തിരുവനന്തപുരം: പള്ളികൾക്ക് വിവാദ നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ മയ്യിൽ എസ്.എച്ച്.ഒയ്ക്കെതിരെ നടപടി. അതുമായി ബന്ധപ്പെട്ട് മയ്യിൽ എസ്എച്ച്.ഒയെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതായും അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്സാവനയിൽ അറിയിച്ചു.
പള്ളികൾക്ക് പൊലീസിന്റെ വിവാദ നോട്ടീസ്: കമ്മീഷണർക്ക് പരാതി നൽകി സുന്നി മഹല്ല് ഫെഡറേഷൻപള്ളികൾക്ക് വിവാദ നോട്ടീസ് നൽകിയ സംഭവത്തിൽ മയ്യിൽ പൊലീസിനെതിരെ സുന്നി മഹല്ല് ഫെഡറേഷനും മുസ്ലീം ലീഗും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സുന്നി മഹൽ ഫെഡറേഷൻ ജില്ലാ സെക്രട്ടറി അബ്ദുൾ ബാക്തിയാണ് പരാതി നൽകിയത്. ഉടനടി അന്വേഷണം നടത്തി നടപടി ഉണ്ടാകും എന്ന് കമ്മീഷണർ ഉറപ്പ് നൽകിയതായി അബ്ദുൾ ബാക്തി പറഞ്ഞു. ഡി ജി പി ക്ക് ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കും എന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥന് എതിരെ വകുപ്പ് തല അന്വേഷണം ഉണ്ട് എന്നും കമ്മീഷണർ അറിയിച്ചു. കമ്മീഷണർ അനുഭാവപൂർവ്വമാണ് പരാതി പരിഗണിച്ചതെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പറഞ്ഞു.
Also Read-
'മത പ്രഭാഷണം സാമുദായിക സൗഹാര്‍ദ്ദം തകർക്കരുത്'; പള്ളിക്ക് പൊലീസ് നൽകിയ നോട്ടീസ് വിവാദത്തിൽപ്രവാചക വിരുദ്ധ പരാർമശങ്ങളെ തുടർന്ന് ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലീം പള്ളിക്ക് പൊലീസ് നല്കിയ നോട്ടീസാണ് വിവാദത്തിലായത്. വെള്ളിയാഴ്ച പ്രാർഥനയ്ക്ക് ശേഷമുള്ള മത പ്രഭാഷണത്തിൽ സാമുദായിക സൗഹാര്‍ദ്ദം തകർക്കയും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലാകരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് കണ്ണൂര്‍ മയ്യില്‍ പൊലീസാണ് പള്ളിക്ക് നോട്ടീസ് നല്‍കിയത്.
'പ്രവാചനക നിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനുശേഷം നടത്തിവരുന്നതായ മത പ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ, വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്നപക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു.'- എന്നാണ് നോട്ടീസിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.