തിരുവനന്തപുരം: ബംഗാളിലെ മനുഷ്യാവകാശ ലംഘനങ്ങളും തൃണമൂല്‍ അക്രമികള്‍ നടത്തുന്ന നരനായാട്ടും കേരളത്തിലെ മാധ്യമങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്കാരിക നായകരും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ചെറിയ അക്രമങ്ങളെ പോലും പര്‍വ്വതീകരിച്ച് കാട്ടി ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ പശ്ചിമബംഗാളിലെ ജനാധിപത്യ ലംഘനങ്ങളോടും മനുഷ്യക്കുരുതികളോടും കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നതെന്നും സുധീര്‍ പറഞ്ഞു. ബംഗാളിലെ മമതാബാനര്‍ജി സര്‍ക്കാരിന്റെ മനുഷ്യക്കുരുതിക്കെതിരെയും കേന്ദ്ര മന്ത്രി വി.മുരളീധരനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടികജാതിമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു സുധീര്‍.
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ചവരെയും മത്സരിച്ചവരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമാണ് പശ്ചിമബംഗാളില്‍. മമത നിയന്ത്രിക്കുന്ന പോലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്തവര്‍ക്ക് ബംഗാളില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സിപിഎമ്മുകാരും കോണ്‍ഗ്രസ്സുകാരും ആക്രമിക്കപ്പെടുകയോ സ്വന്തം ദേശത്തു നിന്ന് അടിച്ചോടിക്കപ്പെടുകയോ ചെയ്യുന്നു. അവര്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ അഭയം തേടുന്നു. മമതാബാനര്‍ജി ജനാധിപത്യത്തെയാകെ വെല്ലുവിളിച്ച് അധികാരത്തിന്റെ ഭ്രാന്ത് കാട്ടുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കുന്ന കേരളത്തിലെ മാധ്യമങ്ങളുടെ സമീപനം അംഗീകരിക്കാനാകില്ല.
ആക്രമിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രമന്ത്രി വി.മുരളീധരനും സംഘവും അവിടെയെത്തിയത്. അദ്ദേഹത്തിനെതിരെ ഉണ്ടായ അക്രമം അപലപനീയമാണ്. കേന്ദ്രമന്ത്രിക്കു പോലും സൈ്വര്യമായി സഞ്ചരിക്കാന്‍ കഴിയാത്ത തരത്തില്‍ ബംഗാളിലെ ക്രമസമാധാനനില തകര്‍ന്നതായും സുധീര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധത്തില്‍ മമമാബാനര്‍ജിയുടെ കോലംകത്തിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. സ്വപ്നജിത്ത്, ജില്ലാ അധ്യക്ഷന്‍ വിളപ്പില്‍ സന്തോഷ്, സംസ്ഥാന ഐടി കണ്‍വീനര്‍ പ്രശാന്ത് മുട്ടത്തറ, ജില്ലാ ജനറല്‍ സെക്രട്ടരി രതീഷ് പുഞ്ചക്കരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇന്നു രാവിലെയാണ് ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ വ്യാപക അക്രമം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പശ്ചിമ മിഡ്നാപൂരിലെ പഞ്ച്കുടി എന്ന സ്ഥലത്തുവച്ചാണ് അക്രമം. തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിൽ എന്ന് മുരളീധരൻ ആരോപിച്ചു. വണ്ടിയുടെ ചില്ലുകൾ തകർത്തു, പേർസണൽ സ്റ്റാഫിനെ ആക്രമിച്ചു, അതിനാൽ സന്ദർശനം ചുരുക്കിയതായി മുരളീധരൻ അറിയിച്ചു.
പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അനിഷ്ടസംഭവങ്ങൾ ഒട്ടേറെ അരങ്ങേറിയിരുന്നു. നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗവർണർ ജഗദീപ് ധൻഖറിനെ വിളിച്ച് സംസ്ഥാനത്തെ 'ഭയാനകമായ അവസ്ഥ'യെക്കുറിച്ച് അന്വേഷിച്ചു. “അക്രമ നശീകരണം, തീപിടുത്തം, കൊള്ള, കൊലപാതകം എന്നിവ നിർബാധം തുടരുന്നുന്നതിൽ ഞാൻ ശക്തമായി അപലപിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ പ്രവർത്തിക്കണം, ”ധൻഖർ ട്വീറ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.