• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുർബാന ഏകീകരണം ; സമരം കർദിനാളിനെതിരെ തിരിക്കാൻ വിമത വിഭാഗം

കുർബാന ഏകീകരണം ; സമരം കർദിനാളിനെതിരെ തിരിക്കാൻ വിമത വിഭാഗം

സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനാണ് അല്‍മായ മുന്നേറ്റത്തിന്റെ തീരുമാനം. സമരപരിപാടികള്‍ക്ക് ഉടനെ രൂപം നല്‍കും.

  • Share this:
കൊച്ചി: സിറോ മലബാര്‍ സഭയിലെ (Syro Malabar church)  കുര്‍ബാന ഏകീകരണം (Uniform Holy Mass)  സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ഏകീകരണം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും വീണ്ടും പ്രഖ്യാപിച്ചു.

തുടര്‍ സമരപരിപാടികള്‍ ഉടന്‍ തീരുമാനിക്കും. പ്രതിഷേധം കര്‍ദിനാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ തിരിക്കാനാണ് പുതിയ നീക്കം.

വത്തിക്കാന്‍നിര്‍ദ്ദേശിച്ചാലും കുര്‍ബാന ഏകീകരണം നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ എറണാകുളം - അങ്കമാലി അതിരൂപതയില്‍ കാര്യങ്ങള്‍ കൈവിടുകയാണ്. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് ഇപ്പോള്‍ വന്നതെന്നാണ് വിമത വിഭാഗത്തിന്റെ പുതിയ വാദം.

സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനാണ് അല്‍മായ മുന്നേറ്റത്തിന്റെ തീരുമാനം. സമരപരിപാടികള്‍ക്ക് ഉടനെ രൂപം നല്‍കും.

കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി അതിരൂപതയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്നാണ് വിമതപക്ഷത്തിന്റെ മുന്നറിയിപ്പ് .

പന്ത്രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഭൂമിയിടപാടിന്റെ സകല കള്ളത്തരങ്ങളും കെ. പി. എം. ജി റിപ്പോര്‍ട്ടിലൂടെ അറിഞ്ഞിട്ടും കാനോന്‍ നിയമത്തിന്റെ പഴുതകള്‍ ഉപയോഗിച്ച് കര്‍ദിനാളിനെ സംരക്ഷിക്കുന്ന പൗരസ്ത്യ കാര്യാലയമാണ് ഇപ്പോള്‍ കാനോനിക നിയമം 1538 പ്രകാരം പ്രത്യേക പ്രതിസന്ധിയില്‍ ഒരു രൂപതാദ്ധ്യക്ഷന് പൊതുനിയമത്തില്‍ നിന്നു നല്‍കാവുന്ന ഒഴിവിനു വളച്ചൊടിച്ച വ്യാഖ്യാനങ്ങള്‍ നല്‍കി അതിരൂപതയിലെ സമാധാനം നഷ്ടപ്പെടുത്തി തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് വിമത വിഭാഗത്തിന്റ വാദം.

ഐക്യത്തെ നശിപ്പിച്ച് കുര്‍ബാന അര്‍പ്പണത്തില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ അവഗണിച്ച് മനഃപൂര്‍വം ഇടവകകളില്‍ വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണെന്നും ഇതിന് കാരണക്കാരനായ കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍ സമ്മതിക്കില്ലെന്നും വൈദിക പട്ടം കൊടുക്കാനും മറ്റും ഇടവകകളില്‍ വരുന്ന കര്‍ദിനാളിനെ എന്തു വിലകൊടുത്തും തടയുമെന്നും അല്‍മായ മുന്നേറ്റം പറയുന്നു .

ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായി നിലപാടെടുത്ത് സിനഡ് കുര്‍ബാന അര്‍പ്പിക്കുവാന്‍ വികാരിയച്ചന്മാരെയോ മറ്റു സന്ന്യാസവൈദികരെയോ അനുവദിക്കില്ല. ആവശ്യമില്ലാത്ത സംഘര്‍ഷങ്ങള്‍ക്ക് ഇടനല്‍കാതെ ഇപ്പോള്‍ അതിരൂപതയില്‍ നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാന തന്നെ എല്ലായിടത്തും നടത്താന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം മെത്രാപ്പോലീത്തന്‍ വികാരി നല്കിയിരിക്കുന്ന അനുവാദത്തെ എല്ലാവരും മാനിക്കണമെന്നും

ഇനിമുതല്‍ ജനാഭിമുഖ കുര്‍ബാനയോട് പുറം തിരിഞ്ഞ് നില്ക്കുന്ന സിനഡ് പിതാക്കന്മാരെയും തങ്ങള്‍ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസി കൂട്ടായ്മായ അല്‍മായ മുന്നേറ്റം പ്രഖ്യാപിച്ചു .

ഇടവകകള്‍ തോറും വികാരിയച്ചന്മാരുടെയും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെയും മറ്റും സഹകരണത്തോടെ ലിറ്റര്‍ജിക്കല്‍ ഫോറം രൂപികരിക്കാന്‍ അല്മായ മുന്നേറ്റവും വൈദികര്‍ക്കൊപ്പം കൈകോര്‍ക്കുന്നതാണ്. അതു സാധിക്കാത്തിടങ്ങളില്‍ സഹകരിക്കുന്നവരോടു ചേര്‍ന്നു ലിറ്റര്‍ജിക്കല്‍ ഫോറം രൂപികരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Uniform Holy Mass | സീറോ മലബാർ സഭ കുർബാന ഏകീകരണം; വത്തിക്കാനെ മറികടക്കാൻ എറണാകുളം അങ്കമാലി അതിരൂപത
Published by:Jayashankar Av
First published: