HOME » NEWS » Kerala » MAYOOKHA JOHNNY ALLEGATIONS POLICE IN COURT SAY THERE IS NO SCIENTIFIC EVIDENCE NJ TV

മയൂഖ ജോണിയുടെ പീഡന ആരോപണം; ശാസ്ത്രീയ തെളിവില്ലെന്ന് പോലീസ് കോടതിയിൽ

പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതിയ്ക്കു വേണ്ടി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ ഇടപെട്ടെന്നുമായിരുന്നു ആരോപണം.

News18 Malayalam | news18-malayalam
Updated: July 17, 2021, 12:35 PM IST
മയൂഖ ജോണിയുടെ പീഡന ആരോപണം; ശാസ്ത്രീയ തെളിവില്ലെന്ന് പോലീസ് കോടതിയിൽ
Mayukha Johney
  • Share this:
കൊച്ചി: കായികതാരം മയൂഖ ജോണി ഉന്നയിച്ച സുഹൃത്തുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ടു നൽകി. നാലര വര്‍ഷം മുമ്പു നടന്ന സംഭവത്തില്‍ സാഹചര്യ തെളിവുകള്‍ അടിസ്ഥാനമാക്കി മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുകയുള്ളൂവെന്ന്  തൃശൂര്‍ റൂറല്‍ എസ്പി ജി പൂങ്കുഴലി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മുരിയാട് എംപവര്‍ ഇമ്മാനുവല്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായ സിസി ജോണ്‍സന്‍ തന്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്‌തെന്നാണ് മയൂഖാ ജോണി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും പ്രതിയ്ക്കു വേണ്ടി വനിതാ കമ്മിഷന്‍ അധ്യക്ഷയായിരുന്ന എംസി ജോസഫൈന്‍ ഇടപെട്ടെന്നുമായിരുന്നു ആരോപണം.

കേസില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അന്വേഷണ പുരോഗതി അറയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പരാതിക്കാരിയുടെയും പ്രതിയുടെയും മൊബൈല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍വീസ് സേവനദാതാക്കളെ സമീപിച്ചിരുന്നെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

എന്നാല്‍ ഒരു വര്‍ഷത്തെ ടവര്‍ വിവരങ്ങള്‍ മാത്രമേ സൂക്ഷിച്ചുവയ്ക്കാറുള്ളൂ എന്നാണ് കമ്പനികൾ അറിയിച്ചത്. അതുകൊണ്ടുതന്നെ പീഡനം നടന്നതായി പറയപ്പെടുന്ന ദിവസം ഇവര്‍ ഒരേ ലൊക്കേഷനില്‍ ആയിരുന്നോ എന്നു കണ്ടെത്താനായിട്ടില്ല. ഇവർ ഒരേ സ്ഥലത്ത് ഉണ്ടായിരുന്നോ എന്ന് തെളിയിക്കാൻ പര്യാപ്തമായ സി.സി.ടി.വി ദൃശ്യങ്ങളുമില്ല. പരാതിക്കാരിയുടെ ഭര്‍ത്താവ്, അമ്മ, പരിശോധന നടത്തിയ ഡോക്ടര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

പുറമേയ്ക്കു പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡോക്ടറുടെ മൊഴി. ബലാത്സംഗം നടന്നു എന്നതിന് ശാസ്ത്രീയ തെളിവ് ലഭ്യമായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹചര്യ തെളിവുകൾ അടിസ്ഥാനമാക്കിയാണ് ഈ ഘട്ടത്തിൽ അന്വേഷണം മുന്നോട്ടു പോകുന്നത്. ഇരയുടെ പരാതിയിൽ പോലീസ് കേസെടുത്ത ശേഷം മാർച്ചിൽ ആശുപത്രിയിലെത്തിയപ്പോൾ പ്രതി ഇരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയ്ക്കും തെളിവില്ല. സംഭവ സമയത്ത് ആശുപത്രിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് പ്രതിയുടെ ടവർ ലൊക്കേഷൻ. സഭയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ ലഘുലേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

You may also like:ടെലികമ്യൂണിക്കേഷൻ സിഐ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; അമ്മയും മകനും അറസ്റ്റിൽ

കേസ് ഒത്തുതീർപ്പാക്കുന്നതിനായി സഭാ നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പു ചർച്ചകൾ നടത്തിയെന്ന ആരോപണവും റിപ്പോർട്ടിൽ പോലീസ് തള്ളുന്നു. അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ  അറിയിച്ചു.

അതിനിടെ സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് മയൂഖ ജോണിയ്ക്കെതിരെ കഴിഞ്ഞ ദിവസം അപകീർത്തിക്കേസ് റജിസ്റ്റർ ചെയ്തിരുന്നു. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്.

You may also like:പാമ്പിന്റെ വിഷത്തിൽ നിന്നും മരുന്ന്; രക്തം വാർന്നുള്ള മരണം ഒഴിവാക്കാനുള്ള കണ്ടെത്തൽ

മൂരിയാട് എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ മുൻ ട്രസ്റ്റി സാബുവിന്റെ പരാതിയിലാണ് ആളൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡന കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ടു പോയിട്ടു എന്ന് മയൂഖ ജോണി ആരോപിച്ചിരുന്നു. ഇത് അപകീർത്തികരമാണ്. വാർത്താ സമ്മേളനത്തിലും തന്നെ മോശമായി പരാമർശിച്ചു എന്നാണ് സാബുവിന്റെ പരാതി.

ഭീഷണി നോട്ടീസ് മയൂഖയും സംഘവും തന്നെ കൊണ്ടിട്ടതാണ്. ഇതിന്റെ തെളിവുകൾ അടങ്ങിയ സിഡിയും കോടതിയിൽ സമർപ്പിച്ചുവെന്ന് പരാതിക്കാർ പറയുന്നു. തുടർന്ന് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തത്. എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിന്റെ ട്രസ്റ്റികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ ഇത് കള്ളക്കേസ് ആണെന്നും സാബു ഭീഷണി നോട്ടീസ് കൊണ്ടിടുന്നതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും മയൂഖ ജോണി പ്രതികരിച്ചിരുന്നു.
Published by: Naseeba TC
First published: July 17, 2021, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories