• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മിടുക്കിയായി വളരണം;ഒന്നും നിന്നെ തളർത്താതിരിക്കട്ടെ'; വേദിയില്‍ നിന്ന് ഇറക്കവിട്ട പെണ്‍കുട്ടിയോട് മാത്യു ടി തോമസ്

'മിടുക്കിയായി വളരണം;ഒന്നും നിന്നെ തളർത്താതിരിക്കട്ടെ'; വേദിയില്‍ നിന്ന് ഇറക്കവിട്ട പെണ്‍കുട്ടിയോട് മാത്യു ടി തോമസ്

സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്

 • Share this:
  സമ്മാനം വാങ്ങാനായി സ്റ്റേജിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ  സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി മാത്യു ടി തോമസ് എംഎല്‍എ.  പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ ? ലിംഗസമത്വം, തുല്യനീതി,ഭരണഘടനാതത്വങ്ങൾ എല്ലാം അവിടെ നിൽക്കട്ടെ, ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ച അപരാധത്തിന് മതത്തിന്റെ സംരക്ഷണമുണ്ടോ എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

  മാത്യു ടി തോമസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

  കഷ്ടം !  സമ്മാനം സ്വീകരിക്കുന്നതിനു വേദിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ചതിന് സംഘാടകർക്കു മേൽ മതനിഷ്‌ഠകളുടെ മറവിൽ ശകാരങ്ങൾ വർഷിക്കുന്ന ദൃശ്യങ്ങൾ ഇന്നത്തെ വാർത്തകളിൽ കാണാനിടയായി.  പഠനമികവിന് സമ്മാനിതയായത് 16 വയസ്സുകാരി പെൺകുട്ടിയായിപ്പോയത് കൊണ്ട് ഇത്ര മ്ലേച്ഛത്തരം പാടുണ്ടോ?  ലിംഗസമത്വം, തുല്യനീതി,...

  ഭരണഘടനാതത്വങ്ങൾ അവിടെ നിൽക്കട്ടെ..  ആ കുഞ്ഞു മനസ്സിനെ വേദനിപ്പിച്ചില്ലേ?

  ആ അപരാധത്തിന് മതത്തിന്റെ സംരക്ഷണമോ?

  മതബോധനങ്ങളുടെ ദുർവ്യാഖ്യാനം എന്ന് കരുതിക്കോട്ടെ?

  മകളെ... പൊറുക്കു ഞങ്ങളോട്.

  മറക്കു ഇന്നെന്ന കറുത്ത ദിനത്തെ.

  വെല്ലുവിളിയായി ഈ അനുഭവം മാറട്ടെ.

  നീ മിടുക്കിയായി വളരണം.

  ഒന്നും നിന്നെ തളർത്താതിരിക്കട്ടെ.

  നീ നിന്ദിതയല്ല...ആവരുത്..  ഇന്ന് നിനക്കീ വേദന സമ്മാനിച്ച ഞങ്ങൾ നിന്നെ നമിക്കുന്ന ഒരു ദിനമുണ്ടാവും.. തീർച്ച.  മാത്യു ടി. തോമസ്

   


  Also Read- 'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്'; ക്ഷുഭിതനായി സമസ്ത നേതാവ്; വ്യാപക വിമര്‍ശനം
  അതേസമയം, സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സമസ്ത പ്രവര്‍ത്തകര്‍ പോലും സ്വന്തം നേതാവിന്റെ പ്രവര്‍ത്തിയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്. പരാമര്‍ശം വിവാദമായെങ്കിലും മറ്റ് സമസ്ത നേതാക്കളൊന്നും ഇതുവരെ എം.ടി അബ്ദുല്ല മുസ്ല്യാരെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല.


  മത നേതാക്കള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്നും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ പിന്നീട് മതവിരുദ്ധരാകുമെന്നും ഹരിത മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാത്തിമ തഹ്ലിയ സംഭവത്തില്‍ പ്രതികരിച്ചത്. പെണ്‍കുട്ടികള്‍ക്ക് വേദി നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയാണ് മത നേതാക്കള്‍ ചെയ്യേണ്ടത്. അതിലൂടെ മാത്രമേ സമുദായത്തിന്റെ ഉന്നമനം സാധ്യമാകൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി തര്‍ജ്ജമ ചെയ്ത പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേയെന്നും ഫാത്തിമ തഹ്ലിയ ചോദിക്കുന്നു.


  പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെടുന്നുണ്ട്.'


  Published by:Arun krishna
  First published: