• HOME
 • »
 • NEWS
 • »
 • kerala
 • »
 • MC Josephine| അവസാനനിമിഷവും പാർട്ടി പ്രവർത്തകർക്കിടയില്‍; കേന്ദ്ര കമ്മിറ്റിവരെ സംഘടനാ രംഗത്ത് നിറഞ്ഞുനിന്ന പെൺപോരാളി

MC Josephine| അവസാനനിമിഷവും പാർട്ടി പ്രവർത്തകർക്കിടയില്‍; കേന്ദ്ര കമ്മിറ്റിവരെ സംഘടനാ രംഗത്ത് നിറഞ്ഞുനിന്ന പെൺപോരാളി

സ്ത്രീകൾക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒട്ടനേകം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന കാലത്താണ് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറുന്നത്.

 • Last Updated :
 • Share this:
  കണ്ണൂർ: ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിലായിരുന്നു എം സി ജോസഫൈൻ (MC Josephine). സംഘടനാ രംഗത്ത് പെൺപോരാളിയായി ജീവിതം പാര്‍ട്ടിക്ക് വേണ്ടി മാറ്റി വച്ച എം സി ജോസഫൈന്‍, ഒടുവില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനനഗരയില്‍ വച്ച് വിടവാങ്ങി. സമാപന ദിവസത്തെ ജോസഫൈന്റെ മരണം പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ നേതാക്കളെയും പ്രവർത്തകരെയെല്ലാം ദുഃഖത്തിലാഴ്ത്തി.

  പഠനകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലായിരുന്നെങ്കിലും അടിയന്തരാവസ്ഥക്ക് ശേഷമാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് ജോസഫൈൻ ചുവടുവെയ്ക്കുന്നത്. പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ട്ടിയുടെ സംഘടനാരംഗത്ത് നിറസാന്നിധ്യമായിരുന്നു. സ്ത്രീകൾക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടന്നുവരാന്‍ കുടുംബപരവും സാമൂഹ്യവുമായ ഒട്ടനേകം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്ന കാലത്താണ് ജോസഫൈന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറുന്നത്.

  1948ല്‍ വൈപ്പിന്‍ മുരുക്കുംപാടത്താണ് ജോസഫൈന്റെ ജനനം. മാതാപിതാക്കള്‍ മാപ്പിളശേരി ചവരയും മഗ്ദലനയും. മുരുക്കുംപാടം സെന്‍റ് മേരീസ് സ്കൂള്‍, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂള്‍, ആലുവ സെന്‍റ് സേവിയേഴ്സ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. വിദ്യാര്‍ഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് ജോസഫൈന്‍ ചെങ്കൊടിയേന്തുന്നത്. 30ാം വയസ്സില്‍ പാര്‍ട്ടി അംഗം. ഒമ്പതു വര്‍ഷത്തിനുശേഷം മുപ്പത്തിയൊമ്പതാം വയസ്സില്‍ ജോസഫൈന്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. 2002ല്‍ കേന്ദ്ര കമ്മിറ്റിയിലുമെത്തി.

  Also Read- MC Josephine Passes away | സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

  1978ല്‍ ജോസഫൈന്‍ സിപിഎം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചില്‍ അംഗമായി. പിന്നീട് കെഎസ്‌വൈഎഫ് ബ്ലോക്ക് തല പ്രവര്‍ത്തകയായി യുവജന മേഖലയില്‍ ജോസഫൈന്‍ തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. കെഎസ്‌വൈഎഫിന്റെ സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകള്‍ എന്ന ബഹുമതി പി കെ ശ്രീമതിക്കും ജോസഫൈനുമാണ്. 1978 മുതല്‍ മഹിളാ സംഘടനയുടെ ഭാഗമായി. പിന്നീട് പാര്‍ട്ടി മുഴുവന്‍ സമയപ്രവര്‍ത്തകയാകാന്‍ ആവശ്യപ്പെട്ടപ്പോഴും മഹിളാ അസോസിയേഷന്‍ തന്നെയായിരുന്നു ജോസഫൈന്റെ പ്രധാന പ്രവര്‍ത്തന മേഖല. സംഘടനയുടെ ജില്ലാ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ സംസ്ഥാന കമ്മറ്റിയിലേക്കും 2002ല്‍ പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റിയിലേക്കും എത്തി.

  സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം വഹിക്കുമ്പോഴാണ് ജോസഫൈനെതിരെയുളള വിവാദങ്ങള്‍ ശക്തമായത്. അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോള്‍ തന്നെ ജോസഫൈന്റെ പല തീരുമാനങ്ങളും പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയിലേക്ക് മാത്രം ചുരുങ്ങി പോയി എന്നായിരുന്നു പ്രധാന വിമര്‍ശനം. കൂടാതെ കര്‍ക്കശമായ സ്വഭാവ സവിശേഷതയും പലപ്പോഴും ജോസഫൈനെ വിവാദങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.

  Also Read- MC Josephine | എംസി ജോസഫൈന്റെ മൃതദേഹം പഠനാവശ്യത്തിന് കളമശേരി മെഡിക്കല്‍ കോളജിന് വിട്ടുനല്‍കും

  എങ്കിലും ജോസഫൈന്‍ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകയായിരുന്നു. സൂര്യനെല്ലി കേസിലെ അതിജീവിതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഇടപെടല്‍ നടത്തിയതും ജോസഫൈനായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയായിരിക്കെ പല ചൂഷണ കേസുകളും പൊതുമധ്യത്തില്‍ എത്തുന്നതിന് ജോസഫൈന്റെ ഇടപെടലുകള്‍ നിര്‍ണായകമായി.

  ഒരു കാലത്ത് വി എസ് അച്യുതാനന്ദന്‍റെ മുന്നണിപ്പോരാളിയായിരുന്നു ജോസഫൈന്‍. പക്ഷേ അപ്പോഴും പാര്‍ട്ടിയുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം പോയിട്ടില്ല ജോസഫൈന്‍റെ നിലപാടുകള്‍. കാരണം പാര്‍ട്ടിയോളം വലുതല്ല ജോസഫൈന് മറ്റൊന്നും.

  2006ല്‍ മട്ടാഞ്ചേരിയിലും 2011ല്‍ കൊച്ചിയിൽനിന്നും നിയമസഭയിലേക്കു മത്സരിച്ചെങ്കിലും വലതുകോട്ടകളില്‍ വിജയം അന്യമായി. 2007ല്‍ ജിസിഡിഎ ചെയര്‍പേഴ്സണായി. 2016ല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും. വിവാഹത്തിലൂടെ കര്‍മഭൂമിയായി മാറിയ അങ്കമാലിയുടെ നഗരസഭാ കൗണ്‍സിലറുമായിരുന്നു ഒന്നര പതിറ്റാണ്ടോളം ജോസഫൈന്‍.
  Published by:Rajesh V
  First published: