തിരുവനന്തപുരത്ത് മേയർ തെരഞ്ഞെടുപ്പ് നടത്തിയത് രണ്ട് ഘട്ടമായി; കാരണം എന്ത്?

ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ട് ഇടത് സ്ഥാനാർഥിക്കാണ് ലഭിച്ചതെങ്കിലും ചട്ടപ്രകാരം വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കില്ല.

News18 Malayalam | news18-malayalam
Updated: November 12, 2019, 1:40 PM IST
തിരുവനന്തപുരത്ത് മേയർ തെരഞ്ഞെടുപ്പ് നടത്തിയത് രണ്ട് ഘട്ടമായി; കാരണം എന്ത്?
corporation
  • Share this:
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വി.കെ പ്രശാന്ത് വിജയിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിൽ പുതിയ മേയറെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് നടത്തിയത് രണ്ട് ഘട്ടമായി. തെരഞ്ഞെടുപ്പിൽ ശ്രീകുമാർ (എൽഡിഎഫ്), എം.ആർ ഗോപൻ (ബിജെപി), ഡി. അനിൽകുമാർ (യുഡിഎഫ്) എന്നിവരാണ് മത്സരിച്ചത്. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടത്തിയത്.

എന്തുകൊണ്ട് രണ്ട് ഘട്ടം?

മൂന്ന് സ്ഥാനാര്‍ഥികള്‍ മത്സരിച്ചാൽ  ഒന്നാംസ്ഥാനത്ത് വരുന്നയാള്‍ക്ക് മറ്റു രണ്ട് പേര്‍ക്കും കൂടി ലഭിച്ചതിനേക്കാള്‍ ഒരുവോട്ട് എങ്കിലും കൂടുതല്‍ വേണമെന്നതാണ് ചട്ടം. അല്ലാത്തപക്ഷം മൂന്നാംസ്ഥാനത്ത് വന്നയാളെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ്‌  നടത്തണം.

തിരുവനന്തപുരത്ത് സംഭവിച്ചത്

ഒന്നാം ഘട്ട വോട്ടെടുപ്പിൽ ശ്രീകുമാർ - 42, എം ആർ ഗോപൻ - 34, ഡി. അനിൽകുമാർ - 20  എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. മൂന്ന് വോട്ട് അസാധുവാകുകയും ചെയ്തു. ഏറ്റവും കൂടുതൽ വോട്ട് ഇടത് സ്ഥാനാർഥിക്കാണ് ലഭിച്ചതെങ്കിലും ചട്ടപ്രകാരം വിജയിയായി പ്രഖ്യാപിക്കാൻ സാധിക്കില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള സ്ഥാനാർഥികൾക്ക് കിട്ടിയതിനേക്കാൾ ഒരു വോട്ട് പോലും കൂടുതൽ നേടാനാകാത്തതാണ് അതിനു കാരണം.

ഇതേത്തുടർന്നാണ് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടത്തിയത്. ഈ വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ യു.ഡി.എഫ് ഒഴിവാക്കും. അങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചയാളെ രണ്ടാം ഘട്ടത്തിൽ വിജയിയായി പ്രഖ്യാപിക്കും.

ഒറ്റ ഘട്ടമായി നടത്തിയാൽ എന്ത് സംഭവിക്കും?

അടുത്തിടെ ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വരണാധികാരി റദ്ദാക്കിയിരുന്നു. വരണാധികാരി വരുത്തിയ പിഴവിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടി വന്നത്. എല്‍ഡിഎഫ് വിമതന്‍ ടിഎം റഷീദിന് 12 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥി സിറാജിന് 11 വോട്ടും ലൈല പരീതിന് 3 വോട്ടും ലഭിച്ചു.

വരണാധികാരി കൂടുതൽ വോട്ട് കിട്ടിയ റഷീദിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ യുഡിഎഫ് സ്ഥാനാര്‍ഥി ചട്ടം ചൂണ്ടിക്കാട്ടിയപ്പോൾ വരണാധികാരി സമ്മതിച്ചു തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.

Also Read ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ് റദ്ദാക്കി: കാരണം എന്ത് ?

 
First published: November 12, 2019, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading