• HOME
 • »
 • NEWS
 • »
 • kerala
 • »
 • എം.ബി രാജേഷ് നിയമസഭാ സ്പീക്കർ; സഭാനാഥനാകുന്ന ഇരുപത്തി ഒന്നാമത്തെ വ്യക്തി

എം.ബി രാജേഷ് നിയമസഭാ സ്പീക്കർ; സഭാനാഥനാകുന്ന ഇരുപത്തി ഒന്നാമത്തെ വ്യക്തി

രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.

എം.ബി രാജേഷ്

എം.ബി രാജേഷ്

 • Last Updated :
 • Share this:
  തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ എം ബി രാജേഷിന് ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ യു.ഡി.എഫിലെ പി.സി വിഷ്ണുനാഥിന് 40 വോട്ട് മാത്രമാണ് ലഭിച്ചത്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.   രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. കേരള നിയമസഭയിലെ ഇരുപത്തി ഒന്നാമത്തെ സ്പീക്കറാണ് എം.ബി രാജേഷ്.

  ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാൻ, കോവളം എംഎൽഎ എം വിൻസന്റ്, നെന്മാറ എംഎൽഎ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

  Also Read 'ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല; പ്രതികരിക്കേണ്ടത് നമ്മുടെ കടമ'; സലിം കുമാര്‍

  ഇരുപത്തി മൂന്നാമത്തെ സ്പീക്കർ തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. എന്നാൽ കേരള നിയമസഭയുടെ ഇരുപത്തി ഒന്നാമത്തെ സ്പീക്കർ ആയിട്ടാണ് എം.ബി.രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. വക്കം പുരുഷോത്തമൻ (7, 11 നിയമസഭകൾ), തേറമ്പില്‍ രാമകൃഷ്ണൻ (9, 11 നിയമസഭകൾ) എന്നിവർ രണ്ടു തവണ വീതം സ്പീക്കറായിരുന്നതുകൊണ്ടാണ് ഈ വ്യത്യാസം. രണ്ടാം നിയമസഭയിൽ മൂന്നും 4, 6, 7, 9, 11, 13 നിയമസഭകളിൽ രണ്ടു വീതവും സ്പീക്കർമാരുണ്ടായി.

  Also Read എഫ്‌.സി.ഐയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി രൂപ; ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

  കന്നി പ്രവേശനത്തിൽ തന്നെ സ്പീക്കർ പദവിയിലെത്തിയ വ്യക്തിയാണ് എം.ബി. രാജേഷ്. നിയമസഭയിൽ എത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാകുന്നത് ആദ്യമാണ്. നിയമസഭയിലെ ആദ്യ അവസരത്തിൽ സ്പീക്കറായ മറ്റു രണ്ടുപേർ കൂടിയുണ്ട് – ടി.എസ്, ജോൺ, എ.സി. ജോസ്. ഇരുവരും എംഎൽഎ എന്ന നിലയിലെ ആദ്യ ടേമിന്റെ അവസാന കാലത്താണ് സ്പീക്കറായത്. നാലാം നിയമസഭയിൽ അഞ്ചേകാൽ വർഷം കഴിഞ്ഞ് 1976 ഫെബ്രുവരി 17ന് ടി.എസ്. ജോണും ആറാം നിയമസഭയിൽ രണ്ടു വർഷം കഴിഞ്ഞ് 1982 ഫെബ്രുവരി 3ന് എ.സി. ജോസും സ്പീക്കർ ആയിട്ടുണ്ട്.

  മുഖ്യമന്ത്രിയുടെ അഭിനന്ദന പ്രസംഗം

  അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വമാണ്. സ്പീക്കർമാരുടെ നിരയിൽ പ്രഗത്ഭരുടെ നിരയാണ് നാം കണ്ടത്. ആ വ്യക്തിത്വത്തിന് എല്ലാ അർത്ഥത്തിലും ചേരുന്ന ഒരാളെ തന്നെ ഇത്തവണയും തെരഞ്ഞെടുക്കാനായി. എംബി രാജേഷിനെ അഭിനന്ദിക്കുന്നു. സഭയുടെ ആഹ്ലാദകരമായ മനോഭാവം ആത്മാർത്ഥമായി പങ്കുവെക്കുന്നു. ജനാധിപത്യപരമായ നിയമസഭാംഗങ്ങളുടെ കടമ അർത്ഥപൂർണമായി സഭയിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്പീക്കർക്ക് കഴിയട്ടെ. അദ്ദേഹത്തിന് അത് സാധ്യമാകുന്ന തരത്തിൽ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നു. സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സർക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കർക്ക് കഴിയട്ടെ.

  സഭയുടെ പൊതുവായ ശബ്ദമാണ് സ്പീക്കറിൽ നിന്ന് ഉയർന്ന് കേൾക്കേണ്ടത്. ആ നിലയ്ക്ക് ശബ്ദമാകാൻ അദ്ദേഹത്തിന് സാധിക്കട്ടെ. ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് സഹകരണം ഉണ്ടാകണമെന്ന് സഭയിലെ ഓരോ അംഗത്തെയും ഓർമ്മിപ്പിക്കുന്നു. എങ്കിലേ സ്പീക്കർക്ക് സഭയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാനാവൂ. എംബി രാജേഷ് വിവിധ തലങ്ങളിൽ പ്രവർത്തിച്ചതിന്റെ അറിവുള്ള വ്യക്തിയാണ്. ഏത് ഗഹനമായ വിഷയവും ലളിതമായി ചർച്ചയിൽ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷ ബഹുമാനവും മാന്യതയും പക്വതയും വിടാതെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം പ്രശംസനീയമാണ്.


  Published by:Aneesh Anirudhan
  First published: