• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദിവസേന 40 ടൺ അറവ് മാലിന്യം സംസ്കരിക്കും; മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ദിവസേന 40 ടൺ അറവ് മാലിന്യം സംസ്കരിക്കും; മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

ദിനംപ്രതി 40 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള മട്ടന്നൂർ റെൻഡറിങ് പ്ലാന്റിൽ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്

  • Share this:
കണ്ണൂർ ജില്ലയിലെ കോഴി അറവ് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി മട്ടന്നൂരിൽ ചിക്കൻ റെന്ററിങ്ങ് പ്ലാന്റ് (Mattannur Chicken Rendering Plant) ആരംഭിച്ചു. ദിനംപ്രതി 40 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള മട്ടന്നൂർ റെൻഡറിങ് പ്ലാന്റിൽ ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാലിന്യം സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഫിൽറ്റർ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. 100ലധികം തൊഴിലാളികളാണ് ഇവിടെയുള്ളത്.

സംസ്ഥാനത്ത് മുനിസിപ്പാലിറ്റി മുൻകൈ എടുത്ത് സ്ഥാപിതമായ ആദ്യ റെന്ററിങ്ങ് പ്ലാന്റാണ് മട്ടന്നൂരിലേത്. 10 കോടി രൂപ ചെലവിലാണ് നിർമ്മാണം. ഇതുവരെ 50 പഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോർപറേഷനും പ്ലാന്റുമായി എഗ്രിമെന്റ് വെച്ചിട്ടുണ്ട്.

കോഴിക്കടകളിൽ നിന്ന് ശീതികരിച്ച വണ്ടിയിലാണ് പ്ലാന്റിൽ മാലിന്യമെത്തുന്നത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ്ഗരേഖയനുസരിച്ചാണ് പ്രവർത്തനം. വളർത്തു മൃഗങ്ങൾ, മത്സ്യങ്ങൾ എന്നിവക്കുള്ള തീറ്റയാണ് റെന്ററിംഗ് പ്ലാന്റിൽ നിന്നും ഉൽപാദിപ്പിക്കുന്നത്. കോഴിക്കടകൾക്ക് ലൈസൻസ് ലഭ്യമാക്കുന്നതിന് റെന്ററിങ്ങ് പ്ലാന്റുമായി വെച്ച എഗ്രിമെന്റ് ഹാജരാക്കണം. സംസ്ഥാന ഹരിത കേരള മിഷനും ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് രാജ്യത്തെ ആദ്യ കോഴി അറവ് മാലിന്യ വിമുക്ത സംസ്ഥാനമാക്കി മാറുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ റെന്ററിങ്ങ് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.

വലിയ ഖര-ദ്രവ മാലിന്യ സംസ്കരണ പദ്ധതിയിലെ ഒരു അധ്യായം വളരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ മട്ടന്നൂർ ചിക്കൻ റെന്ററിങ്ങ് പ്ലാന്റിന് സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോഴി അറവ് മാലിന്യ സംസ്കരണത്തിനായി പൊറോറ കരുത്തുർപ്പറമ്പിൽ ആരംഭിച്ച പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മലയാളികൾ വ്യക്തിശുചിത്വം ഉറപ്പുവരുത്താൻ ശ്രമിക്കുന്നവരാണ്, എന്നാൽ സാമൂഹികമായി അത്തരമൊരു ശ്രദ്ധ പലപ്പോഴും നമുക്കില്ല. മാലിന്യം എവിടെ നിക്ഷേപിക്കരുത് എന്ന് പറയുന്നുവോ അവിടെ നിക്ഷേപിക്കുന്ന പ്രവണത പലർക്കും ഉണ്ട്. ഇത് മാറണം എന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു നിലപാട് സ്വീകരിച്ചത്. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ജനകേന്ദ്രമാക്കി മാറ്റുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു അധ്യക്ഷയായി. മാലിന്യ നിർമ്മാർജ്ജന രംഗത്തെ വ്യക്തികളെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.പി. ദിവ്യ ആദരിച്ചു. മട്ടന്നൂർ റെന്ററിങ്ങ് പ്ലാന്റിലേക്ക് മാലിന്യങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഫ്ലാഗ് ഓഫ്‌ ചെയ്തു.

മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സത്യൻ, എ.കെ. സുരേഷ്‌കുമാർ, വി.പി. ഇസ്മായിൽ, എം. റോജ, പി. പ്രസീന, കൗൺസിലർമാരായ സി.വി. ശശീന്ദ്രൻ, വി. ഹുസൈൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ, വീരാട് റെൻഡറിങ്ങ് ടെക്നോളജി ചെയർമാൻ എൻ.കെ. ചന്ദ്രൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Published by:user_57
First published: