• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന കേരളം എതിർത്തിട്ടില്ല


Updated: September 14, 2018, 7:59 AM IST
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന കേരളം എതിർത്തിട്ടില്ല

Updated: September 14, 2018, 7:59 AM IST
തിരുവനന്തപുരം: അന്താരാഷ്ട്രവിദഗ്ദ്ധസമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്തണമെന്ന ആവശ്യം സുപ്രീം കോടതിയിൽ കേരള സർക്കാർ എതിർത്തിട്ടില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യൂ ടി തോമസ്. ഇതുസംബന്ധം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഓഗസ്റ്റ് 17ന് മുല്ലപ്പെരിയാർ കേസിൽ ഇടക്കാല വിധി പ്രസ്താവിച്ചശേഷം വാദിയുടെ അഭിഭാഷകനാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. എന്നാൽ അപ്പോൾത്തന്നെ കോടതി അത് നിരസിക്കുകയും ചെയ്തു. ഇതാണ് കോടതിയിൽ സംഭവിച്ചത്. അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ കേരളസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ എതിര്‍ത്തു തോല്‍പ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. യഥാർത്ഥത്തിൽ 2016 ൽ ഈ സർക്കാർ അധികാരത്തിലെത്തിയ ഉടൻ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ആശയമാണ് അങ്ങനെയൊരു പരിശോധന. ആ സ്ഥിതിക്ക് ആ ആവശ്യം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ സാധിതമാക്കാൻ ഒരവസരമുണ്ടായാൽ എന്തിന് സർക്കാർ തന്നെ അതിനെ എതിർക്കണമെന്നും മന്ത്രി ചോദിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധമായി സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്ന ഒരു പൊതു താല്പര്യ ഹർജ്ജിയിന്മേൽ വാദം നടന്നു വരികയായിരുന്നു. ഇക്കാര്യത്തിൽ കേരള സര്‍ക്കാര്‍ കേരളത്തിന്റെ താല്പര്യം ഉയർത്തിപ്പിടിക്കുന്നില്ല എന്ന ആരോപണമുൾക്കൊള്ളുന്ന പോസ്റ്റുകള്‍ കുറെ ദിവസമായി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചു വരുന്നു.

ആദ്യമേ പറയട്ടെ: സർക്കാർ ഇക്കാര്യത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതു സംബന്ധമായ ആരോപണങ്ങൾ ശരിയല്ല. ഇക്കാര്യത്തിലുള്ള കൃത്യമായ വിവരങ്ങൾ അഭിഭാഷകനിൽ നിന്നും അന്വേഷിച്ചറിഞ്ഞ ശേഷമാണിതെഴുതുന്നത്.

2018 ഓഗസ്റ്റ് 16, 17, 24, സെപ്തംബര്‍ 6 തിയതികളിലാണ് സുപ്രീം കോടതി ഈ കേസിന്മേൽ വാദം കേള്‍ക്കുകയും ചില ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തത്. ഏറ്റവുമൊടുവിൽ വാദം കേട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും അന്തിമ വിധി എട്ടാഴ്ചത്തേക്കു മാറ്റി വയ്ക്കുകയും ചെയ്തത് സെപ്തംബര്‍ 6 നാണ്. അന്തിമ വിധി വരെ ഓഗസ്റ്റ് 17ന്റെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുള്ളതായിരിക്കുമെന്നും ഉത്തരവായി.

ഈ ഉത്തരവ് പ്രസ്താവിച്ചു കഴിഞ്ഞ് കേസ് എട്ടാഴ്ചത്തേക്ക് മാറ്റി വയ്ക്കുന്ന സന്ദർഭത്തിൽ വാദിയുടെ അഭിഭാഷകന്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലം വിലയിരുത്തുന്നതിനായി ഒരു അന്താരാഷ്ട്ര വിദഗ്ദ്ധ സമിതിയെക്കൊണ്ട് ഡാം പരിശോധിപ്പിക്കണം എന്നൊരു സാന്ദർഭിക പരാമർശം കൂടി വാക്കാല്‍ ബോധിപ്പിക്കുകയും ബഹു. കോടതി ആയത് അപ്പോള്‍ത്തന്നെ തള്ളിക്കളയുകയും ചെയ്തു. കേരളത്തില്‍ നിലവിലുള്ള പശ്ചാത്തലം കണക്കിലെടുത്ത് മനുഷ്യജീവനുകളെ രക്ഷിക്കുന്നതിനുള്ള കേസാണ് ഇതെന്നും ഒരുവിധത്തിലും കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം സംബന്ധിച്ചുള്ള വിഷയങ്ങൾ ഈ കേസിന്റെ ഭാഗമായി ഇപ്പോൾ പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കുകയും ഇക്കാര്യം എടുത്തു പറഞ്ഞിട്ടുള്ള ഓഗസ്റ്റ് 24ന്റെ ഇടക്കാലഉത്തരവ് ഓര്‍മ്മിപ്പിക്കുകയും ചെയ്തുകൊണ്ടാണ് വാക്കാലുള്ള ആവശ്യം ബഹു. കോടതി നിരസിച്ചത്.

വാദിയുടെ അഭിഭാഷകന്‍ വാക്കാല്‍ ബോധിപ്പിച്ച ആവശ്യം, കോടതിയില്‍ സമർപ്പിച്ച ഹർജിയിലോ വാദവേളകളിലോ ഉന്നയിച്ചിരുന്നതേയല്ല.

അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ കേരളസര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ എതിര്‍ത്തു തോല്‍പ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. യഥാർത്ഥത്തിൽ 2016 ൽ ഈ സർക്കാർ അധികാരത്തിലെത്തിയ ഉടൻ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ആശയമാണ് അങ്ങനെയൊരു പരിശോധന. ആ സ്ഥിതിക്ക് ആ ആവശ്യം വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ സാധിതമാക്കാൻ ഒരവസരമുണ്ടായാൽ എന്തിന് സർക്കാർ തന്നെ അതിനെ എതിർക്കണം?

അതു മാത്രമല്ല, ഹർജിക്കാരന്റെ വാദങ്ങളിൽ ഒന്നൊഴികെ എല്ലാം തന്നെ സർക്കാരിനു സ്വീകാര്യവുമായിരുന്നു. ഇപ്പോൾ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം തുറന്നു വിട്ടതാണെന്ന വാദത്തിൽ മാത്രമാണ് സർക്കാരിന് വിയോജിപ്പുണ്ടായിരുന്നത്. പ്രസ്തുത വിയോജിപ്പ് സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഹരീഷ് സാൽവെ ശക്തമായി രേഖപ്പെടുത്തുകയും ചെയ്തു. ഈ ഹർജി സർക്കാരിനു വേണ്ടി കേസ് നടത്തുന്നതിനുള്ള കുതന്ത്രമാണ് എന്നു പോലും തമിഴ്നാട് വാദിക്കുകയും സർക്കാർ അഭിഭാഷകൻ അതിനെയും എതിർക്കുകയും ചെയ്തു.

എന്നാൽ അന്താരാഷ്ട്ര സമിതിയെക്കൊണ്ടുള്ള ഡാമിന്റെ ബലപരിശോധന എന്ന വാക്കാല്‍ മാത്രമുള്ള ആവശ്യത്തിന്മേല്‍ അനുകൂലമായോ പ്രതികൂലമായോ ഒരഭിപ്രായവും ഉന്നയിക്കുന്നതിന് സർക്കാർ അഭിഭാഷകന് യാതൊരവസരവും ഉണ്ടായിരുന്നില്ല എന്നതാണു സത്യം.

കൃത്യമായ വിവരങ്ങൾ ശേഖരിച്ചു മാത്രം മറുപടി നൽകണമെന്നതിനാലാണ് പ്രതികരണം വൈകിയത്.

മുല്ലപ്പെരിയാർ ജലനിരപ്പ് കുറയ്ക്കാൻ മുഖ്യമന്ത്രി തമിഴ്നാടിനോട് അഭ്യർഥിച്ചു

First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍