നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കുര്‍ബ്ബാന ഏകീകരണം; സിറോ മലബാര്‍ സഭയില്‍ ക്രമ സമാധാന പ്രശ്‌നമായി മാറുന്നു; വിട്ടു വീഴ്ചയില്ലാതെ ഇരു വിഭാഗവും

    കുര്‍ബ്ബാന ഏകീകരണം; സിറോ മലബാര്‍ സഭയില്‍ ക്രമ സമാധാന പ്രശ്‌നമായി മാറുന്നു; വിട്ടു വീഴ്ചയില്ലാതെ ഇരു വിഭാഗവും

    എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആൻറണി കരിയിലിനെ പുറത്താക്കണമെന്നും ആവശ്യം

    • Share this:
    കൊച്ചി: കുർബ്ബാന ഏകീകരണം സംബന്ധിച്ച് സിറോ മലബാർ സഭയിൽ അഭിപ്രായ ഭിന്നത രൂക്ഷം. പുതിയ രീതി അടിച്ചേല്പിക്കാൻ അനുവദിക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെ യോഗം പ്രഖ്യാപിച്ചു. അതേ സമയം എന്തു വില കൊടുത്തും കുർബ്ബാന ഏകീകരണം നടപ്പാക്കുമെന്ന് മറുവിഭാഗവും വ്യക്തമാക്കി .

    കുർബാന ഏകീകരണം സീറോ മലബാർ സഭയിൽ ക്രമസമാധാന പ്രശ്നമായി മാറുകയാണ് . എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും പുതിയ രീതിക്ക് എതിരാണ് . അഞ്ചോളം രൂപതകളിൽ നിന്നുള്ള ഒരു വിഭാഗം വൈദികരും വിശ്വാസികളും ഇവർക്കൊപ്പമുണ്ട്. സിനഡ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാളിന് വീണ്ടും നിവേദനം നല്കുമെന്നും ഏകപക്ഷീയമായി നടപ്പാക്കാൻ അനുവദിക്കില്ലെന്നും കൊച്ചിയിൽ ചേർന്ന യോഗം വ്യക്തമാക്കി .

    അതേസമയം  ഏകീകരിച്ച കുർബാന രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട്  സഭാ സംരക്ഷണ സമിതിയും രംഗത്തുവന്നു .വിമത വൈദികരെ സംരക്ഷിക്കുന്ന  എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആൻറണി കരിയിലിനെ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

    പുതിയ കുർബാന രീതി നവംബർ 28 മുതൽ  ആരംഭിക്കാനാണ് നിർദ്ദേശം. ആ ദിവസം എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കർദിനാൾ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.കുർബാന എകീകരണത്തിനെതിരെ വൈദികർ നൽകിയ നിവേദനം

    1. ജനാഭിമുഖ കുര്‍ബാനയാണ് ഞങ്ങള്‍ കഴിഞ്ഞ 50 വര്‍ഷമായി ചൊല്ലിക്കൊണ്ടിരിക്കുന്നത്. അതിനെ അട്ടിമറിക്കുന്ന ഒരു തീരുമാനവും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. എത്രയും വേഗം സിനഡ് കൂടി ഇപ്പോള്‍ ഞങ്ങള്‍ ചൊല്ലുന്ന ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്താനുതകും വിധം ഇപ്പോഴത്തെ തീരുമാനം പുനഃപരിശോധിക്കണം.

    2. പൗരസ്ത്യ കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ദോ സാന്ദ്രി ഓരോ രൂപതാദ്ധ്യക്ഷനും അയച്ച കത്തില്‍ കുര്‍ബാനയര്‍പ്പണ രീതിയില്‍ ഓരോ രൂപതയിലെയും ദൈവജനത്തിന്റെ അഭിപ്രായം എഴുതി നവംബര്‍ 15 നകം നല്കാന്‍ പറഞ്ഞിട്ടുണ്ട്. ആ കത്തിലുള്ള ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ അഭിപ്രായ രൂപീകരണം നടത്തി മറുപടി നല്കാന്‍ പിതാക്കന്മാര്‍ എന്തെങ്കിലും നടപടിയെടുത്തതിന് ഇതുവരെ ഞങ്ങള്‍ക്കു തെളിവുകളില്ല. ദൈവജനത്തിന്റെ അഭിപ്രായം ആരായാതെ ഓരോ മെത്രാനും സ്വന്തം താല്പര്യാനുസരണം വത്തിക്കാന് മറുപടി കൊടുക്കാനുള്ള സാധ്യതയാണ് ഞങ്ങള്‍ കാണുന്നത്. ഈ കാര്യത്തില്‍ പൗരസ്ത്യ കാര്യാലയത്തിന് സത്യസന്ധതയുണ്ടെങ്കില്‍ ദൈവജനത്തിന്റെ അഭിപ്രായമാണ് തേടേണ്ടത്. അതുവരെ സിനഡിന്റെ ഇപ്പോഴത്തെ തീരുമാനത്തെ മരവിപ്പിക്കാനുള്ള കല്പന കൊടുക്കണം.

    3. വളരെ ശാന്തമായി പോയികൊണ്ടിരുന്ന ഞങ്ങളുടെ ഇടവകകളില്‍ സിനഡിന്റെ പുതിയ തീരുമാനം ആകുലതകളും അസ്വസ്ഥതകളും സംഘര്‍ഷങ്ങളുമാണ് കൊണ്ടുവന്നിരിക്കുന്നത്. നവംബര്‍ 28 നു ശേഷം പല രൂപതകളിലും അനൈക്യത്തിന്റെ അപസ്വരങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ സിനഡ് പിതാക്കന്മാര്‍ വാശിയും വൈരാഗ്യവും ഉപേക്ഷിച്ച് ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന രൂപതകളിലെ ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്താനുള്ള തീരുമാനം കൈകൊള്ളണം.

    4. വ്യക്തിസഭയായ സീറോമലബാര്‍ സഭയില്‍ ലിറ്റര്‍ജിയെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് ഇവിടുത്തെ സഭാ സിനഡാണ്. പക്ഷേ സിനഡിലോ മറ്റൊരിടത്തൊ ചര്‍ച്ച ചെയ്യാത്ത കുര്‍ബാനയര്‍പ്പണ രീതി അടിച്ചേല്പിക്കാന്‍ മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പോലും കല്‍ദായവാദികളായ മെത്രാന്മാര്‍ക്ക് ഒത്താശ ചെയ്തില്ലേ എന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു. സിനഡ് പിതാക്കന്മാര്‍ മാര്‍പാപ്പയുടെ കത്തിനെ കല്പനയായും തിരുവെഴുത്തായും ചിത്രീകരിച്ച് ദൈവജനത്തെ തെറ്റിദ്ധരിപ്പിച്ച കാര്യം പരസ്യമായി ഏറ്റുപറയണം.

    5. സീറോമലബാര്‍ സഭയില്‍ പതിനായിരക്കണക്കിന് സന്ന്യസ്തരുണ്ട്. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ സീറോമലബാര്‍ സിനഡ് തീരുമാനത്തിനപ്പുറത്തേക്ക് ചിന്തിക്കരുതെന്ന് അവരുടെ രൂപതാ മെത്രാന്മാര്‍ അവരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് അഭിപ്രായ സ്വാതന്ത്യം പോലും നല്കാതെയാണ് കുര്‍ബാനയര്‍പ്പണ തീരുമാനമെന്നത് അനീതിയാണ്. അവരെക്കൂടി കേള്‍ക്കുന്നതുവരെ ഇപ്പോഴത്തെ തീരുമാനം റദ്ദാക്കണം.

    6. പുതിയ കുര്‍ബാനയര്‍പ്പണ രീതി സിനഡിന്റെ നിര്‍ദ്ദേശപ്രകാരം സാധ്യമായ ഇടവകകളില്‍ നവംബര്‍ 28 ന് ആരംഭിക്കണമെന്നത് ദുരുദ്ദേശ്യപരമാണ്. ഇത് ജനാഭിമുഖ കുര്‍ബാന ചൊല്ലിവരുന്ന രൂപതകളിലെ ചില ഇടവകകളില്‍ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കും. അതിനാല്‍ സീറോ മലബാര്‍ സഭാ സിനഡ് അധികാരികളില്‍ നിന്നും നവംബര്‍ 20 നകം ജനാഭിമുഖ കുര്‍ബാനയ്ക്കനുകൂലമായ നടപടി ഉണ്ടാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ഞങ്ങളുടെ ആവശ്യം സാധിച്ചുകിട്ടും വരെ പരസ്യമായ പുതിയ കര്‍മ്മപരിപാടികളുമായി ഞങ്ങള്‍ മുമ്പോട്ടു പോകും.
    Published by:Karthika M
    First published:
    )}