• HOME
 • »
 • NEWS
 • »
 • kerala
 • »
 • വിദ്യാര്‍‌ഥികള്‍ക്ക് രാത്രി 9.30നുശേഷവും ഹോസ്റ്റലിന് പുറത്തിറങ്ങാം എന്ന രീതിയിൽ ഉത്തരവ് പുതുക്കിയിറക്കണമെന്ന് ഹൈക്കോടതി

വിദ്യാര്‍‌ഥികള്‍ക്ക് രാത്രി 9.30നുശേഷവും ഹോസ്റ്റലിന് പുറത്തിറങ്ങാം എന്ന രീതിയിൽ ഉത്തരവ് പുതുക്കിയിറക്കണമെന്ന് ഹൈക്കോടതി

പുതിയ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കിയെന്ന് വിലയിരുത്താൻ ജനുവരി 31-ന് ഹർജി വീണ്ടും പരിഗണിക്കും.

Kerala High Court

Kerala High Court

 • Share this:

  കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക്  ആവശ്യമെങ്കിൽ രാത്രി 9.30നുശേഷവും ഹോസ്റ്റലിൽനിന്ന് പുറത്തുപോകാം എന്നതടക്കമുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കാരിന്റെ പുതിയ ഉത്തരവ് പുതുക്കി ഇറക്കാൻ ഹൈക്കോടതി നിർദേശിച്ചു. മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയക്രമവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിനികളുടെ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

  വാർഡനിൽനിന്നുള്ള പ്രത്യേക അനുമതിയോടെ കാമ്പസിലേക്ക് പോകാം എന്നതടക്കമുള്ള ഇളവുകളാണ് സർക്കാർ  മുന്നോട്ടുവെച്ചത്. കുടുംബകാര്യങ്ങൾക്കോ മറ്റോ ആയി കാമ്പസിന് പുറത്തേക്കുപോകാൻ രക്ഷിതാക്കൾ രേഖമൂലം നൽകിയ ശുപാർശയുണ്ടെങ്കിൽ അനുമതിനൽകാം. മതിയായ കാരണമില്ലാതെ ഇത്തരം ആവശ്യങ്ങൾ നിഷേധിക്കരുത്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുതുക്കി ഇറക്കാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.

  ഹോസ്റ്റലുകളില്‍ പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ കോഴിക്കോട്, തൃശ്ശൂർ, എറണാകുളം മെഡിക്കൽ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. യു.ജി.സി. റെഗുലേഷൻ പ്രകാരമുള്ള ആഭ്യന്തര ലൈംഗികാതിക്രമ പ്രതിരോധ കമ്മിറ്റി എല്ലാ കോളേജുകളിലും രണ്ടുമാസത്തിനുള്ളിൽ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.

  Also Read-വിദ്യാര്‍ഥിനികള്‍ക്ക് രാത്രി ക്യാമ്പസിലേക്ക് പോകാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍റെ അനുമതി വേണം; പുറത്തുപോകാന്‍ രക്ഷിതാക്കളുടെ അനുവാദം വേണമെന്ന് ഹൈക്കോടതി

  വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരുവിധത്തിലുള്ള വിവേചനവും ഇല്ലെന്ന് ഉറപ്പാക്കുന്ന യുജിസി റെഗുലേഷൻ നടപ്പാക്കാനും  കോടതി നിർദേശം നൽകി. ഹോസ്റ്റൽ എപ്പോഴും തുറന്നുവെക്കണം എന്നതിൽ ഇപ്പോൾ ഉത്തരം പറയാനാകില്ല. അതിനായി സമൂഹവും മാറണം. സുരക്ഷയും ഉറപ്പാക്കണം. സർക്കാരിന്റെ പുതിയ ഉത്തരവ് രക്ഷിതാക്കളുടെ ഉത്കണ്ഠയും വിദ്യാർഥികളുടെ താത്‌പര്യവും കണക്കിലെടുക്കുന്നതാണ്. പുറത്തുപോകുന്നകാര്യത്തിൽ മാത്രമാണ് എതിർപ്പ് ഉയര്‍ന്നത്. ഇതിലും ഇപ്പോൾ ഇളവ് അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.

  പുതിയ നിർദേശങ്ങൾ എങ്ങനെ നടപ്പാക്കിയെന്ന് വിലയിരുത്താൻ ജനുവരി 31-ന് ഹർജി വീണ്ടും പരിഗണിക്കും. അതേസമയം എൻജിനിയറിങ് കോളേജ് ഹോസ്റ്റലിലും ഇളവ് വേണമെന്ന ആവശ്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ഈ വിഷയം ജനുവരി 10-ന് പരിഗണിക്കും.

  ഹർജിക്കാർ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിച്ചു.സർക്കാരിന്റെ ചിന്തപോലും മാറ്റാൻ അവർക്കായി. പുതിയകാലത്തെ കുട്ടികളാണിവർ. അവർ നിയന്ത്രണങ്ങളെ അംഗീകരിക്കില്ല. അക്കാര്യത്തിൽ അവരുടെ നിലപാട് ശരിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണത്തെയാണ് അവർ ചോദ്യംചെയ്തതെന്നും കോടതി വിലയിരുത്തി.  എംബിബിഎസ് വിദ്യാര്‍ഥികളായ ഫിയോണ ജോസഫ്, ഗീതു കൃഷ്ണ, തെസ്‌നി ബാനു എന്നിവരായിരുന്നു ഹർജിക്കാർ.

  Published by:Arun krishna
  First published: