും ജനം കൂട്ടപ്പലായനത്തിലാണെന്നും പ്രതിപക്ഷം നിയസഭയിൽ. വിവിധ വകുപ്പുകളെ യോജിച്ചിപ്പു കൊണ്ടുള്ള സമഗ്രപദ്ധതി കുട്ടനാട് സംരക്ഷണത്തിന് വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പലായനം ചെയ്തവരെ ഇരട്ടി വേഗത്തിൽ തിരികെ കൊണ്ടുവരുമെന്നും പഴയ കുട്ടനാടിനെ തിരിച്ചുപിടിക്കുമെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കുട്ടനാടിന്റെ ദുഃഖമാണ് ഇന്ന് അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം വിഷയമാക്കിയത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനും ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും സർക്കാർ നടപടി സ്വീകരിക്കുന്നില്ല എന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഭരണകൂടത്തെ നോക്കി കുട്ടനാട് നിശബ്ദമായി നിലവിളിക്കുകയാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച പി.സി. വിഷ്ണുനാഥ് പറഞ്ഞു.

2011ലെ കണക്കുകൾ അനുസരിച്ച് 10 വർഷത്തിനിടയിൽ രണ്ടു ശതമാനം ആളുകൾ അവിടെ നിന്ന് പലായനം ചെയ്തു കഴിഞ്ഞു. 2018നു ശേഷം ഒരു വില്ലേജിൽ നിന്ന് 25 മുതൽ 30 വരെ കുടുംബങ്ങൾ പലായനം ചെയ്തിട്ടുണ്ട്. ജനിച്ചു വീണ മണ്ണിൽ നിന്ന് അവർ പോകുന്നത് സ്വപ്നം തേടിയല്ല, ജലത്താൽ മുറിവേറ്റിട്ടാണ്. ജലാശയങ്ങളിൽ വെള്ളം മൂടി, 13 പഞ്ചായത്തിലും കുടിവെള്ളം കിട്ടാക്കനിയായി, കൃഷിനാശം, ഭൂമിയുടെ വിലത്തകർച്ച തുടങ്ങി നിരവധി വെല്ലുവിളികൾ അവിടുത്തെ ജനങ്ങൾ നേരിടുന്നു.

പുതിയ കുട്ടനാട് പാക്കേജ് എന്ന പല ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാകുന്നില്ല. കുട്ടനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഭീതിയെ, അരക്ഷിതാവസ്ഥയെ, പലായനത്തെ ഒരു ഭരണകൂടത്തിന് എങ്ങനെ ഇത്ര നിസംഗതയോടെ നോക്കിക്കാണാനാകും. അവർക്കു വേണ്ടിയുള്ള പണം എങ്ങനെ വകമാറ്റി ചെലവഴിക്കാൻ കഴിയും. വീണ്ടും വീണ്ടും പാക്കേജുകൾ പ്രഖ്യാപിച്ച് നിരന്തരമായി എങ്ങനെ ഒരു ജനതയെ വഞ്ചിക്കാനാകും. ആസൂത്രണ ബോർഡ് പ്രഖ്യാപിച്ച 2400 കോടിയുടെ പുതിയ പാക്കേജ് എംഎൽഎമാരെ അറിയിച്ചിട്ടില്ല. എംഎൽഎമാരെ ഇരുട്ടിൽ നിർത്തിയാണ് ഈ പാക്കേജ് തയാറാക്കിയതെന്നും വിഷ്ണുനാഥ് ആരോപിച്ചു.

സർക്കാരിന്റെ വാഗ്ദാന പെരുമഴ സൃഷ്ടിച്ച വെള്ളവും കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിഹസിച്ചു. കുട്ടനാട്ടിലെ സ്ഥിതിഗതികൾ രൂക്ഷമാണ്. മടവീഴ്ന്ന് കൃഷിയാകെ തകർന്നു. വീടുകളിലെ ടോയ്ലെെറ്റുകളിൽ വരെ വെള്ളക്കെെട്ടാണ്. ജനങ്ങളുടെ സ്ഥിതി കണ്ടാൻ സഹിക്കാനാകില്ല. വെള്ളത്തിലാണ് ജനം ജീവിക്കുന്നത്.



കുട്ടനാട്ടിൽ നിന്ന് ഉള്ളതെല്ലാം പെറുക്കിയെടുത്ത് ജനം പലായനം ചെയ്യുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. ഒന്നാം കുട്ടനാട് പാക്കേജ് പല കാരണങ്ങൾ കൊണ്ട് പൂർത്തിയാക്കാനായില്ല. പുതിയ രോഗങ്ങൾ കുട്ടനാട്ടിൽ പടരുകയാണ്. ക്യാൻസർ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇതിന്റെ കാരണങ്ങൾ പഠിക്കണം. കുട്ടനാടിന്റെ രക്ഷയ്ക്ക് സമഗ്ര പദ്ധതി സർക്കാർ തയാറാക്കണം. വകുപ്പുകൾ തമ്മിൽ ശരിയായ ഏകോപനം വേണം. നേരത്തേ പ്രഖ്യാപിച്ച പദ്ധതികളുടെ അവലോകനം നടത്തണം. സർക്കാരിന്റെ ശ്രമങ്ങൾക്ക് പൂർണ പിന്തുണയും പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തു.

തോട്ടപ്പള്ളി സ്പിൽ വേയിലെ ഒഴുക്കു തടസ്സപ്പട്ടതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. നീരൊഴുക്ക് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന് തടസ്സമായ പാലങ്ങൾ പുനർനിർമ്മിക്കും. ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ട് കിട്ടയ ശേഷം തുടർ നടപടികൾ ഉണ്ടാകും. ആർക്കും ആശങ്ക വേണ്ടെന്നും പ്രഖ്യാപനങ്ങളൊക്കെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.  കുട്ടനാട്ടിലെ പലായനം അഞ്ചു വർഷം കൊണ്ടുണ്ടായതാണോയെന്നും മന്ത്രി ചോദിച്ചു. കുട്ടനാട് വിട്ടുപോയവരെ ഇരട്ടി വേഗത്തിൽ മടക്കിക്കൊണ്ടു വരും. കുട്ടനാടിനെ തിരിച്ചു പിടിക്കുമെന്നും മന്ത്രി സഭയ്ക്ക് ഉറപ്പു നൽകി.

ഒന്നാം കുട്ടനാട് പാക്കേജ് തകർത്തത് യുഡിഎഫിലെ തർക്കമെന്ന് തോമസ് കെ. തോമസ്; മെക്കിട്ടു കയറരുതെന്ന് പ്രതിപക്ഷ നേതാവ്

ഒന്നാം കുട്ടനാട് പാക്കേജ് തകർത്തത് യുഡിഎഫിലെ തമ്മിലടിയാണെന്ന കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസിന്റെ ആരോപണം തർക്കത്തിനിടയാക്കി. കുട്ടനാട്ടുകാരുടെ കഞ്ഞിയിൽ യു.ഡി.എഫ്. പാറ്റയിടരുതെന്ന് തോമസ് കെ. തോമസ് പറഞ്ഞു. 2018നു ശേഷം മുഖ്യമന്ത്രി കുട്ടനാടിനു വേണ്ടി ചെയ്തത് ശ്രേഷ്ഠമായ കാര്യങ്ങളാണ്.

പി.ജെ.ജോസഫും കൊടിക്കുന്നിൽ സുരേഷുമായുള്ള അടിയാണ് ഒന്നാം കുട്ടനാട് പാക്കേജ് തകർത്തത്. കോടിക്കണക്കിനു രൂപ ചെലവാക്കി തോമസ് ചാണ്ടി വാങ്ങിയ സ്ഥലത്ത് കുടിവെള്ള പദ്ധതി പണിയാൻ തടസ്സം നിന്നവരാണ് യുഡിഎഫ്. തോമസ് ചാണ്ടിയെ കണ്ണീര് കുടിപ്പിച്ചവരാണ് ഇപ്പോൾ കണ്ണീരൊഴുക്കുന്നത്. ഞങ്ങളാരും വെള്ളത്തിലല്ല. ഇതുപോലെ കുട്ടനാട്ടുകാരെ സഹായിച്ച മന്ത്രിസഭ ഉണ്ടായിട്ടില്ലെന്നും തോമസ് കെ.തോമസ് പറഞ്ഞു.

തോമസ് കെ. തോമസിന്റെ ഈ പ്രസ്തവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. തോമസ് കെ. തോമസിന് രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിയാകണമെങ്കിൽ മുഖ്യമന്ത്രിയെ സുഖിപ്പിക്കണം. അതു ചെയ്തോട്ടേ. എന്നാൽ അതിന് യുഡിഎഫിന്റേയും കോൺഗ്രസിന്റെ നെഞ്ചത്തു കയറാനും മെക്കിട്ടു കയറാനും വരരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.
Published by:Meera Manu
First published:
)}