തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ ഓപ്ഷന് ക്ഷണിച്ച എട്ടു മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ പ്രവേശനാനുമതിയില്ല. പട്ടികജാതി-വര്‍ഗ വകുപ്പിനുകീഴിലെ പാലക്കാട് മെഡിക്കല്‍ കോളേജും അനുമതി നിഷേധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ കോളേജുകളിലേക്ക് ഓപ്ഷന് ക്ഷണിക്കരുതെന്ന് ആരോഗ്യ സര്‍വകലാശാല ആവശ്യപ്പെട്ടിരുന്നെങ്കിലും അതു തള്ളിയായിരുന്നു കമ്മിഷണര്‍ അലോട്ട്മെന്റ് നടപടികള്‍ തുടങ്ങിയത്.
അനുമതിയില്ലാത്തതിനാല്‍ ഈ കോളേജുകളുടെ പട്ടിക പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യ സര്‍വകലാശാല കൈമാറിയിരുന്നുമില്ല. സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ഈ കോളേജുകളെയും പ്രവേശനപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍-സര്‍വകലാശാല തര്‍ക്കത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എന്നാല്‍, ഈ കോളേജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി കിട്ടിയിട്ടുണ്ട്.
Also Read: ഫീസ് വര്‍ധിപ്പിച്ചാല്‍ നിര്‍ധനരായ 10 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് മെഡിക്കല്‍ മാനേജ്മെന്റുകള്‍
ഇതില്‍ ചില കോളേജുകള്‍ക്ക് ഇക്കൊല്ലം കൗണ്‍സിലിന്റെ സ്ഥിരാംഗീകാരവും ലഭിച്ചിരുന്നു. പലയിടത്തും പഠനസൗകര്യവും ആവശ്യത്തിന് അധ്യാപകരുമില്ല, ആവശ്യത്തിന് രോഗികളില്ല തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് ഇവിടങ്ങളില്‍ അനുമതി ലഭിക്കാത്തത്. എന്നാല്‍ കൗണ്‍സില്‍ അനുമതി ലഭിച്ചതിനാല്‍ കോളേജുകള്‍ക്ക് സര്‍വകലാശാലയുടെ അനുമതി കിട്ടാന്‍ പ്രയാസമുണ്ടാകില്ലെന്ന നിഗമനത്തിലാണ് ഓപ്ഷന് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അനുമതിയില്ലാത്ത കോളേജുകളില്‍ ഓപ്ഷന് നല്‍കുന്നത് വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കും.
ജൂലായ് 15നു ചേരുന്ന സര്‍വകലാശാലാ ഗവേണിങ് കൗണ്‍സില്‍ ഈ വിഷയം വീണ്ടും പരിഗണിക്കുന്നുണ്ട്. അതിനു മുന്നോടിയായി കുറവുകള്‍ പരിഹരിക്കുന്ന കോളേജുകള്‍ക്ക് ഗവേണിങ് കൗണ്‍സില്‍ അനുമതി നല്‍കാനും സാധ്യതയുണ്ട്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍, ഡി.എം. വയനാട്, പാലക്കാട് കരുണ, ശ്രീനാരായണ എറണാകുളം, അല്‍ അസര്‍ തൊടുപുഴ, മൗണ്ട് സിയോണ്‍ പത്തനംതിട്ട, എസ്.യു.ടി. തിരുവനന്തപുരം എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് നിലവില്‍ പ്രവേശനാനുമതി ഇല്ലാത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.